Link to home pageLanguagesLink to all Bible versions on this site

1 ഇയ്യോബ് തുടർന്ന് പറഞ്ഞത്:

 
2 “എന്‍റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ,
എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ -
3 എന്‍റെ പ്രാണൻ മുഴുവനും എന്നിലും
ദൈവത്തിന്‍റെ ശ്വാസം എന്‍റെ മൂക്കിലും ഉണ്ടല്ലോ -
4 എന്‍റെ അധരം നീതികേട് സംസാരിക്കുകയില്ല;
എന്‍റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല.
5 നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല;
മരിക്കുവോളം എന്‍റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല.
6 എന്‍റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു;
എന്‍റെ ഹൃദയം എന്‍റെ ആയുസ്സിന്‍റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല.
 
7 “എന്‍റെ ശത്രു ദുഷ്ടനെപ്പോലെയും
എന്‍റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.
8 ദൈവം വഷളനെ ഛേദിച്ച് അവൻ്റെ പ്രാണനെ എടുത്തുകളഞ്ഞാൽ
അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു?
9 അവനു കഷ്ടത വരുമ്പോൾ
ദൈവം അവന്‍റെ നിലവിളി കേൾക്കുമോ?
10 അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ?
എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
11 ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും;
സർവ്വശക്തന്‍റെ ഉദ്ദേശ്യം ഞാൻ മറച്ചുവയ്ക്കുകയില്ല.
12 നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു;
നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്?
 
13 “ഇത് ദുർജ്ജനത്തിന് ദൈവത്തിന്‍റെ പക്കലുള്ള ഓഹരിയും
നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ.
14 അവന്‍റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ;
അവന്‍റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല.
15 അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും;
അവരുടെ വിധവമാർ[a] വിലപിക്കുകയുമില്ല.
 
16 “അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും
മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
17 അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും;
കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.
18 ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു;
കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നെ.
19 അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല;
അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും.
20 വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു;
രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു.
21 കിഴക്കൻകാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു;
അവന്‍റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.
22 ആ കാറ്റ്[b] നിർത്താതെ അവനെ എറിയുന്നു;
അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു.
23 മനുഷ്യർ അവന്‍റെനേരെ കൈകൊട്ടും:
അവന്‍റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.

<- ഇയ്യോബ് 26ഇയ്യോബ് 28 ->