9 യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ കാലേബിന്‍റെ അനുജനായ കെനസിന്‍റെ മകൻ ഒത്നീയേലിനെ അവർക്ക് രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു. 10 അവന്‍റെമേൽ യഹോവയുടെ ആത്മാവ് വന്നു; അവൻ യിസ്രായേലിനു ന്യായപാലനം ചെയ്തു. അവൻ യുദ്ധത്തിന് പോയപ്പോൾ മെസൊപ്പൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ ജയിക്കുവാൻ യഹോവയാൽ അവന് സാധിച്ചു; അവൻ കൂശൻരിശാഥയീമിന്‍റെമേൽ ആധിപത്യം പ്രാപിച്ചു. 11 അങ്ങനെ ദേശത്തിന് നാല്പതു വർഷം സ്വസ്ഥത ഉണ്ടായി. അതിനുശേഷം കെനസിന്‍റെ മകനായ ഒത്നീയേൽ മരിച്ചു.
15 യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകൻ ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു. അവന്‍റെ കൈവശം യിസ്രായേൽ മക്കൾ മോവാബ്‌രാജാവായ എഗ്ലോന് കപ്പം കൊടുത്തയച്ചു. 16 അനന്തരം ഏഹൂദ്, ഒരു മുഴം നീളവും ഇരുപുറവും മൂർച്ചയുമുള്ള ഒരു കഠാര ഉണ്ടാക്കി; അത് വസ്ത്രത്തിന്‍റെ ഉള്ളിൽ വലത്തെ തുടെക്കു കെട്ടി. 17 അങ്ങനെ അവൻ മോവാബ്‌രാജാവായ എഗ്ലോന്‍റെ അടുക്കൽ കപ്പം കൊണ്ട് ചെന്നു; എഗ്ലോൻ വളരെ തടിച്ച ശരീരമുള്ളവൻ ആയിരുന്നു. 18 കപ്പം കൊണ്ടുവന്നശേഷം അത് ചുമന്നുകൊണ്ടു വന്നവരെ അവൻ പറഞ്ഞയച്ചു. 19 എന്നാൽ അവൻ ഗില്ഗാലിലുള്ള ശിലാവിഗ്രഹങ്ങളുടെ അടുക്കൽനിന്ന് മടങ്ങിച്ചെന്ന്: “രാജാവേ, എനിക്ക് അങ്ങേയോട് ഒരു രഹസ്യസന്ദേശം അറിയിപ്പാനുണ്ട്” എന്നു പറഞ്ഞു.
20 ഏഹൂദ് അടുത്തുചെന്നു. അപ്പോൾ അവൻ തന്‍റെ വേനൽക്കാലവസതിയുടെ മുകളിലത്തെ നിലയിലുള്ള സ്വകാര്യമുറിയിൽ തനിച്ച് ഇരിക്കയായിരുന്നു. ”എനിക്ക് ദൈവത്തിന്‍റെ അരുളപ്പാട് അറിയിക്കുവാൻ ഉണ്ട്” എന്നു ഏഹൂദ് പറഞ്ഞു. ഉടനെ അവൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു. 21 അപ്പോൾ ഏഹൂദ് ഇടത്ത് കൈ നീട്ടി വലത്തെ തുടയിൽ നിന്നു കഠാര ഊരി അവന്‍റെ വയറ്റിൽ കുത്തിയിറക്കി. 22 കഠാരയോടുകൂടെ പിടിയും അകത്ത് ചെന്നു; അവന്‍റെ വയറ്റിൽനിന്നു കഠാര അവൻ വലിച്ചെടുക്കാതിരുന്നതിനാൽ കൊഴുപ്പ് കഠാരമേൽ പൊതിഞ്ഞു; കൊഴുപ്പ് അവന്‍റെ പിന്നില്‍ക്കൂടി പുറത്തു വന്നു[b]. 23 പിന്നെ ഏഹൂദ് പൂമുഖത്ത് ഇറങ്ങി മാളികയുടെ വാതിൽ അടച്ചുപൂട്ടി.
24 അവൻ പുറത്തു പോയശേഷം എഗ്ലോന്‍റെ ഭൃത്യന്മാർ വന്നു, അവരുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നത് കണ്ടു; അവൻ തന്‍റെ സ്വകാര്യമുറിയിൽ വിസർജ്ജനത്തിന് ഇരിക്കയായിരിക്കും എന്ന് അവർ പറഞ്ഞു. 25 അങ്ങനെ അവർ ഏറെനേരം കാത്തിരുന്നു വിഷമിച്ചിട്ടും മുറിയുടെ വാതിൽ തുറന്നുകണ്ടില്ല. അതുകൊണ്ട് അവർ താക്കോൽ എടുത്ത് വാതിൽ തുറന്നു;
26 അപ്പോൾ അവരുടെ യജമാനൻ നിലത്ത് മരിച്ചു കിടക്കുന്നത് കണ്ടു. എന്നാൽ അവർ കാത്തിരുന്നതിന്നിടയിൽ ഏഹൂദ് ഓടി രക്ഷപ്പെട്ടു, ശിലാവിഗ്രഹങ്ങളെ കടന്ന് സെയീരയിൽ എത്തിച്ചേർന്നു. 27 അവിടെ എത്തിയശേഷം അവൻ എഫ്രയീംപർവ്വതത്തിൽ കാഹളം ഊതി; യിസ്രായേൽ മക്കൾ അവനോടുകൂടെ പർവ്വതത്തിൽനിന്ന് ഇറങ്ങി; അവൻ അവരുടെ നായകനായി.
28 അവൻ അവരോട്: ”എന്‍റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അവർ അവന്‍റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോർദ്ദാന്‍റെ കടവുകൾ പിടിച്ചു; ആരെയും കടക്കുവാൻ സമ്മതിച്ചതുമില്ല.
29 അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരംപേരെ കൊന്നുകളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു; ഒരുത്തനും രക്ഷപ്പെട്ടില്ല. 30 അങ്ങനെ ആ കാലത്ത് മോവാബ് യിസ്രായേലിനു കീഴടങ്ങി; ദേശത്ത് എൺപത് വർഷം സ്വസ്ഥതയുണ്ടാകുകയും ചെയ്തു.
Languages