10 സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളവരേ, യഹോവയ്ക്ക് ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തേക്ക് സ്തുതിയും പാടുവിൻ. 11 മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയർത്തട്ടെ; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കുകയും മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ. 12 അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത് അവന്റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ. 13 യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണത ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. 14 ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കും. 15 ഞാൻ മലകളെയും കുന്നുകളേയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാൻ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും. 16 ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും†ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും ഈ കാര്യങ്ങൾ ഞാൻ അവർക്കുവേണ്ടി ചെയ്യും; അവരെ ഉപേക്ഷിക്കുകയുമില്ല. എന്നുമാകാം. . 17 വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: ‘നിങ്ങൾ ഞങ്ങളുടെ ദേവന്മാർ’ എന്നു പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും. 18 “ചെകിടന്മാരേ, കേൾക്കുവിൻ; കുരുടന്മാരേ, നോക്കിക്കാണുവിൻ! 19 എന്റെ ദാസനല്ലാതെ കുരുടൻ ആര്? ഞാൻ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആര്? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആര്? 20 പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല‡സൂക്ഷിക്കുന്നില്ല നിരീക്ഷിക്കുന്നില്ല എന്ന് മറ്റ് ഭാഷന്തരത്തിൽ കാണാം. ; ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല”. 21 യഹോവ തന്റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്ത്വീകരിക്കുവാൻ പ്രസാദിച്ചിരിക്കുന്നു. 22 എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരെല്ലാവരും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായിപ്പോയി, “മടക്കിത്തരുക” എന്ന് ആരും പറയുന്നതുമില്ല. 23 നിങ്ങളിൽ ആര് അതിന് ചെവികൊടുക്കും? ഭാവികാലത്തേക്ക് ആര് ശ്രദ്ധിച്ചു കേൾക്കും? 24 യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചുകൊടുത്തവൻ ആര്? യഹോവ തന്നെയല്ലോ; അവനോട് നാം പാപം ചെയ്തുപോയി അവന്റെ വഴികളിൽ നടക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു; അവന്റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല. 25 അതുകൊണ്ട് അവൻ തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെ മേൽ പകർന്നു; അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.
<- യെശയ്യാവ് 41യെശയ്യാവ് 43 ->