3 യഹോവ സാത്താനോട്: “എന്‍റെ ദാസനായ ഇയ്യോബിന്‍റെമേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്‍റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന് നീ എന്നെ സമ്മതിപ്പിച്ചു” എന്നു അരുളിച്ചെയ്തു.
4 സാത്താൻ യഹോവയോട്: “ത്വക്കിനു പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ള സകലവും തന്‍റെ ജീവനു പകരം നൽകും. 5 അങ്ങേയുടെ കൈ നീട്ടി അവന്‍റെ അസ്ഥിയും മാംസവും ഒന്ന് തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്നുത്തരം പറഞ്ഞു.
6 യഹോവ സാത്താനോട്: “ഇതാ, അവൻ നിന്‍റെ കയ്യിൽ ഇരിക്കുന്നു; അവന്‍റെ പ്രാണനെ മാത്രം തൊടരുത്” എന്നു കല്പിച്ചു. 7 അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പോയി. ഇയ്യോബിന്‍റെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.
8 അവൻ ഒരു ഓട്ടിൻകഷണം എടുത്ത് തന്നെത്താൻ ചുരണ്ടിക്കൊണ്ട് ചാരത്തിൽ ഇരുന്നു. 9 അവന്‍റെ ഭാര്യ അവനോട്: “നീ ഇനിയും നിന്‍റെ ഭക്തിയിൽ ഉറച്ചുനില്ക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞ് മരിക്കുക” എന്നു പറഞ്ഞു.
10 അവൻ അവളോട്: “ഒരു വിഡ്ഢി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്‍റെ കയ്യിൽനിന്ന് നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ” എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.
Languages