7 പത്തു ദിവസം കഴിഞ്ഞശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. 8 അവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ച് അവരോടു പറഞ്ഞത്: 9 നിങ്ങളുടെ അപേക്ഷ ബോധിപ്പിക്കുവാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 10 “നിങ്ങൾ ഈ ദേശത്തുതന്നെ വസിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്ക് വരുത്തിയ അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കുന്നു. 11 നിങ്ങൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഭയപ്പെടണ്ടാ; നിങ്ങളെ രക്ഷിക്കുവാനും അവന്റെ കൈയിൽനിന്ന് നിങ്ങളെ വിടുവിക്കുവാനും ഞാൻ നിങ്ങളോടുകൂടി ഉള്ളതുകൊണ്ട് അവനെ ഭയപ്പെടണ്ടാ” എന്ന് യഹോവയുടെ അരുളപ്പാട്. 12 അവന് നിങ്ങളോട് കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്ക് മടക്കി അയയ്ക്കുവാനും തക്കവിധം ഞാൻ നിങ്ങളോട് കരുണ കാണിക്കും. 13 എന്നാൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കാതെ ‘ഞങ്ങൾ ഈ ദേശത്തു വസിക്കുകയില്ല; 14 യുദ്ധം കാണുവാനില്ലാത്തതും കാഹളനാദം കേൾക്കുവാനില്ലാത്തതും ആഹാരത്തിനു മുട്ടില്ലാത്തതുമായ, ഈജിപ്റ്റിൽ ചെന്നു വസിക്കും’ എന്ന് പറയുന്നു എങ്കിൽ - ശേഷിക്കുന്ന യെഹൂദാജനമേ, 15 ഇപ്പോൾ യഹോവയുടെ വചനം കേൾക്കുവിൻ! യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈജിപ്റ്റിലേക്ക് പോകുവാൻ മനസ്സുവച്ച് അവിടെ ചെന്നു വസിക്കുവാൻ ഭാവിക്കുന്നു എങ്കിൽ - 16 നിങ്ങൾ പേടിക്കുന്ന വാൾ അവിടെ ഈജിപ്റ്റിൽവെച്ച് നിങ്ങളെ പിടിക്കും; നിങ്ങൾ ഭയപ്പെടുന്ന ക്ഷാമം അവിടെ ഈജിപ്റ്റിൽവെച്ച് നിങ്ങളെ ബാധിക്കും; അവിടെവച്ച് നിങ്ങൾ മരിക്കും. 17 ഈജിപ്റ്റിൽ ചെന്നു താമസിക്കേണ്ടതിന് അവിടെ പോകുവാൻ മനസ്സു വച്ചിരിക്കുന്ന എല്ലാവരും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാൻ അവർക്ക് വരുത്തുന്ന അനർത്ഥത്തിൽ അകപ്പെടാതെ അവരിൽ ആരും ശേഷിക്കുകയോ രക്ഷപെടുകയോ ചെയ്യുകയില്ല”. 18 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ കോപവും ക്രോധവും യെരൂശലേംനിവാസികളുടെ മേൽ ചൊരിഞ്ഞിരിക്കുന്നതുപോലെ തന്നെ, നിങ്ങൾ ഈജിപ്റ്റിൽ ചെല്ലുമ്പോൾ എന്റെ ക്രോധം നിങ്ങളുടെമേലും ചൊരിയും; നിങ്ങൾ ആണയ്ക്കും ഭീതിക്കും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല. 19 “യെഹൂദയിൽ ശേഷിപ്പുള്ളവരേ, നിങ്ങൾ ഈജിപ്റ്റിൽ പോകരുത്” എന്ന് യഹോവ കല്പിക്കുന്നു; ഞാൻ അത് ഇന്ന് നിങ്ങളോടു സാക്ഷീകരിച്ചിരിക്കുന്നു എന്ന് നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ”. 20 “നീ ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം; ഞങ്ങളുടെ ദൈവമായ യഹോവ കല്പിക്കുന്നതെല്ലാം നീ ഞങ്ങളോട് അറിയിക്കണം; ഞങ്ങൾ അതുപോലെ ചെയ്യും” എന്നു പറഞ്ഞ് നിങ്ങൾ എന്നെ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ അയച്ചു. 21 ഞാൻ ഇന്ന് അത് നിങ്ങളോട് അറിയിക്കുകയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക്, ഞാൻ മുഖാന്തരം അവിടുന്ന് നിങ്ങളോട് അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങൾ നിങ്ങളെത്തന്നെ ചതിച്ചിരിക്കുന്നു. 22 അതിനാൽ നിങ്ങൾ ഇപ്പോൾ ചെന്നുപാർക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ച് നിങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും എന്ന് അറിഞ്ഞുകൊള്ളുവിൻ”.
<- യിരെമ്യാവ് 41യിരെമ്യാവ് 43 ->