Link to home pageLanguagesLink to all Bible versions on this site
23
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2 “നീ യിസ്രായേൽ മക്കളോടു പറയേണ്ടത്: ‘എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ട യഹോവയുടെ ഉത്സവങ്ങൾ ഇവയാകുന്നു: 3 ആറ് ദിവസം ജോലി ചെയ്യണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്. അന്ന് ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു.

4 “ ‘അതതുകാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവയാകുന്നു: 5 ഒന്നാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ. 6 ആ മാസം പതിനഞ്ചാം തീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. 7 ഒന്നാം ദിവസം നിങ്ങൾക്ക് വിശുദ്ധസഭായോഗം ഉണ്ടാകണം; പതിവുള്ളജോലി യാതൊന്നും ചെയ്യരുത്. 8 നിങ്ങൾ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്ന് പതിവുള്ളജോലി യാതൊന്നും ചെയ്യരുത്’ ”.

9 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 10 “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങൾക്ക് തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. 11 നിങ്ങൾക്ക് പ്രസാദം ലഭിക്കേണ്ടതിന് അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യണം. ശബ്ബത്തിന്റെ പിറ്റെ ദിവസം പുരോഹിതൻ അത് നീരാജനം ചെയ്യണം. 12 കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങൾ യഹോവയ്ക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടിയെ അർപ്പിക്കണം. 13 അതിന്റെ ഭോജനയാഗം എണ്ണചേർത്ത രണ്ടിടങ്ങഴി*രണ്ടിടങ്ങഴി പത്തിൽ രണ്ട് ഏഫാ (എബ്രായ അളവ്). നേരിയ മാവ് ആയിരിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴിഒരു നാഴി ഒരു കിലോഗ്രാം, പുറപ്പാട് 29:40 നോക്കുക വീഞ്ഞ് ആയിരിക്കണം. 14 നിങ്ങളുടെ ദൈവത്തിനു വഴിപാട് കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുത്; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.

15 “ ‘ശബ്ബത്തിന്റെ പിറ്റെന്നാൾമുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയണം. 16 ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പത് ദിവസം എണ്ണി യഹോവയ്ക്കു പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം അർപ്പിക്കണം. 17 നീരാജനത്തിന് രണ്ടിടങ്ങഴി മാവുകൊണ്ട് രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരണം; അത് നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കണം; അത് യഹോവയ്ക്ക് ആദ്യവിളവ്. 18 അപ്പത്തോടുകൂടി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിൻകുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അർപ്പിക്കണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവയ്ക്കു ഹോമയാഗമായിരിക്കണം. 19 ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കണം. 20 പുരോഹിതൻ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ട് ആട്ടിൻകുട്ടിയോടുംകൂടി യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം; അവ പുരോഹിതനുവേണ്ടി യഹോവയ്ക്കു വിശുദ്ധമായിരിക്കണം. 21 അന്ന് തന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടണം; അന്ന് കഠിന ജോലി യാതൊന്നും ചെയ്യരുത്; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.

22 “ ‘നിങ്ങളുടെ നിലത്തിലെ വിളവ് എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തു കൊയ്യരുത്; കാലാ പെറുക്കുകയുമരുത്; അത് ദരിദ്രനും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു’ ”.

23 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 24 “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഏഴാം മാസം ഒന്നാം തീയതി നിങ്ങൾക്ക് കാഹളധ്വനിയുടെ അനുസ്മരണവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥസ്വസ്ഥ ശബത്ത് എന്നുമാകാം. ദിവസവുമായിരിക്കണം. 25 അന്ന് കഠിന ജോലി യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കണം’ ”.

26 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 27 “ഏഴാം മാസം പത്താം തീയതി പാപപരിഹാരദിവസം ആകുന്നു. അന്ന് നിങ്ങൾക്ക് വിശുദ്ധസഭായോഗം ഉണ്ടാകണം; നിങ്ങൾ ആത്മതപനം ചെയ്യുകയും§ആത്മതപനം ചെയ്യുകയും ഉപവാസിക്കുകയും എന്നുമാകാം. യഹോവയ്ക്കു ദഹനയാഗം അർപ്പിക്കുകയും വേണം. 28 അന്ന് നിങ്ങൾ യാതൊരു ജോലിയും ചെയ്യരുത്; അത് നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനുള്ള പാപപരിഹാരദിവസം. 29 അന്ന് ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. 30 അന്ന് ആരെങ്കിലും വല്ല ജോലിയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽനിന്ന് നശിപ്പിക്കും. 31 യാതൊരു ജോലിയും ചെയ്യരുത്; ഇതു നിങ്ങൾക്ക് തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കണം. 32 അത് നിങ്ങൾക്ക് സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്; അന്ന് നിങ്ങൾ ആത്മതപനം ചെയ്യണം. ആ മാസം ഒമ്പതാം തീയതി വൈകുന്നേരംമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കണം”.

33 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 34 “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഏഴാം മാസം പതിനഞ്ചാം തീയതിമുതൽ ഏഴു ദിവസം യഹോവയ്ക്ക് കൂടാരപ്പെരുന്നാൾ ആകുന്നു. 35 ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകണം; അന്ന് കഠിന ജോലി യാതൊന്നും ചെയ്യരുത്. 36 ഏഴു ദിവസം യഹോവയ്ക്ക് ദഹനയാഗം അർപ്പിക്കണം; എട്ടാം ദിവസം നിങ്ങൾക്ക് വിശുദ്ധസഭായോഗം ഉണ്ടാകണം; യഹോവയ്ക്കു ദഹനയാഗവും അർപ്പിക്കണം; അന്ന് പരിശുദ്ധമായ സമാപന സഭായോഗം*പരിശുദ്ധമായ സമാപന സഭായോഗം അന്ത്യസഭായോഗം എന്നും മലയാളം ബൈബിളിൽ കൊടുത്തിട്ടുണ്ട്. ; കഠിന ജോലി യാതൊന്നും ചെയ്യരുത്.

37 “ ‘യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേർച്ചകളും നിങ്ങൾ യഹോവയ്ക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ 38 അതത് ദിവസത്തിൽ യഹോവയ്ക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അർപ്പിക്കേണ്ടതിന് വിശുദ്ധസഭായോഗങ്ങൾ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവ തന്നെ.

39 “ ‘ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തീയതി യഹോവയ്ക്ക് ഏഴു ദിവസം ഉത്സവം ആചരിക്കണം; ആദ്യ ദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത. 40 ആദ്യ ദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈന്തപ്പനയുടെ കുരുത്തോലയും തഴച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കണം. 41 വർഷംതോറും ഏഴു ദിവസം യഹോവയ്ക്ക് ഈ ഉത്സവം ആചരിക്കണം; ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള നിയമം; ഏഴാം മാസത്തിൽ അത് ആചരിക്കണം. 42 ഞാൻ യിസ്രായേൽ മക്കളെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നപ്പോൾ 43 അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിയുവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കണം; യിസ്രായേലിലെ സ്വദേശികൾ ഒക്കെയും കൂടാരങ്ങളിൽ പാർക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു’ ”. 44 അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽ മക്കളോട് അറിയിച്ചു.

<- ലേവ്യപുസ്തകം 22ലേവ്യപുസ്തകം 24 ->