13 “സ്രവക്കാരൻ സ്രവം മാറി ശുദ്ധിയുള്ളവൻ ആകുമ്പോൾ ശുദ്ധീകരണത്തിനായി ഏഴു ദിവസം എണ്ണിയിട്ട് വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തിൽ കഴുകേണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും. 14 എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്ത് സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ വന്ന് അവയെ പുരോഹിതന്‍റെ പക്കൽ കൊടുക്കേണം. 15 പുരോഹിതൻ അവയിൽ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ അവന്‍റെ സ്രവത്തിനു പ്രായശ്ചിത്തം കഴിക്കേണം.
16 “ഒരുവന് ബീജം പോയാൽ അവൻ തന്‍റെ ദേഹം മുഴുവനും വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കുകയും വേണം. 17 ബീജം വീണ സകലവസ്ത്രവും എല്ലാ തോലും വെള്ളത്തിൽ കഴുകുകയും അത് സന്ധ്യവരെ അശുദ്ധമായിരിക്കുകയും വേണം. 18 പുരുഷനും സ്ത്രീയും തമ്മിൽ ബീജസ്ഖലനത്തോടുകൂടി ശയിച്ചാൽ ഇരുവരും വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധരായിരിക്കുകയും വേണം.
19 “ ‘ഒരു സ്ത്രീക്ക് സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. 20 അവളുടെ അശുദ്ധിയിൽ അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം; അവൾ ഏതിന്മേലെങ്കിലും ഇരുന്നാൽ അതൊക്കെയും അശുദ്ധമായിരിക്കണം. 21 അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം. 22 അവൾ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം. 23 അവളുടെ കിടക്കമേലോ അവൾ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കേണം. 24 ഒരുവൻ അവളോടുകൂടി ശയിക്കുകയും അവളുടെ അശുദ്ധി അവന്‍റെമേൽ ആകുകയും ചെയ്താൽ അവൻ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും. 25 ഒരു സ്ത്രീക്ക് ഋതുകാലത്തല്ലാതെ രക്തസ്രവം ഏറെ ദിവസം ഉണ്ടാകുകയോ ഋതുകാലത്തിനുമപ്പുറം സ്രവിക്കുകയോ ചെയ്താൽ അവളുടെ അശുദ്ധിയുടെ സ്രവകാലം എല്ലാം ഋതുകാലംപോലെ ഇരിക്കേണം; അവൾ അശുദ്ധയായിരിക്കേണം. 26 രക്തസ്രവമുള്ള കാലത്തെല്ലാം അവൾ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവൾ ഇരിക്കുന്ന സാധനമെല്ലാം ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കണം. 27 അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
28 “രക്തസ്രവം മാറി ശുദ്ധിയുള്ളവളായാൽ അവൾ ഏഴു ദിവസം എണ്ണിക്കൊള്ളണം; അതിന്‍റെശേഷം അവൾ ശുദ്ധിയുള്ളവളാകും. 29 എട്ടാം ദിവസം അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്ത് സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം. 30 പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവൾക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ അവളുടെ അശുദ്ധിയുടെ രക്തസ്രവംനിമിത്തം പ്രായശ്ചിത്തം കഴിക്കേണം.
31 “യിസ്രായേൽ മക്കളുടെ നടുവിലുള്ള എന്‍റെ നിവാസം അവർ അശുദ്ധമാക്കിയിട്ടു അവരുടെ അശുദ്ധികളിൽ മരിക്കാതിരിക്കേണ്ടതിനു നിങ്ങൾ യിസ്രായേൽ മക്കളെ അവരുടെ അശുദ്ധികളിൽനിന്ന് ഇങ്ങനെ അകറ്റണം.
32 “ഇതു സ്രവക്കാരനും ബീജസ്ഖലനത്താൽ അശുദ്ധനായവനും 33 ഋതുസംബന്ധമായ ദീനമുള്ളവൾക്കും സ്രവമുള്ള പുരുഷനും സ്ത്രീക്കും അശുദ്ധയോടുകൂടി ശയിക്കുന്നവനും ഉള്ള പ്രമാണം.”
<- ലേവ്യപുസ്തകം 14ലേവ്യപുസ്തകം 16 ->- a ജീനിയും മനുഷ്യൻ സഞ്ചരിക്കുവാൻ ഉപയോഗിക്കുന്ന മൄഗങ്ങളുടെ പുറത്തിടുന്ന ഇരിപ്പിടം.
Languages