4 അങ്ങനെ കാരേഹിന്‍റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകലജനവും യെഹൂദാദേശത്തു വസിക്കേണം എന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല. 5 സകലജാതികളുടെയും ഇടയിൽ ചിതറിപ്പോയിട്ട് യെഹൂദാദേശത്തു വസിക്കേണ്ടതിനു മടങ്ങിവന്ന മുഴുവൻ യെഹൂദാശിഷ്ടത്തെയും 6 പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസർ-അദാൻ ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകനായ ഗെദല്യാവിനെ ഏല്പിച്ചിരുന്ന എല്ലാവരെയും യിരെമ്യാപ്രവാചകനെയും നേര്യാവിൻ്റെ മകനായ ബാരൂക്കിനെയും കാരേഹിന്‍റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും കൂട്ടിക്കൊണ്ട്, 7 യഹോവയുടെ വാക്ക് അനുസരിക്കാതെ മിസ്രയീമിൽ ചെന്നു തഹ്പനേസ് വരെ എത്തി.
8 തഹ്പനേസിൽവച്ച് യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: 9 “നീ വലിയ കല്ലുകൾ എടുത്ത് യെഹൂദാപുരുഷന്മാർ കാൺകെ തഹ്പനേസിൽ ഫറവോന്‍റെ അരമനയുടെ പടിക്കലുള്ള കളത്തിലെ കളിമണ്ണിൽ കുഴിച്ചിട്ട് അവരോടു പറയേണ്ടത്: 10 “യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്‍റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ വരുത്തി ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്‍റെ സിംഹാസനം വയ്ക്കും; അവൻ അവയുടെമേൽ തന്‍റെ മണിപ്പന്തൽ നിവർത്തും. 11 അവൻ അന്നു മിസ്രയീം ജയിച്ചടക്കി മരണത്തിനുള്ളവരെ മരണത്തിനും പ്രവാസത്തിനുള്ളവരെ പ്രവാസത്തിനും വാളിനുള്ളവരെ വാളിനും ഏല്പിക്കും. 12 ഞാൻ മിസ്രയീമിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾക്കു തീ വയ്ക്കും; അവയെ ചുട്ടുകളഞ്ഞശേഷം അവൻ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകും; ഒരിടയൻ തന്‍റെ പുതപ്പ് ചെള്ളിനെ നീക്കി വൃത്തിയാക്കുന്നതുപോലെ [a]അവൻ മിസ്രയീം ദേശത്തെ പുതയ്ക്കുകയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടുപോകുകയും ചെയ്യും. 13 അവൻ മിസ്രയീം ദേശത്ത് ബേത്ത്-ശേമെശിലെ വിഗ്രഹങ്ങളെ തകർത്ത് മിസ്രയീമിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾ തീവച്ച് ചുട്ടുകളയും.“
<- യിരെമ്യാവ് 42യിരെമ്യാവ് 44 ->- a ഒരിടയൻ തന്‍റെ പുതപ്പ് ചെള്ളിനെ നീക്കി വൃത്തിയാക്കുന്നതുപോലെ ഒരിടയൻ തന്‍റെ പുതപ്പ് പുതയ്ക്കുന്നതു പോലെ
Languages