Link to home pageLanguagesLink to all Bible versions on this site

യോവേൽ
ഗ്രന്ഥകര്‍ത്താവ്
യോവേല്‍ പ്രവാചകൻ തന്നെയാണ് ഈ പുസ്തകത്തിന്‍റെ രചയിതാവ് (1:1) പുസ്തകത്തിൽ നിന്നും ലഭിക്കുന്ന കാര്യമാത്ര പ്രസക്തമായ വിവരണങ്ങൾ അല്ലാതെ യോവേൽ പ്രവാചകനെക്കുറിച്ചുള്ള പശ്ചാത്തലം അജ്ഞാതമാണ് പ്രവാചകൻ, താൻ പെതുവേലിന്റെ മകനാണെന്നും പരിചയപ്പെടുത്തുന്നു പ്രധാനമായും യഹൂദ ജനത്തോടായിരുന്നു ശുശ്രൂഷ യെരുശലേമിനോടുള്ള അദ്ദേഹത്തിൻറെ പ്രത്യേക താൽപര്യവും പ്രകടിപ്പിക്കുന്നു. പുരോഹിതന്മാരെ കുറിച്ചും ദൈവാലയത്തെ കുറിച്ചുള്ള പരാമർശങ്ങൾ അദ്ദേഹം യഹൂദ്യയിലെ ആരാധനാ കേന്ദ്രത്തിനു സുപരിചിതനായ വ്യക്തിയാണ് എന്ന് മനസ്സിലാക്കാം. (യോവേ 1:13-14; 2:14, 17).
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി മു. 835-600.
പേർഷ്യൻ ഭരണകാലമാണ് പ്രവാചകന്റെ കാലഘട്ടം എന്ന് അനുമാനിക്കാം. ആ കാലഘട്ടത്തിൽ പേർഷ്യൻ ഭരണാധികാരികൾ യഹൂദന്മാര്‍ക്ക് യെരുശലേമിലേക്ക് തിരികെ പോകാന്‍ അനുവാദം കൊടുക്കുകയും അങ്ങനെ ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണം പൂർത്തീകരിക്കപ്പെടുകയും ചെയ്തു. പ്രവാചകൻ ദൈവാലയത്തിന് സുപരിചിതനായിരുന്നു അതുകൊണ്ടുതന്നെ ദൈവാലയ പുനരുദ്ധാരണത്തിന് ശേഷമാണ് ഇത് എഴുതപ്പെട്ടതെന്ന് മനസ്സിലാക്കാം.
സ്വീകര്‍ത്താവ്
യിസ്രായേൽ ജനത്തിനും മറ്റു വായനക്കാർക്കും വേണ്ടി.
ഉദ്ദേശം
ദൈവം കരുണാമയനാണ് അനുതപിക്കുന്നവർക്ക് അവൻ ക്ഷമ കാണിക്കുന്നു ഈ പുസ്തകം രണ്ടു പ്രധാന സംഭവങ്ങൾ എടുത്തുകാണിക്കുന്നു ഒന്ന് വെട്ടുകിളികളുടെ വരവ് രണ്ട് പരിശുദ്ധാത്മാവിന്റെ നിറവ് ഈ ഭാഗത്തെ പത്രോസ് പെന്തക്കോസ്ത് നാളിലെ പ്രസംഗത്തിൽ ഉദ്ധരിക്കുന്നതായി അപ്പൊ. പ്ര. 2 ല്‍ കാണാം.
പ്രമേയം
കർത്താവിന്റെ ദിവസം
സംക്ഷേപം
1. ഇസ്രായേലിൽ വെട്ടുക്കിളികള്‍ വരുന്നു — 1:1-20
2. ദൈവത്തിൻറെ ശിക്ഷ — 2:1-17
3. ഇസ്രായേലിന്റെ പുനസ്ഥാപനം — 2:18-32
4. ദൈവം ദേശത്തിന്മേൽ വരുത്തുന്ന ന്യായവിധിക്ക് ശേഷം അവൻ അവരുടെ മധ്യ വസിക്കുന്നു — 3:1-21

1 പെഥൂവേലിന്റെ മകനായ യോവേലിന് യഹോവയുടെ അരുളപ്പാടുണ്ടായത് ഇപ്രകാരമായിരുന്നു: 2 മൂപ്പന്മാരേ, ഇതുകേൾക്കുവിൻ; സകല ദേശനിവാസികളുമേ, ശ്രദ്ധിയ്ക്കുവിൻ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? 3 ഇത് നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ അവരുടെ മക്കളോടും അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയണം. 4 തുള്ളൻ തിന്നു ശേഷിപ്പിച്ചത് വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചത് വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചത് പച്ചപ്പുഴു തിന്നു നശിപ്പിച്ചു. 5 മദ്യപന്മാരേ, ഉണർന്നു കരയുവിൻ; വീഞ്ഞു കുടിക്കുന്ന ഏവരുമേ, പുതുവീഞ്ഞ് നിങ്ങൾക്ക് ഇനി ലഭ്യമല്ലാത്തതിനാൽ കരഞ്ഞ് മുറയിടുവിൻ. 6 ശക്തിയുള്ളതും എണ്ണുവാൻ കഴിയാത്തതുമായ ഒരു ജാതികളുടെ സൈന്യം*ഒരു ജാതികളുടെ സൈന്യം വെട്ടിക്കിളികളുടെ സൈന്യം വെളിപ്പാട് 9:7-10 നോക്കുക എന്റെ ദേശത്തിന്റെ നേരെ വന്നിരിക്കുന്നു; അതിന്റെ പല്ല് സിംഹത്തിന്റെ പല്ല്; സിംഹിയുടെ അണപ്പല്ല് അതിനുണ്ട്. 7 അത് എന്റെ മുന്തിരിവള്ളിയെല്ലാം നശിപ്പിച്ച് ശൂന്യമാക്കി എന്റെ അത്തിവൃക്ഷം ഒടിച്ചുകളഞ്ഞു; അത് മുഴുവനും തോലുരിച്ച് എറിഞ്ഞുകളഞ്ഞു; അതിന്റെ കൊമ്പുകൾ വെളുത്തുപോയിരിക്കുന്നു. 8 യൗവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്ത് കരയുന്ന കന്യകയെപ്പോലെ വിലപിക്കുക. 9 ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തിൽ ഇല്ലാതെയായിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ ദുഃഖിക്കുന്നു. 10 വയൽ വിലപിക്കുന്നുവയൽ വിലപിക്കുന്നു വയൽ വരണ്ടിരിക്കുന്നു. ധാന്യം നശിച്ചും പുതുവീഞ്ഞ് വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കുകയാൽ ദേശം ദുഃഖിക്കുന്നു. 11 കർഷകരേ, ലജ്ജിക്കുവിൻ; മുന്തിരിത്തോട്ടക്കാരേ, ഗോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ; വയലിലെ വിളവ് നശിച്ചുപോയല്ലോ. 12 മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങി; മാതളം, ഈന്തപ്പന, നാരകം മുതലായ തോട്ടത്തിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വിട്ട് മാഞ്ഞുപോയല്ലോ. 13 പുരോഹിതന്മാരേ, രട്ടുടുത്ത് വിലപിക്കുവിൻ; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ മുടങ്ങിപ്പോയിരിക്കുകകൊണ്ട് നിങ്ങൾ വന്ന് രട്ടുടുത്ത് രാത്രി കഴിച്ചുകൂട്ടുവിൻ. 14 ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ. സഭായോഗം വിളിക്കുവിൻ; മൂപ്പന്മാരെയും സകല ദേശനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; യഹോവയോട് നിലവിളിക്കുവിൻ; 15 ആ ഭയങ്കര ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അത് സർവ്വശക്തനായ ദൈവത്തിന്റെ പക്കൽനിന്ന് സംഹാരത്തിനായി വരുന്നു. 16 നമ്മുടെ കണ്ണിന് മുമ്പിൽനിന്ന് ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് സന്തോഷവും ഉല്ലാസവും അറ്റുപോയല്ലോ. 17 വിത്ത് കട്ടകളുടെ കീഴിൽ കിടന്ന് നശിച്ചുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കുകയാൽ പാണ്ടികശാലകൾ ശൂന്യമായും കളപ്പുരകൾ ഇടിഞ്ഞും പോകുന്നു. 18 മൃഗങ്ങൾ എത്രയധികം ഞരങ്ങുന്നു! കന്നുകാലികൾ മേച്ചൽ ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടുന്നു; ആടുകൾ വേദന അനുഭവിക്കുന്നു. 19 യഹോവേ, നിന്നോട് ഞാൻ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കും വയലിലെ വൃക്ഷങ്ങൾ എല്ലാം തീജ്വാലയ്ക്കും ഇരയായിത്തീർന്നുവല്ലോ. 20 നീർത്തോടുകൾ വറ്റിപ്പോകുകയും മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്ക് ഇരയായിത്തീരുകയും ചെയ്തതുകൊണ്ട് വയലിലെ മൃഗങ്ങളും കിതച്ചുകൊണ്ട് നിന്നെ നോക്കുന്നു.

യോവേൽ 2 ->