Link to home pageLanguagesLink to all Bible versions on this site
62
സീയോൻ്റെ പുതിയ നാമം
 
1 സീയോനെപ്രതി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല,
യെരൂശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കുകയുമില്ല;
അതിന്‍റെ നീതി പ്രകാശംപോലെയും
അതിന്‍റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ.
2 ജനതകൾ നിന്‍റെ നീതിയെയും സകലരാജാക്കന്മാരും നിന്‍റെ മഹത്ത്വത്തെയും കാണും;
യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര് നിനക്കു വിളിക്കപ്പെടും.
3 യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും
നിന്‍റെ ദൈവത്തിന്‍റെ കയ്യിൽ രാജമുടിയും[a] ആയിരിക്കും.
4 നിന്നെ ഇനി അസൂബാ[b] എന്നു വിളിക്കുകയില്ല;
നിന്‍റെ ദേശത്തെ ശെമാമാ[c] എന്നു പറയുകയുമില്ല;
നിനക്കു ഹെഫ്സീബാ[d] എന്നും
നിന്‍റെ ദേശത്തിന് ബെയൂലാ[e] എന്നും പേര് ആകും;
യഹോവയ്ക്കു നിന്നോട് പ്രിയമുണ്ടല്ലോ;
നിന്‍റെ ദേശത്തിന് വിവാഹം കഴിയും.
5 യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ
നിന്‍റെ പുത്രന്മാർ[f] നിന്നെ വിവാഹം ചെയ്യും;
മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ
നിന്‍റെ ദൈവം നിന്നിൽ സന്തോഷിക്കും.
 
6 യെരൂശലേമേ, ഞാൻ നിന്‍റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു;
അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല;
യഹോവയെ ഓർമിപ്പിക്കുന്നവരേ,
നിങ്ങൾ സ്വസ്ഥമായിരിക്കരുത്.
7 അവിടുന്ന് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും
ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും
അവിടുത്തേക്കു സ്വസ്ഥത കൊടുക്കുകയുമരുത്.
8 “ഇനി ഞാൻ നിന്‍റെ ധാന്യം നിന്‍റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കുകയില്ല;
നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാർ കുടിച്ചുകളയുകയുമില്ല” എന്നു
യഹോവ തന്‍റെ വലംകൈയും തന്‍റെ ബലമുള്ള ഭുജവും തൊട്ടു
സത്യം ചെയ്തിരിക്കുന്നു.
9 “അതിനെ ശേഖരിച്ചവർതന്നെ അത് ഭക്ഷിച്ചു
യഹോവയെ സ്തുതിക്കും;
അതിനെ സംഭരിച്ചവർ തന്നെ എന്‍റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച്
അത് പാനംചെയ്യും.”
 
10 കടക്കുവിൻ; വാതിലുകളിൽകൂടി കടക്കുവിൻ;
ജനത്തിനു വഴി ഒരുക്കുവിൻ;
നികത്തുവിൻ; പ്രധാനപാത നികത്തുവിൻ;
കല്ല് പെറുക്കിക്കളയുവിൻ;
ജനതകൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ.
11 “ ‘ഇതാ, നിന്‍റെ രക്ഷ വരുന്നു;
കൂലി അവന്‍റെ പക്കലും
പ്രതിഫലം അവന്‍റെ കൈയിലും ഉണ്ട്’
എന്നു സീയോൻ പുത്രിയോട് പറയുവിൻ”
എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം
ഘോഷിപ്പിച്ചിരിക്കുന്നു.
12 അവർ അവരെ വിശുദ്ധജനമെന്നും
യഹോവയുടെ വിമുക്തന്മാ[g]രെന്നും വിളിക്കും;
നിനക്കോ അന്വേഷിക്കപ്പെട്ടവൾ[h] എന്നും
ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര് ആകും.