Link to home pageLanguagesLink to all Bible versions on this site

ലേവ്യപുസ്തകം
ഗ്രന്ഥകര്‍ത്താവ്
എഴുത്തുകാരന്‍ മോശെ പുസ്തകത്തിന്റെ അവസാന വാക്യത്തില്‍ പറയുന്നു. “യിസ്രായേൽ മക്കൾക്കുവേണ്ടി യഹോവ സീനായി പർവ്വതത്തിൽവെച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവ തന്നെ” (27:34). ന്യായപ്രമാണത്തെ സംബന്ധിച്ച് പല ചരിത്ര സംഭവങ്ങളുടെയും വിവരണങ്ങള്‍ ഇതിലുണ്ട് (8:10; 24:10-23). പൌരോഹിത്യ ചുമതലകള്‍ നിര്‍വ്വഹിക്കുന്ന ലേവി ഗോത്രത്തിന്റെ പേരില്‍ നിന്നുമാണ് പുസ്തകത്തിന് പേര് ലഭിച്ചത്. ലേവ്യരുടെ പ്രശ്നങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, ആരാധനയില്‍ ജനത്തിനു ചെയ്യേണ്ട സേവനങ്ങളെ ക്കുറിച്ച് പുരോഹിതന്മാരോടുള്ള നിര്‍ദ്ദേശങ്ങള്‍ വിശുദ്ധജീവിതത്തിനു ജനത്തോടുള്ള കല്പനകള്‍ എന്നിവയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു 1,446 - 1,405.
ഈ പുസ്തകത്തിലെ നിയമങ്ങള്‍ ദൈവം സീനായ് പര്‍വ്വതത്തില്‍ വച്ച് മോശെക്കു കൊടുത്തവയാണ്.
സ്വീകര്‍ത്താവ്
ലേവ്യര്‍ പുരോഹിതര്‍ എല്ലാക്കാലത്തുമുള്ള യിസ്രയേല്‍ ജനത.
ഉദ്ദേശം
സമാഗമനകൂടാരത്തിൽവച്ച് മോശയെ ദൈവം വിളിക്കുന്നതെന്നാണ് ലേവ്യപുസ്തകം ആരംഭിക്കുന്നത് വീണ്ടെടുക്കപ്പെട്ട ദൈവജനത്തിന് മധ്യ വസിക്കുവാൻ ആഗ്രഹിക്കുന്ന തേജോമയനായ ദൈവവുമായി കൂട്ടായ്മ ബന്ധത്തിൽ നിലനിൽക്കാം എന്നുള്ളതിനെ കുറിച്ചാണ് ലേവ്യപുസ്തകം പ്രതിപാദിക്കുന്നത് ഈജിപ്തിലെ സംസ്കാരത്തെയും മതത്തെയും നിരാകരിച്ച ഇസ്രായേൽജനം കനാൻ നാട്ടിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ അവിടുത്തെ സംസ്കാരവും മതങ്ങളും ഒരുപക്ഷേ അവരെ സ്വാധീനിക്കാൻ സാധ്യതയുണ്ട് ഇത്തരത്തിലുള്ള പ്രവണതകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാനും അന്യ മതസംസ്കാരങ്ങളിൽ നിന്ന് വേർപാട് സൂക്ഷിക്കുവാനും ദൈവസന്നിധിയിൽ വിശ്വസ്തരായി നിലകൊള്ളുവാനും ലേവ്യപുസ്തകം ജനത്തെ ആഹ്വാനം ചെയ്യുന്നു.
പ്രമേയം
നിര്‍ദ്ദേശങ്ങള്‍
സംക്ഷേപം
1. യാഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ – 1:1-7:38
2. പുരോഹിതന്മാർക്കുള്ള നിര്‍ദ്ദേശങ്ങള്‍ – 8:1-10:20
3. ദൈവജനത്തിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ – 11:1-15:33
4. യാഗപീഠം, പാപപരിഹാര ദിനത്തോടുള്ള നിര്‍ദ്ദേശങ്ങള്‍ – 16:1-34
5. പ്രായോഗിക വിശുദ്ധി – 17:1-22:33
6. ശബത്ത്, പെരുന്നാള്‍, ഉത്സവങ്ങള്‍ – 23:1-25:55
7. അനുഗ്രഹത്തിനുള്ള വ്യവസ്ഥകൾ – 26:1-27:34

1 യഹോവ സമാഗമനകൂടാരത്തിൽവച്ചു മോശെയെ വിളിച്ച് അവനോട് അരുളിച്ചെയ്തത്: 2 “നീ യിസ്രായേൽ മക്കളോടു സംസാരിച്ച് അവരോടു പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്കു വഴിപാട് കൊണ്ടുവരുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാട് കൊണ്ടുവരണം.

3 “ ‘അവൻ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കണം; യഹോവയുടെ പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അവൻ അതിനെ സമാഗമനകൂടാരത്തിന്റെ വാതില്‍ക്കൽവച്ച് അർപ്പിക്കണം. 4 അവൻ ഹോമയാഗമൃഗത്തിന്റെ തലയിൽ കൈ വെക്കണം; എന്നാൽ ഹോമയാഗമൃഗം അവനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്ക് സ്വീകാര്യമാകും. 5 അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 6 അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു കഷണംകഷണമായി മുറിക്കണം. 7 പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ വിറക് അടുക്കി തീ കത്തിക്കണം. 8 പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ കഷണങ്ങളും തലയും കൊഴുപ്പും യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവക്കണം. 9 അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

10 “ ‘ഹോമയാഗത്തിനുള്ള അവന്റെ വഴിപാട് ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കണം. 11 അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവച്ച് അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 12 അവൻ അതിനെ തലയോടും മേദസ്സോടുംകൂടി കഷണംകഷണമായി മുറിക്കണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവക്കണം. 13 കുടലും കാലും അവൻ വെള്ളത്തിൽ കഴുകണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.

14 “ ‘യഹോവയ്ക്ക് അവന്റെ വഴിപാട് പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അർപ്പിക്കണം. 15 പുരോഹിതൻ അതിനെ യാഗപീഠത്തിന്റെ അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അതിന്റെ രക്തം യാഗപീഠത്തിന്റെ വശത്ത് പിഴിഞ്ഞുകളയണം. 16 അതിന്റെ ആമാശയം അകത്തുചെന്ന ഭക്ഷണത്തോടുക്കൂടി*അകത്തുചെന്ന ഭക്ഷണത്തോടുക്കൂടി ആമാശയം മലത്തോടുകൂടി പറിച്ചെടുത്ത് യാഗപീഠത്തിന്റെ അരികിൽ കിഴക്കുവശത്തു ചാരമിടുന്ന സ്ഥലത്ത് ഇടണം. 17 അതിനെ രണ്ടാക്കാതെ ചിറകോടുകൂടി പിളർക്കണം; പുരോഹിതൻ അതിനെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കണം; അത് ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

ലേവ്യപുസ്തകം 2 ->