10
1 “യിസ്രായേൽ ഗൃഹമേ, യഹോവ നിങ്ങളോട് അരുളിച്ചെയ്യുന്ന വചനം കേൾക്കുവിൻ! 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനതകളുടെ വഴി പഠിക്കരുത്; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ട് ഭ്രമിക്കരുത്; ജനതകൾ അല്ലയോ അവ കണ്ടു ഭ്രമിക്കുന്നത്. 3 ജനതകളുടെ ചട്ടങ്ങൾ മിഥ്യാമൂർത്തിയെ സംബന്ധിച്ചാകുന്നു; അത് ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും, ആശാരി ഉളികൊണ്ടു ചെയ്ത പണിയും അത്രേ. 4 അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ട് അലങ്കരിക്കുന്നു; അത് ഇളകാതെയിരിക്കേണ്ടതിന് അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു. 5 അവ വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവയ്ക്കു നടക്കുവാൻ കഴിവില്ലാത്തതുകൊണ്ട് അവയെ ചുമന്നുകൊണ്ടു പോകണം; അവയെ ഭയപ്പെടരുത്; ഒരു ദോഷവും ചെയ്യുവാൻ അവയ്ക്കു കഴിയുകയില്ല; ഗുണം ചെയ്യുവാനും അവയ്ക്കു പ്രാപ്തിയില്ല”. 6 യഹോവേ, അങ്ങേക്കു തുല്യനായി ആരുമില്ല; അവിടുന്ന് വലിയവനും അവിടുത്തെ നാമം അത്യന്തം ശക്തിയുള്ളതും ആകുന്നു. 7 ജനതകളുടെ രാജാവേ, ആര് അങ്ങയെ ഭയപ്പെടാതെയിരിക്കും? അത് അങ്ങേക്കു യോഗ്യമാകുന്നു; ജനതകളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും അങ്ങയോടു തുല്യനായി ആരും ഇല്ല. 8 അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിഥ്യാമൂർത്തികളുടെ ഉപദേശമോ മരക്കഷണമത്രേ. 9 തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും ഊഫാസിൽനിന്ന് പൊന്നും കൊണ്ടുവരുന്നു; അത് കൗശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണി തന്നെ; നീലയും രക്താംബരവും അവയുടെ ഉടുപ്പ്; അവയെല്ലാം കൗശലപ്പണിക്കാരുടെ പണിതന്നെ. 10 യഹോവയോ സത്യദൈവം; അവിടുന്ന് ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ; അവിടുത്തെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജനതകൾക്ക് അവിടുത്തെ ഉഗ്രകോപം സഹിക്കുവാൻ കഴിയുകയുമില്ല. 11 ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും” എന്നിങ്ങനെ അവരോടു പറയുവിൻ. 12 അവിടുന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു; തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു. 13 അവിടുന്ന് തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്ത് വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവിടുന്ന് നീരാവി പൊങ്ങുമാറാക്കുന്നു; മഴയ്ക്കു മിന്നൽ ഉണ്ടാക്കി, തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റു പുറപ്പെടുവിക്കുന്നു. 14 ഏതു മനുഷ്യനും മൃഗപ്രായനും, പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ വിഗ്രഹം വ്യാജമായതുകൊണ്ടത്രേ; അവയിൽ ശ്വാസവുമില്ല. 15 അവ മായയും വ്യർത്ഥപ്രവൃത്തിയും തന്നെ; ശിക്ഷയുടെ കാലത്ത് അവ നശിച്ചുപോകും. 16 യാക്കോബിന്റെ ഓഹരിയായവൻ അവയെപ്പോലെയല്ല; അവിടുന്ന് സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവിടുത്തെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം. 17 ഉപരോധിക്കപ്പെട്ടവളേ, നിലത്തുനിന്നു നിന്റെ ഭാണ്ഡം എടുത്തുകൊള്ളുക”. 18 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ പ്രാവശ്യം ദേശത്തിലെ നിവാസികളെ കവിണയിൽ വച്ച് എറിഞ്ഞുകളയുകയും, അവർ മനം തിരിയത്തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും. 19 എന്റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം! എന്റെ മുറിവ് വ്യസനകരമാകുന്നു; എങ്കിലും: “അത് എന്റെ രോഗം! ഞാൻ അത് സഹിച്ചേ മതിയാവു” എന്ന് ഞാൻ പറഞ്ഞു. 20 എന്റെ കൂടാരം കവർച്ചയായിപ്പോയിരിക്കുന്നു; എന്റെ കയറുകൾ പൊട്ടിപ്പോയിരിക്കുന്നു; എന്റെ മക്കൾ എന്നെ വിട്ടുപോയി; അവർ ഇല്ലാതായിരിക്കുന്നു; ഇനി എന്റെ കൂടാരം അടിക്കുവാനും തിരശ്ശീല നിവിർക്കുവാനും ആരുമില്ല. 21 ഇടയന്മാർ മൃഗപ്രായരായിത്തീർന്നു; യഹോവയെ അന്വേഷിക്കുന്നില്ല; അതുകൊണ്ട് അവർ കൃതാർത്ഥരായില്ല; അവരുടെ ആട്ടിൻകൂട്ടം എല്ലാം ചിതറിപ്പോയി. 22 കേട്ടോ, ഒരു ശ്രുതി: “ഇതാ, യെഹൂദപട്ടണങ്ങൾ ശൂന്യവും കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന് അത് വടക്കുനിന്ന് ഒരു മഹാകോലാഹലവുമായി വരുന്നു. 23 യഹോവേ, മനുഷ്യന് തന്റെ വഴിയും നടക്കുന്നവനു തന്റെ കാലടികൾ നിയന്ത്രിക്കുവാനും സാദ്ധ്യമല്ല എന്ന് ഞാൻ അറിയുന്നു. 24 യഹോവേ, ഞാൻ ഇല്ലാതെയായിപ്പോകാതിരിക്കേണ്ടതിന് അവിടുന്ന് എന്നെ കോപത്തോടെയല്ല ന്യായത്തോടെ ശിക്ഷിക്കണമേ. 25 അങ്ങയെ അറിയാത്ത ജനതകളുടെമേലും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും അവിടുത്തെ ക്രോധം പകരണമേ; അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞുവല്ലോ; അവർ അവനെ വിഴുങ്ങി നശിപ്പിച്ച് അവന്റെ വാസസ്ഥലം ശൂന്യമാക്കിയിരിക്കുന്നു.
<- യിരെമ്യാവ് 9യിരെമ്യാവ് 11 ->