1 ഞാൻ യെഹൂദയുടെയും യെരൂശലേമിന്റെയും പ്രവാസികളുടെ സ്ഥിതി മാറ്റുവാനുള്ള നാളുകളിലും കാലത്തിലും 2 ഞാൻ സകലജനതകളെയും യഹോശാഫാത്ത് താഴ്വരയിൽ കൂട്ടിവരുത്തുകയും എന്റെ ജനവും എന്റെ അവകാശവുമായ യിസ്രായേൽ നിമിത്തം അവരോടു വ്യവഹരിക്കുകയും ചെയ്യും; അവർ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ച് എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ. 3 അവർ എന്റെ ജനത്തിനുവേണ്ടി ചീട്ടിട്ടു; ഒരു ബാലനെ വേശ്യയുടെ കൂലിയായി കൊടുക്കുകയും ഒരു ബാലയെ വിറ്റ് വീഞ്ഞു കുടിക്കുകയും ചെയ്തു. 4 സോരും സീദോനും സകലഫെലിസ്ത്യ പ്രദേശങ്ങളുമേ, നിങ്ങൾക്ക് എന്നോട് എന്ത് കാര്യം? നിങ്ങളോടു ചെയ്തതിന് നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുന്നു എങ്കിൽ ഞാൻ വളരെ വേഗത്തിൽ നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തും. 5 നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്തു; എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി. 6 യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്ത് അകറ്റുവാൻ നിങ്ങൾ അവരെ യവനന്മാർക്ക് വിറ്റുകളഞ്ഞു. 7 എന്നാൽ നിങ്ങൾ അവരെ വിറ്റുകളഞ്ഞ ദേശത്തുനിന്ന് ഞാൻ അവരെ ഉദ്ധരിക്കുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തുകയും ചെയ്യും. 8 ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജനതയായ ശെബായർക്ക് വിറ്റുകളയും; യഹോവ തന്നെ ഇത് അരുളിച്ചെയ്തിരിക്കുന്നു.
9 ഇത് ജനതകളുടെ ഇടയിൽ വിളിച്ചുപറയുവിൻ! വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊള്ളുവീൻ! വീരന്മാരെ ഉണർത്തുവിൻ! സകലയോദ്ധാക്കളും അടുത്തുവന്ന് യുദ്ധത്തിന് പുറപ്പെടട്ടെ. 10 നിങ്ങളുടെ കലപ്പകളുടെ കൊഴുക്കളിൽ നിന്ന് വാളുകളും, വാക്കത്തികളിൽ നിന്ന് കുന്തങ്ങളും ഉണ്ടാക്കുവിൻ! ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ. 11 ചുറ്റുമുള്ള സകലജനതകളുമേ, ബദ്ധപ്പെട്ടു കൂടിവരുവിൻ! യഹോവേ, അവിടേക്ക് നിന്റെ വീരന്മാരെ അയയ്ക്കണമേ. 12 ജനതകൾ ഉണർന്ന് യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകലജനതകളെയും ന്യായം വിധിക്കേണ്ടതിനായി ഇരിക്കും. 13 അരിവാൾ എടുക്കുവിൻ; നിലങ്ങൾ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നു; വന്ന് ധാന്യം മെതിക്കുവിൻ; ചക്കുകൾ നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലിയതല്ലോ. 14 വിധിയുടെ താഴ്വരയിൽ അസംഖ്യം സമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. 15 സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല. 16 യഹോവ സീയോനിൽനിന്നു ഗർജ്ജിക്കുകയും, യെരൂശലേമിൽ നിന്നു തന്റെ നാദം കേൾപ്പിക്കുകയും ചെയ്യും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന് ശരണവും യിസ്രായേൽ മക്കൾക്ക് മറവിടവും ആയിരിക്കും. 17 അങ്ങനെ ഞാൻ എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ വസിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ എന്ന് നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജനതകൾ ഇനി അതിൽകൂടി കടക്കുകയുമില്ല. 18 അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞ് പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവ പുറപ്പെട്ട് ശിത്തീംതാഴ്വരയെ നനയ്ക്കും. 19 യെഹൂദാദേശത്തുവച്ച് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് അവരോടു ചെയ്ത സാഹസം ഹേതുവായി ഈജിപ്റ്റ് ശൂന്യമായിത്തീരുകയും ഏദോം നിർജ്ജനമരുഭൂമിയായി ഭവിക്കുകയും ചെയ്യും. 20 യെഹൂദയിൽ സദാകാലത്തും യെരൂശലേമിൽ തലമുറതലമുറയോളവും നിവാസികളുണ്ടാകും. 21 ശിക്ഷ ലഭിക്കാതെ ശേഷിച്ചവരെ അവരുടെ തെറ്റിന് ഞാന്‍ ശിക്ഷ നല്‍കും*ശിക്ഷ ലഭിക്കാതെ ശേഷിച്ചവരെ അവരുടെ തെറ്റിന് ഞാന്‍ ശിക്ഷ നല്‍കും ഞാൻ ക്ഷമിക്കാത്ത അവരുടെ രക്തപാതകം ഞാൻ ക്ഷമിക്കും; യഹോവ സീയോനിൽ എന്നേക്കും വസിക്കും.
<- യോവേൽ 2