6 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: “നീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ വീഥികളിലും ഈ വചനങ്ങളെല്ലാം വിളിച്ചുപറയുക: ‘ഈ നിയമത്തിന്‍റെ വചനങ്ങൾ കേട്ടു ചെയ്തുകൊള്ളുവിൻ.’ 7 ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെ മിസ്രയീമിൽ നിന്നു കൊണ്ടുവന്ന നാളിലും ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും അവരോട്: “എന്‍റെ വാക്കു കേൾക്കുവിൻ” എന്നു പറഞ്ഞ് സാക്ഷീകരിച്ചിരിക്കുന്നു. 8 എന്നാൽ അവർ അനുസരിക്കുകയും ചെവി ചായിക്കുകയും ചെയ്യാതെ ഓരോരുത്തൻ അവനവന്‍റെ ദുഷ്ടഹൃദയത്തിൻ്റെ ശാഠ്യപ്രകാരം നടന്നു; അതുകൊണ്ട് ഞാൻ അവരോടു ചെയ്യുവാൻ കല്പിച്ചതും അവർ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്‍റെ വചനങ്ങളെപ്പോലെ എല്ലാം ഞാൻ അവരുടെ മേൽ വരുത്തിയിരിക്കുന്നു.”
9 യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത്: “യെഹൂദാപുരുഷന്മാരുടെ ഇടയിലും യെരൂശലേംനിവാസികളുടെ ഇടയിലും ഒരു കൂട്ടുകെട്ടു കണ്ടിരിക്കുന്നു. 10 അവർ എന്‍റെ വചനങ്ങൾ കേട്ടനുസരിക്കാത്ത പൂർവ്വ പിതാക്കന്മാരുടെ അകൃത്യങ്ങളിലേക്കു തിരിഞ്ഞ്, അന്യദേവന്മാരെ സേവിക്കുവാൻ അവരോടു ചേർന്നിരിക്കുന്നു; ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാരോട് ചെയ്ത നിയമം യിസ്രായേൽ ഗൃഹവും യെഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു.” 11 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “രക്ഷപെടുവാൻ കഴിയാത്ത ഒരനർത്ഥം ഞാൻ അവർക്ക് വരുത്തും; അവർ എന്നോട് നിലവിളിച്ചാലും ഞാൻ കേൾക്കുകയില്ല. 12 അപ്പോൾ യെഹൂദാപട്ടണങ്ങളും യെരൂശലേം നിവാസികളും ചെന്നു, അവർ ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവർ അവരെ അനർത്ഥകാലത്തു രക്ഷിക്കുകയില്ല. 13 യെഹൂദയേ, നിന്‍റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ട്; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങൾ ആ ലജ്ജാവിഗ്രഹത്തിനു ബലിപീഠങ്ങളെ, ബാലിനു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നെ തീർത്തിരിക്കുന്നു.
14 ”അതിനാൽ നീ ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുത്; അവർക്ക് വേണ്ടി യാചനയോ പക്ഷവാദമോ കഴിക്കുകയുമരുത്; അവർ അനർത്ഥംനിമിത്തം എന്നോട് നിലവിളിക്കുമ്പോൾ ഞാൻ കേൾക്കുകയില്ല. 15 എന്‍റെ പ്രിയക്ക് എന്‍റെ ആലയത്തിൽ എന്ത് കാര്യം? അവൾ പലരോടുംകൂടി ദുഷ്കർമ്മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടു പോയിരിക്കുന്നു; ദോഷം ചെയ്യുമ്പോൾ നീ ഉല്ലസിക്കുന്നു. 16 ‘മനോഹര ഫലങ്ങളാൽ ശോഭിതമായ പച്ച ഒലിവുവൃക്ഷം’ എന്നു യഹോവ നിനക്കു പേർ വിളിച്ചിരുന്നു; എന്നാൽ മഹാകോലാഹലത്തോടെ അവൻ അതിന് തീ വച്ചുകളഞ്ഞു; അതിന്‍റെ കൊമ്പുകളും ഒടിഞ്ഞു കിടക്കുന്നു. 17 യിസ്രായേൽ ഗൃഹവും യെഹൂദാഗൃഹവും ബാലിനു ധൂപം കാട്ടി എന്നെ കോപിപ്പിച്ചതിനാൽ ദോഷം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ നിന്നെ നട്ടിരിക്കുന്ന സൈന്യങ്ങളുടെ യഹോവ നിനക്കു അനർത്ഥം വിധിച്ചിരിക്കുന്നു.”
Languages