Link to home pageLanguagesLink to all Bible versions on this site
60
യെരൂശലേമിന്‍റെ മഹത്ത്വം
 
1 “എഴുന്നേറ്റു പ്രകാശിക്കുക; നിന്‍റെ പ്രകാശം വന്നിരിക്കുന്നു;
യഹോവയുടെ തേജസ്സും നിന്‍റെമേൽ ഉദിച്ചിരിക്കുന്നു.
2 അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു;
നിൻ്റെമേലോ യഹോവ ഉദിക്കും; അവിടുത്തെ തേജസ്സും നിന്‍റെമേൽ പ്രത്യക്ഷമാകും.
3 ജനതകൾ നിന്‍റെ പ്രകാശത്തിലേക്കും
രാജാക്കന്മാർ നിന്‍റെ ഉദയശോഭയിലേക്കും വരും.
 
4 നീ തലപൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്‍റെ അടുക്കൽ വരുന്നു;
നിന്‍റെ പുത്രന്മാർ ദൂരത്തുനിന്ന് വരും;
നിന്‍റെ പുത്രിമാരെ എളിയിൽ വഹിച്ചുകൊണ്ടു വരും.
5 അപ്പോൾ നീ കണ്ടു ശോഭിക്കും;
നിന്‍റെ ഹൃദയം പിടച്ചു വികസിക്കും;
സമുദ്രത്തിന്‍റെ ധനം നിന്‍റെ അടുക്കൽ ചേരും;
ജനതകളുടെ സമ്പത്ത് നിന്‍റെ അടുക്കൽ വരും.
6 ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും[a] നിന്നെ മൂടും;
ശെബയിൽ നിന്ന് അവർ എല്ലാവരും വരും;
പൊന്നും കുന്തുരുക്കവും അവർ കൊണ്ടുവന്നു
യഹോവയുടെ സ്തുതിയെ ഘോഷിക്കും.
7 കേദാരിലെ ആടുകൾ എല്ലാം നിന്‍റെ അടുക്കൽ ഒന്നിച്ചുകൂടും;
നെബായോത്തിലെ മുട്ടാടുകൾ നിനക്കു ശുശ്രൂഷ ചെയ്യും;
അവ പ്രസാദമുള്ള യാഗമായി എന്‍റെ പീഠത്തിന്മേൽ വരും;
അങ്ങനെ ഞാൻ എന്‍റെ മഹത്ത്വമുള്ള ആലയത്തെ മഹത്ത്വപ്പെടുത്തും
 
8 മേഘംപോലെയും അവരുടെ കിളിവാതിലുകളിലേക്കു[b]
പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആര്‍?
9 നിന്‍റെ മക്കള്‍ അവരുടെ പൊന്നും വെള്ളിയുമായി ദൂരത്തുനിന്ന് വരുന്നു
നിന്‍റെ ദൈവമായ യഹോവയുടെ നാമത്തിനും
അവിടുന്ന് നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകകൊണ്ടു
യിസ്രായേലിന്‍റെ പരിശുദ്ധ ദൈവത്തിനുവേണ്ടിയാണ് അവർ ഇവയെല്ലാം കൊണ്ടുവരുന്നത്.
ദ്വീപുവാസികളും തർശ്ശീശ് കപ്പലുകൾ ഒന്നാമതായും എനിക്കായി കാത്തിരിക്കുന്നു.
10 അന്യജാതിക്കാർ നിന്‍റെ മതിലുകളെ പണിയും;
അവരുടെ രാജാക്കന്മാർ നിനക്കു ശുശ്രൂഷ ചെയ്യും;
എന്‍റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു;
എങ്കിലും എന്‍റെ പ്രീതിയിൽ എനിക്ക് നിന്നോട് കരുണ തോന്നും.
11 ജനതകളുടെ സമ്പത്തും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും
നിന്‍റെ അടുക്കൽ കൊണ്ടുവരേണ്ടതിനു
നിന്‍റെ വാതിലുകൾ രാവും പകലും അടക്കപ്പെടാതെ
എല്ലായ്‌പ്പോഴും തുറന്നിരിക്കും.
12 നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നശിച്ചുപോകും;
ആ ജനതകൾ അശേഷം ശൂന്യമായിപ്പോകും.
13 എന്‍റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിനു ഭംഗിവരുത്തുവാനായി
ലെബാനോന്‍റെ മഹത്ത്വവും സരളവൃക്ഷവും പയിനും പുന്നയും
ഒരുപോലെ നിന്‍റെ അടുക്കൽ വരും;
അങ്ങനെ ഞാൻ എന്‍റെ പാദസ്ഥാനത്തെ മഹത്ത്വീകരിക്കും.
14 നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്‍റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും;
നിന്നെ നിന്ദിച്ചവരെല്ലാം നിന്‍റെ കാൽ പിടിച്ചു നമസ്കരിക്കും;
അവർ നിന്നെ യഹോവയുടെ നഗരം എന്നും
യിസ്രായേലിൻ പരിശുദ്ധന്‍റെ സീയോൻ എന്നും വിളിക്കും.
15 ആരും കടന്നുപോകാത്തവിധം
നീ നിർജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിനു പകരം
ഞാൻ നിന്നെ നിത്യമാഹാത്മ്യവും
തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർക്കും.
16 നീ ജനതകളുടെ പാല് കുടിക്കും;
രാജാക്കന്മാരുടെ മുല കുടിക്കും;
യഹോവയായ ഞാൻ നിന്‍റെ രക്ഷകൻ എന്നും
യാക്കോബിന്‍റെ വല്ലഭൻ നിന്‍റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.
 
17 ഞാൻ താമ്രത്തിനു പകരം സ്വർണ്ണം വരുത്തും;
ഇരിമ്പിനു പകരം വെള്ളിയും
മരത്തിനു പകരം താമ്രവും
കല്ലിനു പകരം ഇരിമ്പും വരുത്തും;
ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും
നീതിയെ നിനക്കു അധിപതിമാരും ആക്കും.
18 ഇനി നിന്‍റെ ദേശത്തു അക്രമവും
നിന്‍റെ അതിരിനകത്തു ശൂന്യവും നാശവും കേൾക്കുകയില്ല;
നിന്‍റെ മതിലുകൾക്കു രക്ഷ എന്നും
നിന്‍റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ പറയും.
19 ഇനി പകൽനേരത്ത് നിന്‍റെ വെളിച്ചം സൂര്യനല്ല;
നിനക്കു നിലാവെട്ടം തരുന്നത് ചന്ദ്രനുമല്ല;
യഹോവ നിനക്കു നിത്യപ്രകാശവും
നിന്‍റെ ദൈവം നിന്‍റെ തേജസ്സും ആകുന്നു.
20 നിന്‍റെ സൂര്യൻ ഇനി അസ്തമിക്കുകയില്ല;
നിന്‍റെ ചന്ദ്രൻ മറഞ്ഞുപോവുകയുമില്ല;
യഹോവ നിന്‍റെ നിത്യപ്രകാശമായിരിക്കും;
നിന്‍റെ ദുഃഖകാലം തീർന്നുപോകും.
21 നിന്‍റെ ജനമെല്ലാം നീതിമാന്മാരാകും;
ഞാൻ മഹത്ത്വപ്പെടേണ്ടതിനു എന്‍റെ നടുതലയുടെ[c] മുളയും
എന്‍റെ കൈകളുടെ പ്രവൃത്തിയും ആയിട്ട്
അവർ ദേശത്തെ സദാകാലത്തേക്കും കൈവശമാക്കും.
22 കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജനതയും ആയിത്തീരും;
യഹോവയായ ഞാൻ തക്കസമയത്ത് അതിനെ വേഗത്തിൽ നിവർത്തിക്കും.”