1 “ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹഖേരെമിൽ തീ കൊണ്ടുള്ള ഒരടയാളം ഉയർത്തുവിൻ; വടക്കുനിന്ന് അനർത്ഥവും മഹാനാശവും വരുന്നു. 2 സുന്ദരിയും സുഖഭോഗിനിയുമായ സീയോൻപുത്രിയെ ഞാൻ നശിപ്പിച്ചുകളയും. 3 അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടി വരും; അവർ ചുറ്റും അവൾക്കെതിരെ കൂടാരം അടിക്കും; അവർ ഓരോരുത്തൻ അവനവന്റെ സ്ഥലത്തു മേയിക്കും”. 4 “അതിന്റെ നേരെ യുദ്ധത്തിനൊരുങ്ങുവിൻ! എഴുന്നേല്ക്കുവിൻ; ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുവരുന്നു. 5 എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന് അതിന്റെ അരമനകളെ നശിപ്പിക്കുക!” 6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: “വൃക്ഷങ്ങൾ മുറിക്കുവിൻ! യെരൂശലേമിനെതിരെ നിരോധനം ഉണ്ടാക്കുവിൻ! സന്ദർശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നെ; അതിന്റെ അകം മുഴുവനും പീഢനം നിറഞ്ഞിരിക്കുന്നു. 7 കിണറ്റിൽ പുതുവെള്ളം നിറയുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത നിറയുന്നു; സാഹസവും കവർച്ചയും മാത്രമേ അവിടെ കേൾക്കുവാനുള്ളു; എന്റെ മുമ്പിൽ എപ്പോഴും സങ്കടവും മുറിവും മാത്രമേയുള്ളു. 8 യെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാൻ നിന്നെ ശൂന്യവും നിർജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന് ഉപദേശം കൈക്കൊള്ളുക”. 9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിന്റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചുപറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക. 10 അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോട് സംസാരിച്ച് താക്കീത് നൽകേണ്ടു? കാതുകൾ അടഞ്ഞു പോകയാൽ*കാതുകൾ അടഞ്ഞു പോകയാൽ കാതുകള്ക്ക് പരിച്ഛേദന ഇല്ലായ്കയാല് ശ്രദ്ധിക്കുവാൻ അവർക്ക് കഴിയുകയില്ല; യഹോവയുടെ വചനം അവർക്ക് നിന്ദ്യമായിരിക്കുന്നു; അവർക്ക് അതിൽ ഇഷ്ടമില്ല. 11 ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അത് അടക്കിവച്ച് ഞാൻ തളർന്നുപോയി; ഞാൻ അത് വീഥികളിലെ കുട്ടികളിന്മേലും യൗവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ചൊരിയും; ഭർത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിക്കപ്പെടും. 12 അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാർക്ക് ആയിപ്പോകും; ഞാൻ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്. 13 “അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 14 സമാധാനം ഇല്ലാതിരിക്കുമ്പോൾ, ‘സമാധാനം സമാധാനം’ എന്ന് അവർ പറഞ്ഞ്, എന്റെ ജനത്തിന്റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു. 15 മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കുകയോ നാണം അറിയുകയോ ചെയ്തിട്ടില്ല; അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന കാലത്ത് അവർ ഇടറിവീഴും” എന്ന് യഹോവയുടെ അരുളപ്പാട്. 16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ വഴിയരികിൽ ചെന്ന് നല്ലവഴി ഏതെന്ന് നോക്കുവിൻ; പഴയ പാതകൾ ഏതെന്ന് ചോദിച്ച് അതിൽ നടക്കുവിൻ; എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രമം ലഭിക്കും”. അവരോ: “ഞങ്ങൾ അതിൽ നടക്കുകയില്ല” എന്ന് പറഞ്ഞു. 17 ഞാൻ നിങ്ങൾക്ക് കാവല്ക്കാരെ ആക്കി: “കാഹളനാദം ശ്രദ്ധിക്കുവിൻ” എന്നു കല്പിച്ചു; എന്നാൽ അവർ: “ഞങ്ങൾ ശ്രദ്ധിക്കുകയില്ല” എന്നു പറഞ്ഞു. 18 “അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊള്ളുക”. 19 “ഭൂമിയേ, കേൾക്കുക; ഈ ജനം എന്റെ വചനങ്ങൾ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർത്ഥം അവരുടെ മേൽ വരുത്തും”. 20 “ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്ക് കൊണ്ടുവരുന്നത് എന്തിന്? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്ക് പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്ക് ഇഷ്ടവുമില്ല”. 21 ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന്റെ മുമ്പിൽ തടങ്കൽപ്പാറകൾ വയ്ക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും; അയല്ക്കാരനും കൂട്ടുകാരനും ഒരുമിച്ച് നശിച്ചുപോകും”. 22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനത ഉണർന്നുവരും. 23 അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; സീയോൻ പുത്രീ, അവർ നിന്റെനേരെ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു”. 24 അതിന്റെ വാർത്ത കേട്ട് ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു; നോവുകിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു. 25 നിങ്ങൾ വയലിലേക്കു ചെല്ലരുത്; വഴിയിൽ നടക്കുകയുമരുത്; അവിടെ ശത്രുവിന്റെ വാൾ നിമിത്തം ചുറ്റും ഭയം ഉണ്ട്. 26 എന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്ത് വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും കഠിനമായ വിലാപവും കഴിക്കുക; സംഹാരകൻ പെട്ടെന്ന് നമ്മുടെനേരെ വരും. 27 “നീ എന്റെ ജനത്തിന്റെ നടപ്പ് പരീക്ഷിച്ച് അറിയേണ്ടതിന് ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കിവച്ചിരിക്കുന്നു. 28 അവരെല്ലാവരും മഹാമത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; അവർ ചെമ്പും ഇരിമ്പും തന്നെ; അവരെല്ലാവരും വഷളത്തം പ്രവർത്തിക്കുന്നു. 29 ഉല ഉഗ്രമായി ഊതുന്നു; തീയിൽനിന്നു വരുന്നത് ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ. 30 യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട് അവർക്ക് കറക്കൻവെള്ളി എന്നു പേരാകും.
<- യിരെമ്യാവ് 5യിരെമ്യാവ് 7 ->