16 ആ നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്ക് തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതിനാൽ അവർ പേടിച്ചു വിറയ്ക്കും. 17 യെഹൂദാദേശം മിസ്രയീമിന് ഭയങ്കരമായിരിക്കും; അതിന്‍റെ പേര് പറഞ്ഞുകേൾക്കുന്നവരെല്ലാം സൈന്യങ്ങളുടെ യഹോവ അതിന് വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും.
18 ആ നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിനു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേര് വിളിക്കപ്പെടും.
19 ആ നാളിൽ മിസ്രയീമിന്‍റെ നടുവിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്‍റെ അതിർത്തിയിൽ യഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും. 20 അത് മിസ്രയീമിൽ സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്ക് ഒരു രക്ഷകനെ അയയ്ക്കും; അവൻ പൊരുതി അവരെ വിടുവിക്കും. 21 അങ്ങനെ യഹോവ മിസ്രയീമിന് സ്വയം വെളിപ്പെടുത്തുകയും മിസ്രയീമ്യർ അന്നു യഹോവയെ അറിഞ്ഞ് യാഗവും വഴിപാടും അർപ്പിക്കുകയും യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് അതിനെ നിവർത്തിക്കുകയും ചെയ്യും. 22 യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ട് അവൻ വീണ്ടും അവരെ സൗഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരിയുകയും അവൻ അവരുടെ പ്രാർത്ഥന കേട്ടു അവരെ സൗഖ്യമാക്കുകയും ചെയ്യും.
23 ആ നാളിൽ മിസ്രയീമിൽ നിന്ന് അശ്ശൂരിലേക്ക് ഒരു പ്രധാനപാത ഉണ്ടാകും; അശ്ശൂര്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യർ അശ്ശൂര്യരോടുകൂടി ആരാധന കഴിക്കും. 24 ആ നാളിൽ യിസ്രായേൽ ഭൂമിയുടെ മദ്ധ്യത്തിൽ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടി മൂന്നാമതായിരിക്കും. 25 സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു: “എന്‍റെ ജനമായ മിസ്രയീമും എന്‍റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്‍റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്നു അരുളിച്ചെയ്യും.