Link to home pageLanguagesLink to all Bible versions on this site

യാക്കോബ്
ഗ്രന്ഥകര്‍ത്താവ്
എഴുത്തുകാരൻ യാക്കോബ് (1:1), യെരുശലേം സഭയിലെ മൂപ്പനും യേശുവിന്‍റെ സഹോദരനുമായിരുന്നു. യാക്കോബ് യേശുവിന്‍റെ സഹോദരന്മാരിൽ ഒരുപക്ഷേ മൂത്തവൻ ആയിരുന്നിരിക്കാം. (മത്താ. 13:55) തുടക്കത്തിൽ യേശുവിനെ അവിശ്വസിക്കുകയും ശുശ്രൂഷയെ തെറ്റിദ്ധരിച്ച് വെല്ലുവിളിക്കുകയും ചെയ്തു (യോഹ. 7:2–5). പിന്നീട് അദ്ദേഹം സഭയിലെ പ്രധാനിയായി മാറുന്നു. പുനരുത്ഥാന ശേഷം യേശു പ്രത്യക്ഷപ്പെട്ട ചുരുക്കം ചിലരിൽ ഒരാളായിരുന്നു യാക്കോബ് (1 കൊരി 15:7),. സഭയുടെ തൂണ് എന്നാണ് പൗലോസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് (ഗലാ 2:9).
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം. ക്രിസ്താബ്ദം 40 - 50.
ക്രിസ്താബ്ദം 50 ലെ യെരുശലേം കൗൺസിലിനു ശേഷമോ അല്ലെങ്കില്‍ ദൈവാലയം തകർക്കപ്പെടുന്നത് മുന്‍പോ എഴുതപ്പെട്ടു.
സ്വീകര്‍ത്താവ്
യഹൂദ്യയിലും ശമര്യയിലുമായി ചിതറപ്പെട്ട യഹൂദ വിശ്വാസികളാണ്. ലേഖനത്തിന്‍റെ പ്രാരംഭ ഭാഗത്ത് “ചിതറപ്പെട്ട 12 ഗോത്രങ്ങൾ “എന്ന പരാമര്‍ശം യഹൂദരെ ഉദ്ദേശിച്ചുകൊണ്ടാണ് എഴുതപ്പെട്ടത് എന്ന് മനസ്സിലാക്കാം.
ഉദ്ദേശം
ലേഖനം എഴുതപ്പെട്ടതിന്റെ മുഖ്യ ഉദ്ദേശ്യം. 1:2-4. സഹോദരന്മാരെ നിങ്ങള്‍ വിധപരീക്ഷകളില്‍ അകപ്പെടുമ്പോള്‍ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധനസ്ഥിരത ഉളവാക്കുന്നു. എന്നറിഞ്ഞ് അത് സന്തോഷം എന്നെണ്ണിക്കൊള്ളിന്‍. ഈ പരാമര്‍ശങ്ങള്‍ കഷ്ടതയിലിരുന്ന ജനത്തിനാണ് ഈ ലേഖനം എന്ന് കരുതാം. ദൈവത്തിൽനിന്ന് ജ്ഞാനം പ്രാപിക്കുവാൻ യാക്കോബ് വായനക്കാരെ ആഹ്വാനം ചെയ്യുന്നു (1:5) അതുകൊണ്ട് കഷ്ടതയിൽ അവർ ആനന്ദിക്കുന്നു യാക്കോബിന്റെ ചില ശ്രോതാക്കൾ ആ വിശ്വാസത്തിൽ നിന്നു വളരെ ദൂരെയാണ് അങ്ങനെയുള്ളവര്‍ക്ക് ലോകത്തോടുള്ള സൗഹൃദത്തെ യാക്കോബ് മുന്നറിയിപ്പ് നൽകുന്നു (4:4), വിശ്വാസികളോട് താഴ്മ ആയിരിക്കുവാനും അങ്ങനെ ഉയര്‍ച്ച പ്രാപിക്കാന്‍ ഉത്സാഹിപ്പിക്കുന്നു. ദൈവസന്നിധിയിലെ താഴ്മയാണ് ജ്ഞാനത്തിലേക്കുള്ള പാത എന്നദ്ദേഹം പഠിപ്പിക്കുന്നു.
പ്രമേയം
ശുദ്ധ വിശ്വാസം
സംക്ഷേപം
1. അഭിവാദനം. — 1:1
2. പരിശുദ്ധ വിശ്വാസത്തെക്കുറിച്ച് യാക്കോബിന്റെ നിർദ്ദേശങ്ങൾ. — 1:1–-27
3. ശരിയായ വിശ്വാസം നല്ല പ്രവർത്തികളാൽ തെളിയിക്കപ്പെടുന്നു. — 2:1-3:12
4. യഥാർത്ഥ ജ്ഞാനം ദൈവത്തിൽനിന്നും പുറപ്പെടുന്നു. — 3:13-5:20

1 ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നത്: പലയിടങ്ങളിലായി ചിതറിപ്പാർക്കുന്ന പന്ത്രണ്ട് ഗോത്രങ്ങൾക്കും വന്ദനം.

പരിശോധനയും പരീക്ഷയും
2 എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരിശോധനകളിൽ അകപ്പെടുമ്പോൾ അത് മഹാസന്തോഷം എന്ന് എണ്ണുവിൻ. 3 നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന നിങ്ങളിൽ സഹിഷ്ണത ഉളവാക്കുന്നു എന്ന് അറിയുന്നുവല്ലോ. 4 എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന് സഹിഷ്ണത അതിന്റെ പൂർണ്ണ പ്രവൃത്തി ചെയ്യട്ടെ.

5 നിങ്ങളിൽ ഒരാൾക്ക് ജ്ഞാനം കുറവാകുന്നു എങ്കിൽ, ശകാരിക്കാതെയും സന്തോഷത്തോടെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനുമായ ദൈവത്തോട് യാചിക്കട്ടെ; അപ്പോൾ അവന് ലഭിക്കും. 6 എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം; സംശയിക്കുന്നവൻ കാറ്റടിച്ച് അലയുന്ന കടൽത്തിരയ്ക്ക് തുല്യനാകുന്നു. 7 ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്ന് വല്ലതും ലഭിക്കും എന്ന് ചിന്തിക്കരുത്. 8 ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.

9 ദരിദ്രസഹോദരൻ തന്റെ ഉന്നതസ്ഥാനത്തിലും, 10 ധനവാനോ പുല്ലിന്റെ പൂവ് പോലെ കൊഴിഞ്ഞു പോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ. 11 എന്തെന്നാൽ സൂര്യൻ ഉദിച്ചിട്ട് കടുത്ത ചൂടുകൊണ്ട് പുല്ല് ഉണങ്ങി പൂവുതിർന്ന് അതിന്റെ രൂപഭംഗി ഇല്ലാതെ പോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപ്പോകും.

12 പരിശോധന സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; എന്തുകൊണ്ടെന്നാൽ അവൻ പരിശോധനകളെ അതിജീവിച്ചാൽ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും. 13 പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്ന് ആരും പറയരുത്. എന്തെന്നാൽ ദൈവത്തെ ദോഷങ്ങളാൽ പരീക്ഷിക്കുവാൻ കഴിയുന്നതല്ല; ദൈവം ആരെയും പരീക്ഷിക്കുന്നതുമില്ല. 14 എന്നാൽ സ്വന്തമോഹത്തിൽ കുടുങ്ങി വശീകരിക്കപ്പെടുന്നതിനാൽ ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നു. 15 അങ്ങനെ മോഹം ഗർഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം പൂർണ്ണവളർച്ച പ്രാപിച്ചിട്ട് മരണത്തെ പ്രസവിക്കുന്നു. 16 എന്റെ പ്രിയ സഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്. 17 എല്ലാ നല്ല ദാനവും പൂർണ്ണവരം ഒക്കെയും ഉയരത്തിൽനിന്ന്, വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവന് ചാഞ്ചല്യമോ, നിഴൽ മാറുന്നതു പോലുള്ള മാറ്റമോ ഇല്ല. 18 നാം അവന്റെ സൃഷ്ടികളിൽ ആദ്യഫലമാകേണ്ടതിന് അവൻ തന്റെ ഇഷ്ടത്താൽ സത്യത്തിന്റെ വചനംകൊണ്ട് നമ്മെ ജനിപ്പിച്ചിരിക്കുന്നു.

കേൾവിയും പ്രവൃത്തിയും
19 എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ അത് അറിയുന്നുവല്ലോ. എന്നാൽ ഏത് മനുഷ്യനും കേൾക്കുവാൻ വേഗതയും പറയുവാൻ താമസവും കോപത്തിന് താമസവും ഉള്ളവൻ ആയിരിക്കട്ടെ; 20 എന്തെന്നാൽ മനുഷ്യന്റെ കോപം മൂലം ദൈവത്തിന്റെ നീതി നിർവ്വഹിക്കപ്പെടുന്നില്ല. 21 ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ട് നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ. 22 എങ്കിലും വചനം കേൾക്കുക മാത്രം ചെയ്ത് തങ്ങളെത്തന്നെ ചതിക്കാതെ അതിനെ പ്രവൃത്തിക്കുന്നവരായും ഇരിക്കുവിൻ. 23 എന്തെന്നാൽ, ഒരുവൻ വചനം കേൾക്കുന്നവൻ എങ്കിലും പ്രവർത്തിക്കാതിരുന്നാൽ അവൻ തന്റെ മുഖം കണ്ണാടിയിൽ നോക്കുന്ന ആളോട് തുല്യനാകുന്നു; 24 അവൻ സ്വന്തരൂപം കാണുകയും താൻ ഇന്ന രൂപം ആയിരുന്നു എന്ന് ഉടനെ മറന്നുപോകുകയും ചെയ്യുന്നു. 25 എന്നാൽ സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ശ്രദ്ധയോടെ നോക്കുകയും അതിൽ നിലനിൽക്കുകയും ചെയ്യുന്നവനോ കേട്ട് മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും. 26 നിങ്ങളിൽ ഒരുവൻ താൻ ഭക്തൻ എന്ന് നിരൂപിച്ച് തന്റെ നാവിന് കടിഞ്ഞാണിടാതെ ഇരുന്നാൽ തന്റെ ഹൃദയത്തെ വഞ്ചിക്കുന്നു; അവന്റെ ഭക്തി വ്യർത്ഥം അത്രേ. 27 പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരേയും വിധവമാരെയും അവരുടെ കഷ്ടതയിൽ ചെന്ന് കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെ സ്വയം കാത്തുസൂക്ഷിക്കുന്നതും ആകുന്നു.

യാക്കോബ് 2 ->