3
നാവിനു കടിഞ്ഞാൺ
1 എന്റെ സഹോദരന്മാരേ, അധികം ശിക്ഷാവിധി വരും എന്നറിയുന്നതിനാൽ നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുത്. 2 നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുവൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ സൽഗുണപൂർത്തിയുള്ള പുരുഷൻ ആയി, തന്റെ ശരീരത്തെ മുഴുവനും കടിഞ്ഞാണിടുവാൻ കഴിവുള്ളവൻ ആകുന്നു. 3 കുതിരയെ അനുസരിപ്പിക്കുവാൻ വായിൽ കടിഞ്ഞാൺ ഇടുന്നതിനാൽ അതിന്റെ ശരീരം മുഴുവനും നാം തിരിക്കുന്നുവല്ലോ. 4 കപ്പലും, എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻ*ചുക്കാൻ എന്നാൽ കപ്പലിനെ നിയന്ത്രിക്കുന്ന ഉപകരണം. കൊണ്ട് താൻ ആഗ്രഹിക്കുന്ന ദിക്കിലേക്ക് തിരിക്കുന്നു. 5 അങ്ങനെ തന്നെ നാവും ചെറിയ അവയവം എങ്കിലും വലിയ കാര്യങ്ങളെക്കുറിച്ച് വീരവാദം പറയുന്നു. തീർച്ചയായും, ഒരു ചെറിയ തീപ്പൊരി വലിയ കാട് കത്തിക്കുന്നു; 6 അതെ നാവും ഒരു തീ ആകുന്നു; അനീതിയുടെ ലോകം തന്നെ. അങ്ങനെ നാവും അവയവങ്ങളിൽ ഒന്നായി ശരീരത്തെ മുഴുവനും ദുഷിപ്പിക്കുകയും പ്രകൃതിചക്രത്തെ കത്തിക്കുകയും ചെയ്യുന്നു; നരകത്തിലെ തീയാൽ തന്നെ കത്തിക്കുന്നു. 7 എല്ലാ തരം മൃഗങ്ങളും, പക്ഷികളും, ഇഴജാതികളും, ജലജന്തുക്കളും മനുഷ്യരോട് ഇണങ്ങുന്നു; ഇണക്കിയുമിരിക്കുന്നു. 8 എന്നാൽ നാവിനെയോ മനുഷ്യർക്കാർക്കും മെരുക്കുവാൻ സാധ്യമല്ല; അത് നിയന്ത്രിക്കുവാനാവാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്. 9 അതേ നാവിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടാക്കപ്പെട്ട മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു. 10 ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നത് ഉചിതമല്ല. 11 ഉറവിന്റെ†ഉറവ് എന്നാൽ ജലാശയങ്ങളിൽ വെള്ളം ഉത്ഭവിക്കുന്ന സ്ഥലം. ഒരേ ദ്വാരത്തിൽനിന്ന് മധുരവും കയ്പും ഉള്ള വെള്ളം പുറപ്പെട്ടു വരുമോ? 12 എന്റെ സഹോദരന്മാരേ, അത്തിവൃക്ഷത്തിന് ഒലിവുപഴമോ, മുന്തിരിവള്ളിക്ക് അത്തിപ്പഴമോ കായിക്കുവാൻ കഴിയുമോ? അല്ല, ഉപ്പുറവയിൽനിന്ന് മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.
ഉയരത്തിൽനിന്നുള്ള ജ്ഞാനം
13 നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ, ഉത്തമസ്വഭാവത്താൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ. 14 എന്നാൽ നിങ്ങളുടെ ഹൃദയങ്ങളിൽ കടുത്ത അസൂയയും സ്വാർത്ഥമോഹവും ഉണ്ടെങ്കിൽ, അഹങ്കരിക്കുകയും സത്യത്തിന് വിരോധമായി കള്ളം പറയുകയുമരുത്. 15 ഇത് ഉയരത്തിൽനിന്ന് വരുന്ന ജ്ഞാനമല്ല, ലൗകികവും പ്രാകൃതവും പൈശാചികവും ആയതത്രേ. 16 അസൂയയും സ്വാർത്ഥമോഹവും ഉള്ളിടത്ത് കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്. 17 ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമത് നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും കീഴടങ്ങുന്നതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു. 18 എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതച്ച് നീതി കൊയ്യുന്നു.
<- യാക്കോബ് 2യാക്കോബ് 4 ->