Link to home pageLanguagesLink to all Bible versions on this site
11
ലാസറിന്റെ മരണം
1 എന്നാൽ ലാസർ എന്നു പേരുള്ള ഒരുവൻ ദീനമായ്ക്കിടന്നിരുന്നു. ഇവൻ മറിയയുടെയും അവളുടെ സഹോദരിയായ മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിൽ നിന്നുള്ളവനായിരുന്നു. 2 ഈ മറിയ ആയിരുന്നു കർത്താവിനെ പരിമളതൈലം പൂശി തന്റെ തലമുടികൊണ്ട് അവന്റെ കാൽ തുടച്ചത്. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നത്. 3 ആ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ച്: കർത്താവേ, നിനക്ക് പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു. 4 യേശു അത് കേട്ടിട്ട്: ഈ ദീനം മരണത്തിൽ അവസാനിക്കുവാനായിട്ടല്ല, മറിച്ച് ദൈവത്തിന്റെ മഹത്വത്തിനും അത് മുഖാന്തരം ദൈവപുത്രൻ മഹത്വപ്പെടേണ്ടതിനുമായിട്ടത്രേ എന്നു പറഞ്ഞു. 5 യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു. 6 അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടപ്പോൾ താൻ ആയിരുന്ന സ്ഥലത്ത് രണ്ടു ദിവസംകൂടി പാർത്തു. 7 അതിന്‍റെശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു. 8 ശിഷ്യന്മാർ അവനോട്: റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നേ നിന്നെ കല്ലെറിയുവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു. 9 അതിന് യേശു: ഒരു ദിവസത്തിൽ പന്ത്രണ്ട് മണിക്കൂർ വെളിച്ചം ഇല്ലയോ? പകൽ സമയത്ത് നടക്കുന്നവൻ പകൽവെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല. 10 രാത്രിയിൽ നടക്കുന്നവനോ അവന് വെളിച്ചം ഇല്ലാത്തതുകൊണ്ട് ഇടറുന്നു എന്നു ഉത്തരം പറഞ്ഞു. 11 ഇതു പറഞ്ഞതിനുശേഷം അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉറക്കത്തിൽനിന്ന് ഉണർത്തുവാൻ പോകുന്നു എന്നു അവരോട് പറഞ്ഞു. 12 ശിഷ്യന്മാർ അവനോട്: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന് സൌഖ്യംവരും എന്നു പറഞ്ഞു. 13 യേശു അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞത്; എന്നാൽ വിശ്രമിക്കുന്ന ഉറക്കത്തെക്കുറിച്ചാണ് പറഞ്ഞതെന്ന് അവർ വിചാരിച്ചു. 14 അപ്പോൾ യേശു സ്പഷ്ടമായി അവരോട്: ലാസർ മരിച്ചുപോയി; 15 ഞാൻ അവിടെ ഇല്ലാതിരുന്നതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു. 16 ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോട്: അവനോടുകൂടെ മരിക്കേണ്ടതിന് നാമും പോക എന്നു പറഞ്ഞു.
ലാസറിനെ ഉയിർപ്പിക്കുന്നു.
17 യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ട് നാലുദിവസമായി എന്നു അറിഞ്ഞ്. 18 ബേഥാന്യ യെരൂശലേമിനരികെ ഏകദേശം പതിനഞ്ച് നാഴിക*ഏകദേശം മൂന്നു കി. മി. ഒരു നാഴിക എന്നാൽ 185 മീ. ദൂരത്തായിരുന്നു. 19 അനേകം യെഹൂദന്മാർ മാർത്തയെയും മറിയയെയും അവരുടെ സഹോദരനെക്കുറിച്ച് ആശ്വസിപ്പിക്കേണ്ടതിന് അവരുടെ അടുക്കൽ വന്നിരുന്നു. 20 യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മാർത്ത ചെന്ന് അവനെ കണ്ട്; എന്നാൽ മറിയയോ വീട്ടിൽത്തന്നെ ഇരുന്നു. 21 മാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു. 22 ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്ക് തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. 23 യേശു അവളോട്: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. 24 മാർത്ത അവനോട്: ഒടുവിലത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. 25 യേശു അവളോട്: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. 26 ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. 27 അവൾ അവനോട്: ഉവ്വ്, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ട് 28 പോയി തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ട്; നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു. 29 അവൾ കേട്ട ഉടനെ എഴുന്നേറ്റ് അവന്റെ അടുക്കൽ ചെന്ന്. 30 യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്ത് തന്നേ ആയിരുന്നു. 31 വീട്ടിൽ മറിയയോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിച്ചിരുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റ് പോകുന്നത് കണ്ടിട്ട് അവൾ കല്ലറയ്ക്കൽ കരയുവാൻ പോകുന്നു എന്നു വിചാരിച്ചു അവളെ പിൻചെന്നു. 32 യേശു ഇരിക്കുന്നിടത്ത് മറിയ എത്തി അവനെ കണ്ടപ്പോൾ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. 33 അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട് ആത്മാവിൽ ഞരങ്ങി, അസ്വസ്ഥനായി: 34 അവനെ വെച്ചത് എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാണുക എന്നു അവർ അവനോട് പറഞ്ഞു. 35 യേശു കണ്ണുനീർ വാർത്തു. 36 അപ്പോൾ യെഹൂദന്മാർ: കണ്ടോ ഇവൻ ലാസറിനെ എത്ര സ്നേഹിച്ചിരുന്നു എന്നു പറഞ്ഞു. 37 ചിലരോ: കുരുടന്റെ കണ്ണ് തുറന്ന ഇവന് ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു. 38 യേശു പിന്നെയും ഉള്ളം നൊന്ത് കല്ലറയ്ക്കൽ എത്തി; അത് ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു. 39 “ആ കല്ല് എടുത്തുമാറ്റുവിൻ” എന്നു യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരിയായ മാർത്ത: കർത്താവേ, ഇപ്പോൾ ശരീരം ജീർണ്ണിച്ചിരിക്കും; അവൻ മരിച്ചിട്ട് നാലുദിവസമായല്ലോ എന്നു പറഞ്ഞു. 40 യേശു അവളോട്: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു. 41 അവർ ആ കല്ല് എടുത്തുമാറ്റി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിനക്ക് നന്ദിപറയുന്നു. 42 നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന് അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു. 43 ഇങ്ങനെ പറഞ്ഞിട്ട് അവൻ: “ലാസറേ, പുറത്തു വരിക” എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 44 മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ട് അഴിക്കുവിൻ; അവൻ പോകട്ടെ എന്നു യേശു അവരോട് പറഞ്ഞു.

45 മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ട് അവനിൽ വിശ്വസിച്ചു. 46 എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോട് അറിയിച്ചു.

യേശുവിനെ കൊല്ലുവാൻ ആലോചിക്കുന്നു
47 മുഖ്യപുരോഹിതന്മാരും പരീശന്മാരും ചേർന്ന് ആലോചനാസംഘം വിളിച്ചുകൂട്ടി: നാം എന്ത് ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. 48 അവനെ ഇങ്ങനെ വിട്ടയച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു. 49 അവരിൽ ഒരുവൻ, ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാവ് തന്നേ, അവരോട്: നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ; 50 ജാതി മുഴുവനും നശിച്ചുപോകുന്നതിനേക്കാൾ ഒരു മനുഷ്യൻ ജനങ്ങൾക്കുവേണ്ടി മരിക്കുന്നതു നല്ലത് എന്നു നിങ്ങൾ കണക്കാക്കുന്നതുമില്ല എന്നു പറഞ്ഞു. 51 അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ വർഷത്തെ മഹാപുരോഹിതൻ ആകയാൽ രാജ്യത്തിന് വേണ്ടി യേശു മരിക്കണം എന്നു പ്രവചിച്ചതത്രേ. 52 രാജ്യത്തിന് വേണ്ടി മാത്രമല്ല, പലസ്ഥലങ്ങളിലായി ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ട് ചേർക്കേണ്ടതിനും തന്നേ. 53 അന്നുമുതൽ അവർ യേശുവിനെ കൊല്ലുവാൻ ആലോചിച്ചുകൊണ്ടിരുന്നു.

54 അതുകൊണ്ട് യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്ക് പോയി ശിഷ്യന്മാരുമായി അവിടെ പാർത്തു. 55 യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കുകയാൽ പലരും തങ്ങളെത്തന്നെ ശുദ്ധിവരുത്തുവാൻ പെസഹയ്ക്ക് മുമ്പെ നാട്ടിൽനിന്ന് യെരൂശലേമിലേക്കു പോയി. 56 അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: എന്ത് തോന്നുന്നു? അവൻ പെരുന്നാൾക്ക് വരികയില്ലയോ എന്നു തമ്മിൽ പറഞ്ഞു. 57 എന്നാൽ മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിനെ പിടിക്കേണ്ടതിന് അവൻ എവിടെയാണെന്ന് ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്ന് കല്പന കൊടുത്തിരുന്നു.

<- യോഹന്നാന്‍ 10യോഹന്നാന്‍ 12 ->