15 അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: ഉവ്വ്, കർത്താവേ; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്കഎന്നു അവൻ അവനോട് പറഞ്ഞു. 16 രണ്ടാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിയ്ക്ക എന്നു അവൻ അവനോട് പറഞ്ഞു. 17 മൂന്നാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോഎന്നു ചോദിച്ചു. എന്നെ സ്നേഹിക്കുന്നുവോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നും നീ അറിയുന്നു എന്നു അവനോട് പറഞ്ഞു. യേശു അവനോട്: എന്റെ ആടുകളെ മേയ്ക്ക. 18 ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: നീ യൗവനക്കാരൻ ആയിരുന്നപ്പോൾ നീ തന്നേ അരകെട്ടി നിനക്ക് ഇഷ്ടമുള്ളേടത്ത് നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അരകെട്ടി നിനക്ക് ഇഷ്ടമില്ലാത്ത ഇടത്തേക്ക് നിന്നെ കൊണ്ടുപോകുകയും ചെയ്യും എന്നു പറഞ്ഞു. 19 യേശു ഇതു പറഞ്ഞത്, ഏത് വിധത്തിലുള്ള മരണത്താൽ പത്രൊസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. ഇതു പറഞ്ഞതിനുശേഷം: “എന്നെ അനുഗമിക്ക” എന്നു അവനോട് പറഞ്ഞു. 20 പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ അവരെ പിൻചെല്ലുന്നത് കണ്ട്; അത്താഴത്തിൽ അവന്റെ നെഞ്ചോട് ചാഞ്ഞുകൊണ്ട്: കർത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചത് ഇവൻ തന്നേ. 21 അവനെ പത്രൊസ് കണ്ടിട്ട്: കർത്താവേ, ഈ മനുഷ്യന് എന്ത് ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു. 22 യേശു അവനോട്: ഞാൻ വരുവോളം ഇവൻ കാത്തിരിക്കേണമെന്ന് എനിക്ക് ഇഷ്ടം ഉണ്ടെങ്കിൽ അത് നിനക്ക് എന്ത്? നീ എന്നെ അനുഗമിക്കഎന്നു പറഞ്ഞു. 23 ആകയാൽ ആ ശിഷ്യൻ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. യേശുവോ: അവൻ മരിക്കയില്ല എന്നല്ല, ഞാൻ വരുവോളം ഇവൻ കാത്തിരിക്കേണം എന്നു എനിക്ക് ഇഷ്ടമുണ്ടെങ്കിൽ അത് നിനക്ക് എന്ത് എന്നത്രേ അവനോട് പറഞ്ഞത്.
24 ഈ ശിഷ്യൻ ഇതിനെക്കുറിച്ച് സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യമാകുന്നു എന്നു ഞങ്ങൾ അറിയുന്നു.
25 യേശു ചെയ്തതു മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നെയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.
<- യോഹന്നാന്‍ 20