2 ഞാൻ സകലജനതകളെയും യെഹോശാഫാത്ത് താഴ്വരയിൽ കൂട്ടിവരുത്തുകയും
എന്‍റെ ജനവും എന്‍റെ അവകാശവുമായ യിസ്രായേൽ നിമിത്തം അവരോടു വ്യവഹരിക്കുകയും ചെയ്യും;
അവർ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ച്
എന്‍റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.
3 അവർ എന്‍റെ ജനത്തിനുവേണ്ടി ചീട്ടിട്ടു;
ഒരു ബാലനെ വേശ്യയുടെ കൂലിയായി കൊടുക്കുകയും
ഒരു ബാലയെ വിറ്റ് വീഞ്ഞു കുടിക്കുകയും ചെയ്തു.
4 “സോരും സീദോനും സകലഫെലിസ്ത്യ പ്രദേശങ്ങളുമേ, നിങ്ങൾക്ക് എന്നോട് എന്ത് കാര്യം? നിങ്ങളോടു ചെയ്തതിന് നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുന്നു എങ്കിൽ ഞാൻ വളരെ വേഗത്തിൽ നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തും. 5 നിങ്ങൾ എന്‍റെ വെള്ളിയും പൊന്നും എടുത്തു; എന്‍റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി. 6 യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്ത് അകറ്റുവാൻ നിങ്ങൾ അവരെ യവനന്മാർക്ക് വിറ്റുകളഞ്ഞു.
7 എന്നാൽ നിങ്ങൾ അവരെ വിറ്റുകളഞ്ഞ ദേശത്തുനിന്ന് ഞാൻ അവരെ ഉദ്ധരിക്കുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തുകയും ചെയ്യും. 8 ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജനതയായ ശെബായർക്ക് വിറ്റുകളയും” യഹോവ തന്നെ ഇത് അരുളിച്ചെയ്തിരിക്കുന്നു.
9 ഇത് ജനതകളുടെ ഇടയിൽ വിളിച്ചുപറയുവിൻ!
വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊള്ളുവിൻ!
വീരന്മാരെ ഉണർത്തുവിൻ!
സകലയോദ്ധാക്കളും അടുത്തുവന്ന് യുദ്ധത്തിന് പുറപ്പെടട്ടെ.
10 നിങ്ങളുടെ കലപ്പകളുടെ കൊഴുക്കളിൽ നിന്ന് വാളുകളും,
വാക്കത്തികളിൽ നിന്ന് കുന്തങ്ങളും ഉണ്ടാക്കുവിൻ!
ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ.
11 ചുറ്റുമുള്ള സകലജനതകളുമേ, ബദ്ധപ്പെട്ടു കൂടിവരുവിൻ!