3 അപ്പോൾ യിരെമ്യാവിന് യഹോവയിൽ നിന്നു അരുളപ്പാടുണ്ടായി. യിരെമ്യാവ് അവരോടു പറഞ്ഞത്: “നിങ്ങൾ സിദെക്കീയാവിനോട് ഇപ്രകാരം പറയേണം: 4 യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മതിലുകൾക്കു പുറത്തുനിന്ന് നിങ്ങളെ ഉപരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കൽദയരോടും യുദ്ധം ചെയ്യുവാൻ നിങ്ങളുടെ കയ്യിലുള്ള ആയുധങ്ങളെ ഞാൻ ഉപയോഗശൂന്യമാക്കി, ഈ നഗരത്തിന്‍റെ മദ്ധ്യത്തിൽ കൂട്ടും. 5 ഞാൻ തന്നെയും, നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടി നിങ്ങളോട് യുദ്ധം ചെയ്യും. 6 ഈ നഗരത്തിൽ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാൻ സംഹരിക്കും; അവർ മഹാമാരിയാൽ മരിക്കും. 7 അതിന്‍റെശേഷം യെഹൂദാ രാജാവായ സിദെക്കീയാവിനെയും അവന്‍റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവയിൽനിന്ന് രക്ഷപെട്ട് ശേഷിച്ചവരെ തന്നെ, ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്‍റെ വായ്ത്തലകൊണ്ട് സംഹരിക്കും” എന്നു യഹോവയുടെ അരുളപ്പാടു.
8 “നീ ഈ ജനത്തോടു പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ജീവന്‍റെ വഴിയും മരണത്തിന്‍റെ വഴിയും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. 9 ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ ഉപരോധിച്ചിരിക്കുന്ന കൽദയരുടെ പക്ഷം ചെന്നു ചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്‍റെ ജീവൻ അവന് കൊള്ള കിട്ടിയതുപോലെ ഇരിക്കും. 10 ഞാൻ എന്‍റെ മുഖം ഈ നഗരത്തിനുനേരെ നന്മയ്ക്കല്ല തിന്മയ്ക്കത്രേ വച്ചിരിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാടു. “അതിനെ ബാബേൽരാജാവിന്‍റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ തീവച്ചു ചുട്ടുകളയും.”
Languages