11 ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി നറുക്കു വീണു; അവരുടെ അവകാശദേശത്തിന്റെ അതിർ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ ആയിരുന്നു. 12 അവരുടെ വടക്കെ അതിർ യോർദ്ദാനിൽ തുടങ്ങി യെരിഹോവിന്റെ പാർശ്വംവരെ ചെന്ന് പടിഞ്ഞാറോട്ട് മലനാട്ടിൽകൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിൽ അവസാനിക്കുന്നു. 13 അവിടെനിന്ന് ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്ന് താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്ക് ഇറങ്ങുന്നു. 14 പിന്നെ ആ അതിർ വളഞ്ഞ് പടിഞ്ഞാറെ വശത്ത് ബേത്ത്-ഹോരോന് എതിരെയുള്ള മല മുതൽ തെക്കോട്ട് തിരിഞ്ഞ് യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലയിൽ അവസാനിക്കുന്നു. ഇതുതന്നെ പടിഞ്ഞാറെ അതിർ. 15 തെക്കെ അതിർ കിര്യത്ത്-യെയാരീമിന്റെ സമീപത്ത് നിന്ന് തുടങ്ങി പടിഞ്ഞാറോട്ട് നെപ്തോഹ ഉറവുവരെ ചെല്ലുന്നു. 16 പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്വരക്കെതിരെയും രെഫയീം താഴ്‌വരയുടെ വടക്കുവശത്തുള്ള മലയുടെ അറ്റംവരെ ചെന്ന് ഹിന്നോം താഴ്‌വരയിൽ കൂടെ തെക്കോട്ട് യെബൂസ്യപർവ്വതത്തിന്റെ പാർശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി 17 വടക്കോട്ട് തിരിഞ്ഞ് ഏൻ-ശേമെശിലേക്കും അദുമ്മീം കയറ്റത്തിനെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി 18 അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്ക് കടന്ന് അരാബയിലേക്ക് ഇറങ്ങുന്നു. 19 പിന്നെ ആ അതിർ വടക്കോട്ട് ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്ന് തെക്ക് യോർദ്ദാന്റെ നദീമുഖത്ത് ചാവുകടലിന്റെ വടക്കെ അറ്റത്ത് അവസാനിക്കുന്നു. ഇതു തെക്കെ അതിർ. 20 കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതാകുന്നു ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ അതിരുകൾ. 21 എന്നാൽ ബെന്യാമീൻ മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരിഹോ, ബേത്ത്-ഹൊഗ്ല, ഏമെക്-കെസീസ്, 22 ബേത്ത്-അരാബ, സെമറയീം, ബേഥേൽ, 23 അവ്വീം, പാര, ഒഫ്രെ, 24 കെഫാർ-അമ്മോനീ, ഒഫ്നി, ഗിബ; ഇങ്ങനെ പന്ത്രണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; 25 ഗിബെയോൻ, രാമ, ബെരോത്ത്, 26 മിസ്പെ, കെഫീര, മോസ, 27 രേക്കെം, യിർപ്പേൽ, തരല, 28 സേല, ഏലെഫ്, യെരൂശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. ഇതാകുന്നു ബെന്യാമീൻ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശം.
<- യോശുവ 17യോശുവ 19 ->