8 “നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു. 9 നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചേർന്ന് നടക്കുകയും ചെയ്യുന്നു. 10 പിന്നെ വന്ന് എന്‍റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്‍റെ സന്നിധിയിൽ നിന്നുകൊണ്ട്: ‘ഞങ്ങൾ രക്ഷപെട്ടിരിക്കുന്നു’ എന്നു പറയുന്നത് ഈ മ്ലേച്ഛതകളെല്ലാം ചെയ്യേണ്ടതിന് തന്നെയോ? 11 എന്‍റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം ‘കള്ളന്മാരുടെ ഗുഹ’ എന്നു നിങ്ങൾക്ക് തോന്നുന്നുവോ? എനിക്കും അങ്ങനെ തന്നെ തോന്നുന്നു” എന്നു യഹോവയുടെ അരുളപ്പാടു.
12 “എന്നാൽ ആദിയിൽ എന്‍റെ നാമം വിളിച്ചിരുന്ന ശീലോവിലെ എന്‍റെ വാസസ്ഥലത്തു നിങ്ങൾ ചെന്നു എന്‍റെ ജനമായ യിസ്രായേലിന്‍റെ ദുഷ്ടതനിമിത്തം ഞാൻ അതിനോട് ചെയ്തതു നോക്കുവിൻ! 13 ആകയാൽ നിങ്ങൾ ഈ പ്രവൃത്തികൾ എല്ലാം ചെയ്യുകയും ഞാൻ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ കേൾക്കാതിരിക്കുകയും ഞാൻ നിങ്ങളെ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറയാതിരിക്കുകയും ചെയ്യുകകൊണ്ട്, 14 എന്‍റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും, നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ നൽകിയിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവിനോടു ചെയ്തതുപോലെ ഞാൻ ചെയ്യും. 15 എഫ്രയീം സന്തതിയായ നിങ്ങളുടെ സഹോദരന്മാരെയെല്ലാം ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്‍റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളയും” എന്നു യഹോവയുടെ അരുളപ്പാടു.
20 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, എന്‍റെ കോപവും എന്‍റെ ക്രോധവും ഈ സ്ഥലത്ത് മനുഷ്യൻ്റെമേലും മൃഗത്തിന്മേലും വയലിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അത് കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.”
21 യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിൻ. 22 ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന നാളിൽ ഹോമയാഗങ്ങളെക്കുറിച്ചോ ഹനനയാഗങ്ങളെക്കുറിച്ചോ അവരോടു സംസാരിക്കുകയോ കല്പിക്കുകയോ ചെയ്തിട്ടില്ല. 23 എന്‍റെ വാക്കു കേട്ടനുസരിക്കുവിൻ; എന്നാൽ ഞാൻ നിങ്ങൾക്ക് ദൈവമായും നിങ്ങൾ എനിക്ക് ജനമായും ഇരിക്കും; നിങ്ങൾക്ക് ശുഭമായിരിക്കേണ്ടതിന് ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാ വഴികളിലും നടക്കുവിൻ” എന്നിങ്ങനെയുള്ള കാര്യമാകുന്നു ഞാൻ അവരോടു കല്പിച്ചത്.
24 എന്നാൽ അവർ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അവരുടെ ദുഷ്ടഹൃദയത്തിൻ്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പിറകോട്ടു തന്നെ പൊയ്ക്കളഞ്ഞു. 25 നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ മിസ്രയീംദേശത്തു നിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്‍റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചു. 26 എന്നിട്ടും എന്നെ കേട്ടനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അവർ ദുശ്ശാഠ്യം കാട്ടി അവരുടെ പൂര്‍വ്വ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തു.
27 “ഈ വചനങ്ങൾ എല്ലാം നീ അവരോടു പറയുമ്പോൾ അവർ നിനക്കു ചെവി തരുകയില്ല; നീ അവരെ വിളിക്കുമ്പോൾ അവർ ഉത്തരം പറയുകയില്ല; 28 എന്നാൽ നീ അവരോടു പറയേണ്ടത്: “ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുകയോ ഉപദേശം കൈക്കൊള്ളുകയോ ചെയ്യാത്ത ജനതയാകുന്നു ഇത്; സത്യം നശിച്ച് അവരുടെ വായിൽനിന്നും നിർമ്മൂലമായിരിക്കുന്നു. 29 നിന്‍റെ തലമുടി കത്രിച്ച് എറിഞ്ഞുകളയുക; മൊട്ടക്കുന്നിന്മേൽ കയറി വിലാപം കഴിക്കുക; യഹോവ തന്‍റെ ക്രോധത്തിന്‍റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.
Languages