12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പാനപാത്രം കുടിക്കുവാൻ അർഹതയില്ലാത്തവർ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷ വരാതെ പോകുമോ? നിനക്കു ശിക്ഷ വരാതെ പോകുകയില്ല; നീയും കുടിക്കേണ്ടിവരും. 13 ബൊസ്രാ ഭീതിവിഷയവും നിന്ദയും ശൂന്യവും ശാപവുമായിത്തീരും; അതിന്‍റെ എല്ലാ പട്ടണങ്ങളും നിത്യശൂന്യങ്ങളായിത്തീരും എന്നു ഞാൻ എന്നെക്കൊണ്ട് തന്നെ സത്യം ചെയ്തിരിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്.
14 “ ‘നിങ്ങൾ ഒരുമിച്ചുകൂടി അതിന്‍റെ നേരെ ചെല്ലുവിൻ;
യുദ്ധത്തിനായി എഴുന്നേല്ക്കുവിൻ!’
എന്നു വിളിച്ചുപറയുവാൻ ഒരു ദൂതനെ ജനതകളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു”
എന്ന വർത്തമാനം ഞാൻ യഹോവയിൽനിന്നു കേട്ടു.
15 ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറിയവനും
മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും.
16 പാറപ്പിളർപ്പുകളിൽ വസിച്ച് കുന്നുകളുടെ ഉയരങ്ങൾ കീഴടക്കുന്നവനേ,
നിന്‍റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്‍റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു;
നീ കഴുകനെപ്പോലെ നിന്‍റെ കൂട് ഉയരത്തിൽ വച്ചാലും
അവിടെനിന്ന് ഞാൻ നിന്നെ താഴെ ഇറക്കും”
എന്നു യഹോവയുടെ അരുളപ്പാട്.
17 ഏദോം ഭീതിവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും ഭയപ്പെട്ട് അതിന്‍റെ സകലബാധകളും നിമിത്തം നിന്ദയോടെ പെരുമാറും. 18 സൊദോമും ഗൊമോരയും അവയുടെ അയൽപട്ടണങ്ങളും നശിച്ചുപോയശേഷം എന്നപോലെ, അവിടെയും ആരും വസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ വസിക്കുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു. 19 യോർദ്ദാന്‍റെ വൻകാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചിൽപ്പുറങ്ങളിലേക്ക് കയറിവരുന്നു; ഞാൻ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന് നിയമിക്കും; എനിക്ക് സമനായവൻ ആര്‍? എന്നെ കുറ്റം ചുമത്തുന്നവൻ ആര്‍? എന്‍റെ മുമ്പാകെ നില്ക്കുവാൻ കഴിയുന്ന ഇടയൻ ആര്‍? 20 അതുകൊണ്ട് യഹോവ ഏദോമിനെക്കുറിച്ച് ആലോചിച്ച ആലോചനയും തേമാൻ നിവാസികളെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾക്കുവിൻ: ആട്ടിൻകൂട്ടത്തിൽ ചെറിയവരെ അവർ ഇഴച്ചുകൊണ്ടുപോകും; അവിടുന്ന് അവരുടെ മേച്ചിൽപ്പുറങ്ങളെ അവരോടുകൂടി ശൂന്യമാക്കും. 21 അവരുടെ വീഴ്ചയുടെ മുഴക്കത്താൽ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്‍റെ ശബ്ദം ചെങ്കടലിൽ കേൾക്കുന്നു! 22 അവൻ കഴുകനെപ്പോലെ പൊങ്ങി പറന്നുവന്ന് ബൊസ്രയുടെമേൽ ചിറകു വിരിക്കും; അന്നാളിൽ ഏദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.”
34 യെഹൂദാ രാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ ആരംഭത്തിൽ ഏലാമിനെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാടു എന്തെന്നാൽ:
35 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഏലാമിന്‍റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും. 36 ആകാശത്തിന്‍റെ നാലു ദിക്കിൽനിന്നും നാലു കാറ്റുകളെ ഞാൻ ഏലാമിൻ്റെ നേരെ വരുത്തി, ഈ കാറ്റുകളിലേക്ക് അവരെ ചിതറിച്ചുകളയും; ഏലാമിന്‍റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജനതയും ഉണ്ടായിരിക്കുകയില്ല. 37 ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർത്ഥം, എന്‍റെ ഉഗ്രകോപം തന്നെ, വരുത്തും” എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ നശിപ്പിച്ചുകളയും. 38 ഞാൻ എന്‍റെ സിംഹാസനം ഏലാമിൽ സ്ഥാപിച്ച്, അവിടെനിന്ന് രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും” എന്നു യഹോവയുടെ അരുളപ്പാട്.
39 എന്നാൽ ഒടുവിൽ ഞാൻ ഏലാമിന്‍റെ പ്രവാസം മാറ്റും” എന്നു യഹോവയുടെ അരുളപ്പാടു.