Link to home pageLanguagesLink to all Bible versions on this site
2
അടയാളങ്ങളുടെ ആരംഭം.
1 മൂന്നാം നാൾ ഗലീലയിലെ കാനയിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. 2 യേശുവിനേയും ശിഷ്യന്മാരെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു. 3 വീഞ്ഞ് തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോട്: അവർക്ക് വീഞ്ഞ് ഇല്ല എന്നു പറഞ്ഞു. 4 അതിന് യേശു: സ്ത്രീയേ, അതിന് ഞാനുമായിട്ട് എന്ത് കാര്യം? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. 5 അവന്റെ അമ്മ വേലക്കാരോട്: അവൻ നിങ്ങളോടു പറയുന്നത് നിങ്ങൾ ചെയ്യുവിൻ എന്നു പറഞ്ഞു. 6 അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണ ആചാരം അനുസരിച്ച് രണ്ടോ മൂന്നോ പറ *80 ലി. മുതൽ 120 ലി. വരെ. ഒരു പറ എന്നാൽ 40 ലി. വീതം കൊള്ളുന്ന ആറ് കല്പാത്രം ഉണ്ടായിരുന്നു. 7 യേശു അവരോട്: ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ എന്നു പറഞ്ഞു; അവർ അവയെ വക്കോളവും നിറച്ചു. 8 ഇപ്പോൾ കുറച്ച് കോരിയെടുത്ത് കലവറക്കാരന് കൊണ്ടുപോയി കൊടുക്കുവിൻ എന്നു അവൻ പറഞ്ഞു; അവർ അപ്രകാരം ചെയ്തു. 9 അത് എവിടെനിന്ന് എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ കലവറക്കാരൻ അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം കലവറക്കാരൻ രുചിനോക്കിയതിനുശേഷം മണവാളനെ വിളിച്ചു: 10 എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോട് പറഞ്ഞു. 11 യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനയിൽവച്ച് ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.

12 അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്ക് പോയി; അവിടെ അവർ ചുരുക്കംനാൾ താമസിച്ചു.

യേശു ദൈവാലയം ശുദ്ധീകരിക്കുന്നു.
13 യെഹൂദന്മാരുടെ പെസഹ സമീപിച്ചിരുന്നതുകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. 14 ദൈവാലയത്തിൽ കാളകൾ, ആടുകൾ, പ്രാവുകൾ എന്നിവയെ വില്ക്കുന്നതും, നാണയമാറ്റക്കാർ അവിടെ ഇരിക്കുന്നതും കണ്ടിട്ട് 15 കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി അവരെല്ലാവരെയും, ആടുകളെയും കാളകളെയുംകൂടെ ദൈവാലയത്തിൽനിന്ന് പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങൾ ചിതറിച്ചുകളഞ്ഞു; മേശകളെ മറിച്ചിട്ടു; 16 പ്രാവുകളെ വില്ക്കുന്നവരോട്: ഇതു ഇവിടെനിന്ന് കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ കച്ചവടസ്ഥലം ആക്കുന്നത് നിർത്തുവിൻ എന്നു പറഞ്ഞു. 17 അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള തീഷ്ണത എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നത് ഓർത്തു. 18 എന്നാൽ യെഹൂദന്മാർ അവനോട്: നിനക്ക് ഇങ്ങനെ ചെയ്യാം എന്നതിന് നീ എന്ത് അടയാളം കാണിച്ചുതരും എന്നു ചോദിച്ചു. 19 യേശു അവരോട്: ഈ മന്ദിരം തകർക്കുവിൻ; മൂന്നു ദിവസത്തിനകം ഞാൻ അതിനെ ഉദ്ധരിക്കും എന്നു ഉത്തരം പറഞ്ഞു. 20 യെഹൂദ അധികാരികൾ അവനോട്: ഈ മന്ദിരം നാല്പത്താറ് വർഷങ്ങൾകൊണ്ട് പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ ഉദ്ധരിപ്പിക്കുമോ എന്നു ചോദിച്ചു. 21 എന്നാൽ അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്. 22 അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.

23 പെസഹ പെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അത്ഭുതകരമായ അടയാളങ്ങൾ കണ്ടിട്ട് പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു. 24 യേശുവോ അവരെ എല്ലാവരെയും അറിയുകകൊണ്ട് തന്നെത്താൻ അവരിൽ വിശ്വസിച്ച് ഏൽപ്പിച്ചില്ല. 25 മനുഷ്യനിലുള്ളത് എന്ത് എന്നു സ്വതവേ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ച് യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.

<- യോഹന്നാന്‍ 1യോഹന്നാന്‍ 3 ->