13 ബാബേൽരാജാവായ നെബൂഖദ്നേസർ ഈജിപ്റ്റിനെ ജയിക്കുവാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോട് യഹോവ കല്പിച്ച അരുളപ്പാട്. 14 “ഈജിപ്റ്റിൽ പ്രസ്താവിച്ച് മിഗ്ദോലിൽ പ്രസിദ്ധമാക്കി, നോഫിലും തഹ്പനേസിലും കേൾപ്പിക്കുവിൻ! ‘അണിനിരന്ന് ഒരുങ്ങിനില്ക്കുക’ എന്ന് പറയുവിൻ! വാൾ നിന്റെ ചുറ്റുമുള്ളവരെ നശിപ്പിച്ചുകളയുന്നുവല്ലോ. 15 നിന്റെ ബലവാന്മാർ വീണുകിടക്കുന്നതെന്ത്? യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് അവർക്ക് നില്ക്കുവാൻ കഴിഞ്ഞില്ല. 16 അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; “എഴുന്നേല്ക്കുവിൻ; നശിപ്പിക്കുന്ന വാളിൽനിന്ന് ഒഴിഞ്ഞ് നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോവുക” എന്ന് അവർ പറയും. 17 ഈജിപ്റ്റ് രാജാവായ ഫറവോന്: ‘വിനാശം’ എന്നും ‘സമയം തെറ്റി വരുന്നവൻ’ എന്നും പേര് പറയുവിൻ! 18 എന്നാണ, പർവ്വതങ്ങളിൽവച്ച് താബോർപോലെയും കടലിനരികിലുള്ള കർമ്മേൽപോലെയും നിശ്ചയമായിട്ട് അവൻ വരും” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്. 19 ഈജിപ്റ്റിൽ വസിക്കുന്ന പുത്രീ, പ്രവാസത്തിനു പോകുവാൻ ഒരുങ്ങുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും. 20 ഈജിപ്റ്റ് ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാൽ വടക്കുനിന്ന് ഈച്ചപോലെ നാശം അതിന്മേൽ വരുന്നു. 21 അതിന്റെ കൂലിപ്പടയാളികൾ അതിന്റെ മദ്ധ്യത്തിൽ കൊഴുപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; അവരും പിന്തിരിഞ്ഞ് ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കുകയാൽ അവർക്ക് നില്ക്കുവാൻ കഴിഞ്ഞില്ല. 22 അതിന്റെ ശബ്ദം പാമ്പ് ഓടുന്ന ശബ്ദംപോലെ; അവർ സൈന്യത്തോടുകൂടി നടന്ന്, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരെ വരും. 23 അതിന്റെ കാട് തിങ്ങിയതായിരുന്നാലും അവർ അതിനെ വെട്ടിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്; “അവർ വെട്ടുക്കിളികളെക്കാൾ അധികം; അവർക്ക് സംഖ്യയുമില്ല. 24 ഈജിപ്റ്റ്പുത്രി ലജ്ജിച്ചുപോകും; അവൾ വടക്കെ ജനതയുടെ കയ്യിൽ ഏല്പിക്കപ്പെടും. 25 ഞാൻ നോവിലെ അമ്മോനെയും ഫറവോനെയും ഈജിപ്റ്റിനെയും അതിന്റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദർശിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്നവരെയും സന്ദർശിക്കും” എന്ന് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 26 ഞാൻ അവരെ, അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവന്റെ ഭൃത്യന്മാരുടെ കൈയിലും ഏല്പിക്കും; അതിന്‍റെശേഷം പുരാതനകാലത്ത് എന്നപോലെ അതിന് നിവാസികൾ ഉണ്ടാകും” എന്ന് യഹോവയുടെ അരുളപ്പാട്. 27 എന്നാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടരുത്; യിസ്രായേലേ, നീ ഭ്രമിക്കരുത്; ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്ന് സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയുമില്ല. 28 എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടരുത്; ഞാൻ നിന്നോടുകൂടെ ഉണ്ടെന്ന്” യഹോവയുടെ അരുളപ്പാട്. “നിന്നെ ഞാൻ എവിടേക്ക് ചിതറിച്ചുകളഞ്ഞുവോ ആ സകലജനതകളെയും ഞാൻ നശിപ്പിച്ചുകളയും; എങ്കിലും നിന്നെ ഞാൻ നശിപ്പിച്ചുകളയുകയില്ല; ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും”.
<- യിരെമ്യാവ് 45യിരെമ്യാവ് 47 ->