Link to home pageLanguagesLink to all Bible versions on this site

യിരെമ്യാവ്
ഗ്രന്ഥകര്‍ത്താവ്
യിരെമ്യാവ്, അദ്ദേഹത്തിന്റെ പകര്‍പ്പെഴുത്തുകാരനായ ബാരൂക്കും ഹില്കിയാവു എന്ന പുരോഹിതന്റെ മകനായിരുന്നു യിരെമ്യാവു പ്രവാചകനും ഒരു പുരോഹിതനും കൂടിയായിരുന്നു അദ്ദേഹം. 2 രാജാ. 22:8. അനത്തോത്ത് എന്ന ചെറിയ ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയായിരുന്നു. യിരെ 1:1 ബാരൂക് എന്ന് പേരുള്ള ഒരു ശാസ്ത്രിയുടെ സഹായത്തോടെയാണ് പ്രവാചകന്‍ പുസ്തക രചന നടത്തിയത്. (36:4, 32; 45:1) കരയുന്ന പ്രവാചകന്‍ എന്നാണ് യിരെമ്യാവ് അറിയപ്പെട്ടത്. (യിരെ 9:1; 13:17; 14:17), ബാബിലോണ്യ അധിനിവേശ ന്യായവിധിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ നിമിത്തം പ്രശ്ന കലുഷിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 626-570.
ബാബിലോന്യപ്രവാസ കാലത്തായിരിക്കാം പുസ്തക രചന നടന്നിട്ടുണ്ടാവുക.
സ്വീകര്‍ത്താവ്
യഹൂദജനത്തിനും യെരുശലേമിനും, മറ്റു വായനക്കാര്‍ക്കും.
ഉദ്ദേശം
ക്രിസ്തുവിന്റെ വരവില്‍ ദൈവം മാനവരാശിക്ക് കൊടുപ്പാനിരിക്കുന്ന പുതിയ ഉടമ്പടിയുടെ വ്യക്തമായ ഒരു ചിത്രമാണ് യിരെമ്യാവു നല്കുന്നത്. ഈ ഉടമ്പടി ദൈവജനത്തിന്റെ പുനഃസ്ഥാപനവും തൻറെ നിയമത്തെ കല്പലകകളിലല്ല അവരുടെ ഹൃദയങ്ങളില്‍തന്നെ എഴുത്തും എന്ന പുതിയ ഉടമ്പടി മാനസാന്തരപ്പെടാത്ത ജനത്തിന്റെ ദേശത്തിന്മേൽ വന്നു ഭവിക്കുവാൻ പോകുന്ന നാശത്തെക്കുറിച്ചു യഹൂദക്കുള്ള മുന്നറിയിപ്പാണ് ഈ പുസ്തകം. യഹോവയിങ്കലേക്ക് മടങ്ങിവരുവാൻ ജനത്തെ പ്രവാചകന് ആഹ്വാനം ചെയ്യുന്നു ദേശത്തിൻറെ അധാർമികതയും വിഗ്രഹാരാധനയും നിമിത്തം വരുവാനിരിക്കുന്ന ന്യായവിധിയുടെ അനിവാര്യതയെ പ്രവാചകൻ ഉറപ്പിക്കുകയാണ്.
പ്രമേയം
ന്യായവിധി
സംക്ഷേപം
1. യിരെമ്യാവു ദൈവത്താല്‍ വിളിക്കപ്പെടുന്നു, — 1:1-19
2. യഹൂദയോടുള്ള മുന്നറിയിപ്പ്. — 2:1-35:19
3. യിരെമ്യാവിന്റെ കഷ്ടത. — 36:1-38:28
4. യെരുശലേമിന്റെ പതനവും കീഴടക്കലും. — 39:1-45:5
5. രാജ്യത്തോടുള്ള പ്രവചനം. — 46:1-51:64
6. ചരിത്രപരമായ. — 52:1-34

1 ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ. 2 അവന്, യെഹൂദാ രാജാവായ ആമോന്റെ മകൻ യോശീയാവിന്റെ കാലത്ത്, അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടിൽ, യഹോവയുടെ അരുളപ്പാടുണ്ടായി. 3 യെഹൂദാ രാജാവായ യോശീയാവിന്റെ മകൻ യെഹോയാക്കീമിന്റെ വാഴ്ചയുടെ കാലത്തും യെഹൂദാ രാജാവായ യോശീയാവിന്റെ മകൻ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും, അഞ്ചാം മാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്ക് കൊണ്ടുപോയതുവരെയും തന്നെ, അവന് അരുളപ്പാട് ഉണ്ടായി. 4 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 5 “നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പ് ഞാൻ നിന്നെ അറിഞ്ഞ്; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനു മുമ്പ് ഞാൻ നിന്നെ വിശുദ്ധീകരിച്ച്, ജനതകൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു”. 6 എന്നാൽ ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, എനിക്ക് സംസാരിക്കുവാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലയോ” എന്നു പറഞ്ഞു. 7 അതിന് യഹോവ എന്നോട് അരുളിച്ചെയ്തത്: “ ‘ഞാൻ ബാലൻ’ എന്നു നീ പറയരുത്; ഞാൻ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോട് കല്പിക്കുന്നതെല്ലാം സംസാരിക്കുകയും വേണം. 8 നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിന് ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്ന് യഹോവയുടെ അരുളപ്പാട്. 9 പിന്നെ യഹോവ കൈ നീട്ടി എന്റെ അധരങ്ങളെ സ്പർശിച്ചു: “ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു; 10 നോക്കുക; നിർമ്മൂലമാക്കുവാനും പൊളിക്കുവാനും നശിപ്പിക്കുവാനും ഇടിച്ചുകളയുവാനും പണിയുവാനും നടുവാനും വേണ്ടി ഞാൻ നിന്നെ ഇന്ന് ജനതകളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവച്ചിരിക്കുന്നു” എന്ന് യഹോവ എന്നോട് കല്പിച്ചു. 11 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “യിരെമ്യാവേ, നീ എന്ത് കാണുന്നു” എന്ന് ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പ് കാണുന്നു എന്നു ഞാൻ പറഞ്ഞു. 12 യഹോവ എന്നോട്: “നീ കണ്ടത് ശരിതന്നെ; എന്റെ വചനം നിവർത്തിക്കേണ്ടതിന് ഞാൻ ജാഗരിച്ചു കൊള്ളും” എന്ന് അരുളിച്ചെയ്തു. 13 യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: “നീ എന്ത് കാണുന്നു” എന്ന് ചോദിച്ചു. “തിളക്കുന്ന ഒരു കലം കാണുന്നു. അത് വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു” എന്ന് ഞാൻ പറഞ്ഞു. 14 യഹോവ എന്നോട്: “വടക്കുനിന്ന് ദേശത്തിലെ സർവ്വനിവാസികൾക്കും അനർത്ഥം വരും. 15 ഞാൻ വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും” എന്ന് യഹോവയുടെ അരുളപ്പാട്; അവർ വന്ന്, ഓരോരുത്തൻ അവനവന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകൾക്കു നേരെയും യെഹൂദയിലെ എല്ലാപട്ടണങ്ങൾക്കു നേരെയും വയ്ക്കും. 16 അവർ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാർക്ക് ധൂപം കാട്ടി, അവരുടെ കൈപ്പണികളെ *കൈപ്പണികളെ വിഗ്രഹങ്ങള്‍നമസ്കരിക്കുകയും ചെയ്ത സകലദോഷത്തെയും കുറിച്ച് ഞാൻ അവരോടു ന്യായവാദം കഴിക്കും. 17 അതിനാൽ നീ അരകെട്ടി, എഴുന്നേറ്റ് ഞാൻ നിന്നോട് കല്പിക്കുന്നതെല്ലാം അവരോടു പ്രസ്താവിക്കുക; ഞാൻ നിന്നെ അവരുടെ മുമ്പിൽ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിന് നീ അവരെ കണ്ടു ഭ്രമിച്ചുപോകരുത്. 18 ഞാൻ ഇന്ന് നിന്നെ സർവ്വദേശത്തിനും യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിനും നേരെ ഉറപ്പുള്ള ഒരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു. 19 അവർ നിന്നോട് യുദ്ധം ചെയ്യും; നിന്നെ ജയിക്കുകയില്ലതാനും; നിന്നെ രക്ഷിക്കുവാൻ ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്ന് യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 2 ->