Link to home pageLanguagesLink to all Bible versions on this site

1 ഉസ്സീയാരാജാവ് മരിച്ച വർഷം കർത്താവ്, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നത് ഞാൻ കണ്ടു; അവിടുത്തെ വസ്ത്രത്തിന്റെ തൊങ്ങലുകൾ മന്ദിരത്തെ നിറച്ചിരുന്നു. 2 സാറാഫുകൾ അവിടുത്തെ ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. 3 ഒരുത്തനോട് ഒരുത്തൻ; “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവിടുത്തെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു” എന്ന് ആർത്തു പറഞ്ഞു. 4 അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി, ആലയം പുകകൊണ്ട് നിറഞ്ഞു. 5 അപ്പോൾ ഞാൻ: “എനിക്ക് അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ഒരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ” എന്നു പറഞ്ഞു. 6 അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽ നിന്ന് കൊടിൽ*കൊടിൽ ചവണ എന്ന് മറ്റൊരു പേര്. കൊണ്ട് ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് എന്റെ അടുക്കൽ പറന്നുവന്നു, 7 അത് എന്റെ വായ്ക്കു തൊടുവിച്ചു: “ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന് പരിഹാരം വന്നിരിക്കുന്നു” എന്നു പറഞ്ഞു. 8 അനന്തരം “ഞാൻ ആരെ അയയ്ക്കേണ്ടു? ആര് നമുക്കുവേണ്ടി പോകും?” എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ട്: “അടിയൻ ഇതാ അടിയനെ അയയ്ക്കേണമേ” എന്നു ഞാൻ പറഞ്ഞു. 9 അപ്പോൾ അവൻ അരുളിച്ചെയ്തത്: “നീ ചെന്ന്, ഈ ജനത്തോടു പറയേണ്ടത്: ‘നിങ്ങൾ കേട്ടിട്ടും കേട്ടിട്ടും തിരിച്ചറിയുകയില്ല; നിങ്ങൾ കണ്ടിട്ടും കണ്ടിട്ടും ഗ്രഹിക്കുകയുമില്ല.’ 10 ഈ ജനം കണ്ണുകൊണ്ട് കാണുകയോ ചെവികൊണ്ട് കേൾക്കുകയോ ഹൃദയംകൊണ്ട് ഗ്രഹിക്കുകയോ മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കുകയോ ചെയ്യാതെ ഇരിക്കേണ്ടതിന് അങ്ങ് അവരുടെ ഹൃദയം തടിപ്പിക്കുകയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണ് അടച്ചുകളയുകയും ചെയ്യുക”. 11 “കർത്താവേ, എത്രത്തോളം?” എന്നു ഞാൻ ചോദിച്ചതിന് യഹോവ: “പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോവുകയും 12 യഹോവ മനുഷ്യരെ ദൂരത്ത് അകറ്റിയിട്ട് ദേശത്തിന്റെ നടുവിൽ വലിയ ഒരു നിർജ്ജനപ്രദേശം ഉണ്ടാവുകയും ചെയ്യുവോളം തന്നെ” എന്നു ഉത്തരം പറഞ്ഞു. 13 “അതിൽ പത്തിൽ ഒരംശം എങ്കിലും ശേഷിച്ചാൽ അത് വീണ്ടും നാശത്തിന് ഇരയായിത്തീരും; എങ്കിലും കരിമരവും കരുവേലകവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും”.

<- യെശയ്യാവ് 5യെശയ്യാവ് 7 ->