16 അങ്ങനെ ആധാരം നേര്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കൽ ഏല്പിച്ചശേഷം, ഞാൻ യഹോവയോടു പ്രാർത്ഥിച്ചത് എന്തെന്നാൽ: 17 “അയ്യോ, യഹോവയായ കർത്താവേ, അവിടുത്തെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; അങ്ങേക്ക് അസാദ്ധ്യമായത് ഒന്നുമില്ല. 18 അവിടുന്ന് ആയിരം തലമുറയോളം ദയ കാണിക്കുകയും പിതാക്കന്മാരുടെ അകൃത്യത്തിന് അവരുടെ ശേഷം അവരുടെ മക്കളുടെ മാർവ്വിടത്തിൽ പകരം കൊടുക്കുകയും ചെയ്യുന്നു; മഹത്ത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലയോ അവിടുത്തെ നാമം. 19 അവിടുന്ന് ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തനും ആകുന്നു; ഓരോരുത്തന് അവനവന്റെ നടപ്പിനും പ്രവൃത്തികളുടെ ഫലത്തിനും തക്കവിധം കൊടുക്കണ്ടതിന് അങ്ങ് മനുഷ്യരുടെ എല്ലാ വഴികളിന്മേലും ദൃഷ്ടിവക്കുന്നു. 20 അവിടുന്ന് ഈജിപ്റ്റിലും, ഇന്നുവരെയും യിസ്രായേലിലും മറ്റു മനുഷ്യരുടെ ഇടയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് ഇന്നുള്ളതുപോലെ അവിടുത്തേക്ക് ഒരു നാമം സമ്പാദിക്കുകയും 21 അവിടുത്തെ ജനമായ യിസ്രായേലിനെ അടയാളങ്ങൾകൊണ്ടും അത്ഭുതങ്ങൾകൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുകയും 22 അവരുടെ പിതാക്കന്മാർക്ക് കൊടുക്കുവാൻ അങ്ങ് അവരോട് സത്യം ചെയ്തിരുന്ന, പാലും തേനും ഒഴുകുന്ന ഈ ദേശം അവർക്ക് കൊടുക്കുകയും ചെയ്തു. 23 അവർ അതിൽ കടന്ന് അതിനെ കൈവശമാക്കി; എങ്കിലും അവർ അവിടുത്തെ വാക്ക് അനുസരിക്കുകയോ അവിടുത്തെ ന്യായപ്രമാണംപോലെ നടക്കുകയോ ചെയ്തില്ല; ചെയ്യുവാൻ അങ്ങ് അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ട് ഈ അനർത്ഥങ്ങൾ സകലവും അങ്ങ് അവർക്ക് വരുത്തിയിരിക്കുന്നു. 24 ഇതാ, ഉപരോധക്കോട്ടകൾ! അവർ നഗരത്തെ പിടിക്കേണ്ടതിന് അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും കാരണം ഈ നഗരം അതിന് നേരെ യുദ്ധം ചെയ്യുന്ന കൽദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അരുളിച്ചെയ്തത് സംഭവിച്ചിരിക്കുന്നു; അങ്ങ് അത് കാണുന്നുവല്ലോ. 25 യഹോവയായ കർത്താവേ, നഗരം കൽദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലയ്ക്കു വാങ്ങി അതിന് സാക്ഷികളെ വയ്ക്കുവാൻ അങ്ങ് എന്നോട് കല്പിച്ചുവല്ലോ”. 26 അപ്പോൾ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായത് എന്തെന്നാൽ: 27 “ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്ക് കഴിയാത്ത വല്ല കാര്യവും ഉണ്ടോ?” 28 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ നഗരത്തെ കൽദയരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും ഏല്പിക്കും; അവൻ അതിനെ പിടിക്കും. 29 ഈ നഗരത്തിന്റെ നേരെ യുദ്ധം ചെയ്യുന്ന കൽദയർ വന്ന് നഗരത്തിനു തീ വെച്ചു, എന്നെ കോപിപ്പിക്കേണ്ടതിന് മേല്പുരകളിൽവച്ച് ബാലിനു ധൂപം കാട്ടുകയും അന്യദേവന്മാർക്കു പാനീയബലി അർപ്പിക്കുകയും ചെയ്തിരുന്ന വീടുകളോടുകൂടി അതിനെ ചുട്ടുകളയും. 30 യിസ്രായേൽമക്കളും യെഹൂദാമക്കളും ബാല്യംമുതൽ എനിക്ക് അനിഷ്ടമായുള്ളതു മാത്രം ചെയ്തുവന്നു; യിസ്രായേൽ മക്കൾ അവരുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു” എന്ന് യഹോവയുടെ അരുളപ്പാട്. 31 “അവർ ഈ നഗരത്തെ പണിത നാൾമുതൽ ഇന്നുവരെയും ഞാൻ അതിനെ എന്റെ മുമ്പിൽനിന്ന് നീക്കിക്കളയത്തക്കവണ്ണം അത് എനിക്ക് കോപവും ക്രോധവും വരുത്തിയിരിക്കുന്നു. 32 എന്നെ കോപിപ്പിക്കേണ്ടതിന് യിസ്രായേൽമക്കളും യെഹൂദാമക്കളും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ചെയ്ത സകലദോഷവും നിമിത്തംതന്നെ. 33 അവർ മുഖമല്ല, പുറമത്രേ എന്നിലേക്കു തിരിച്ചിരിക്കുന്നത്; ഞാൻ ഇടവിടാതെ അവരെ ഉപദേശിച്ചു പഠിപ്പിച്ചിട്ടും, ഉപദേശം കൈക്കൊള്ളുവാൻ അവർ മനസ്സുവച്ചില്ല. 34 എന്റെ നാമം വിളിച്ചിരിക്കുന്ന ആലയം അശുദ്ധമാക്കുവാൻ തക്കവണ്ണം അവർ അതിൽ മ്ലേച്ഛവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു. 35 മോലെക്കിന് അവരുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന് അവർ ബെൻ-ഹിന്നോം താഴ്വരയിൽ ബാലിന്റെ പൂജാഗിരികൾ പണിതു; ഈ മ്ലേച്ഛതകൾ പ്രവർത്തിച്ച് യെഹൂദയെക്കൊണ്ട് പാപം ചെയ്യിക്കുവാൻ ഞാൻ അവരോടു കല്പിച്ചിട്ടില്ല; എന്റെ മനസ്സിൽ അത് തോന്നിയിട്ടുമില്ല”. 36 ‘ഇപ്പോൾ, വാൾ, ക്ഷാമം, മഹാമാരി എന്നിവയാൽ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടുന്നു’ എന്ന് നിങ്ങൾ പറയുന്ന ഈ നഗരത്തെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 37 എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്ക് മടക്കിവരുത്തി അതിൽ നിർഭയമായി വസിക്കുമാറാക്കും. 38 അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും. 39 അവർക്കും അവരുടെ ശേഷം അവരുടെ മക്കൾക്കും നന്മവരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന് ഞാൻ അവർക്ക് ഏകമനസ്സും ഏകമാർഗ്ഗവും കൊടുക്കും. 40 ഞാൻ അവരെ വിട്ടുപിരിയാതെ അവർക്ക് നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോട് ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിക്കുവാൻ എന്നോടുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും. 41 ഞാൻ അവരിൽ സന്തോഷിച്ച് അവർക്ക് ഗുണം ചെയ്യും. ഞാൻ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അവരെ ഈ ദേശത്തു നടും”. 42 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന് ഈ വലിയ അനർത്ഥമെല്ലാം വരുത്തിയതുപോലെ തന്നെ ഞാൻ അവർക്ക് വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാ നന്മയും അവർക്ക് വരുത്തും. 43 ‘മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കൽദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു’ എന്ന് നിങ്ങൾ പറയുന്ന ഈ ദേശത്ത് അവർ നിലങ്ങൾ വിലയ്ക്കു വാങ്ങും. 44 ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുന്നതുകൊണ്ട് ബെന്യാമീൻദേശത്തും യെരൂശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ആളുകൾ നിലങ്ങൾ വിലയ്ക്കു വാങ്ങി ആധാരങ്ങൾ എഴുതി മുദ്രയിട്ട് സാക്ഷികളെയും വയ്ക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
<- യിരെമ്യാവ് 31യിരെമ്യാവ് 33 ->*32. 9 പതിനേഴ് ശേക്കെൽ 200 ഗ്രാം വെള്ളി