1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: 2 “ദീപങ്ങൾ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽ മക്കൾ നിലവിളക്കിന് ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരണമെന്ന് അവരോടു കല്പിക്കുക. 3 സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്റെ[a] തിരശ്ശീലയ്ക്കു പുറത്തു വൈകുന്നേരംമുതൽ രാവിലെവരെ കത്തേണ്ടതിന് അഹരോൻ അത് യഹോവയുടെ സന്നിധിയിൽ നിത്യം ഒരുക്കിവയ്ക്കണം; ഇത് തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള നിയമം ആകുന്നു. 4 അവൻ നിത്യവും യഹോവയുടെ സന്നിധിയിൽ തങ്കനിലവിളക്കിന്മേൽ ദീപങ്ങൾ ഒരുക്കിവയ്ക്കണം.
5 “നീ നേരിയ മാവ് എടുത്ത് അതുകൊണ്ട് പന്ത്രണ്ട് ദോശ ചുടണം; ഓരോ ദോശ രണ്ടിടങ്ങഴി[b] മാവുകൊണ്ട് ആയിരിക്കണം. 6 അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ട് അടുക്കായിട്ട് ഓരോ അടുക്കിൽ ആറുവീതം വെക്കണം. 7 ഓരോ അടുക്കിന്മേൽ നിർമ്മലമായ കുന്തുരുക്കം വയ്ക്കേണം; അത് അപ്പത്തിന്മേൽ നിവേദ്യമായി[c] യഹോവയ്ക്കു ദഹനയാഗമായിരിക്കണം. 8 അവൻ അത് നിത്യനിയമമായിട്ടു യിസ്രായേൽ മക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവക്കണം. 9 അത് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കണം; അവർ അത് ഒരു വിശുദ്ധസ്ഥലത്തുവച്ച് ഭക്ഷിക്കണം; അത് അവനു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു”.
10 അനന്തരം ഒരു യിസ്രായേല്യസ്ത്രീയുടെയും ഒരു ഈജിപ്റ്റുകാരന്റെയും മകനായ ഒരുവൻ യിസ്രായേൽ മക്കളുടെ മദ്ധ്യേ ചെന്ന്; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രായേല്യേനും തമ്മിൽ പാളയത്തിൽവച്ചു ശണ്ഠകൂടി. 11 യിസ്രായേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ട് അവർ അവനെ മോശെയുടെ അടുക്കൽ കൊണ്ടുവന്നു; അവന്റെ അമ്മയ്ക്ക് ശെലോമീത്ത് എന്നു പേര്. അവൾ ദാൻഗോത്രത്തിൽ ദിബ്രി എന്നൊരുവന്റെ മകളായിരുന്നു. 12 യഹോവയുടെ അരുളപ്പാട് കിട്ടേണ്ടതിന് അവർ അവനെ തടവിൽവച്ചു.
13 അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: 14 “ശപിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോകുക; കേട്ടവർ എല്ലാവരും അവന്റെ തലയിൽ കൈവച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലണം. 15 എന്നാൽ യിസ്രായേൽ മക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ‘ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപം വഹിക്കും. 16 യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം; സഭയൊക്കെയും അവനെ കല്ലെറിയണം; പരദേശിയാകട്ടെ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം. 17 മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം. 18 മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനു പകരം മൃഗത്തെ കൊടുക്കണം. 19 ഒരുവൻ കൂട്ടുകാരനു കേട്[d] വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നെ അവനോട് ചെയ്യണം. 20 ഒടിവിനു പകരം ഒടിവ്, കണ്ണിന് പകരം കണ്ണ്, പല്ലിനു പകരം പല്ല്; ഇങ്ങനെ അവൻ മറ്റേയാളിനു കേടുവരുത്തിയതുപോലെതന്നെ അവനും വരുത്തണം. 21 മൃഗത്തെ കൊല്ലുന്നവൻ അതിന് പകരം കൊടുക്കണം; എന്നാൽ മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം. 22 നിങ്ങൾക്ക് പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നെ ആയിരിക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു’ ”. 23 ദുഷിച്ചവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിയണമെന്നു മോശെ യിസ്രായേൽ മക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ചെയ്തു.
<- ലേവ്യപുസ്തകം 23ലേവ്യപുസ്തകം 25 ->