1 യിസ്രായേൽ മക്കളേ, യഹോവയുടെ വചനം കേൾക്കുവിൻ; യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്; ദേശത്ത് സത്യവും ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല. 2 അവർ ആണയിടുന്നു; ഭോഷ്ക് പറയുന്നു; കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു; രക്തപാതകത്തോട് രക്തപാതകം കൂട്ടുന്നു. 3 അതുകൊണ്ട് ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും തളർന്നുപോകുന്നു; സമുദ്രത്തിൽ മത്സ്യങ്ങളും ഇല്ലാതെയാകുന്നു. 4 എങ്കിലും ആരും തർക്കിക്കരുത്; ആരും മറ്റൊരുവനെ ശാസിക്കുകയും അരുത്; നിന്റെ ജനമോ, പുരോഹിതനോട് തർക്കിക്കുന്നവരെപ്പോലെ ഇരിക്കുന്നു. 5 അതുകൊണ്ട് നീ പകൽ സമയത്ത് ഇടറിവീഴും; പ്രവാചകനും നിന്നോടൊപ്പം രാത്രിയിൽ ഇടറിവീഴും; നിന്റെ അമ്മയെ ഞാൻ നശിപ്പിക്കും. 6 പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിച്ചതുകൊണ്ട് നീ എനിക്ക് പുരോഹിതനായിരിക്കാതെ ഞാൻ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട് ഞാനും നിന്റെ മക്കളെ മറക്കും. 7 അവർ പെരുകുന്തോറും എന്നോട് ഏറെ പാപംചെയ്തു; ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയായി മാറ്റും. 8 അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു; ജനം അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു. 9 ആകയാൽ ജനത്തിന് എപ്രകാരമോ, പുരോഹിതനും അപ്രകാരം തന്നെ ഭവിക്കും. ഞാൻ അവരുടെ തെറ്റായ വഴികൾ നിമിത്തം അവരെ സന്ദർശിച്ച് അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവർക്ക് പകരം കൊടുക്കും. 10 അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കുകയില്ല; അവർ പരസംഗം ചെയ്താലും പെരുകുകയില്ല; യഹോവയെ അനുസരിക്കുന്നത് അവർ വിട്ടുകളഞ്ഞുവല്ലോ. 11 പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തിക്കളയുന്നു. 12 എന്റെ ജനം തങ്ങളുടെ മരംകൊണ്ടുള്ള വിഗ്രഹങ്ങളോട് അരുളപ്പാട് ചോദിക്കുന്നു; അവരുടെ ഊന്നുവടി അവരോട് ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ വഴി തെറ്റിക്കുന്നു; അവർ തങ്ങളുടെ ദൈവത്തെ വിട്ട് പരസംഗം ചെയ്യുന്നു. 13 അവർ പർവ്വതശിഖരങ്ങളിൽ ബലികഴിക്കുന്നു; കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴിൽ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്ര ഭാര്യമാർ വ്യഭിചരിക്കുന്നു. 14 നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ വധുക്കൾ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കുകയില്ല; നിങ്ങളുടെ പുരുഷന്മാരും വേശ്യാസ്ത്രീകളോടുകൂടി വേറിട്ട് പോകുകയും ദേവദാസികളോടുകൂടി ബലി കഴിക്കുകയും ചെയ്യുന്നുവല്ലോ; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും. *നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ വധുക്കൾ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കുകയില്ല; നിങ്ങളുടെ പുരുഷന്മാരും വേശ്യാസ്ത്രീകളോടുകൂടി വേറിട്ട് പോകുകയും ദേവദാസികളോടുകൂടി ബലി കഴിക്കുകയും ചെയ്യുന്നുവല്ലോ; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും. ഈ ജനം കനാന്യവിഗ്രഹാരാധന സ്ഥലങ്ങളില്‍ ആയിരിക്കുകയും സമൃദ്ധി പ്രദാനം ചെയ്യുമെന്ന് അന്ധമായി കരുതുന്ന അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തിരുന്നു. കനാന്യസ്തീകളുമായി അവിഹിതബന്ധം പുലര്‍ത്തിയാല്‍ അവരുടെ നിലങ്ങള്‍ക്കും കന്നുകാലികള്‍ക്കും സമൃദ്ധിയുണ്ടാകുമെന്നും വിശ്വസിച്ചിരുന്നു. 15 യിസ്രായേലേ, നീ പരസംഗം ചെയ്താലും, യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ; നിങ്ങൾ ഗില്ഗാലിലേക്ക് ചെല്ലരുത്; ബേത്ത്-ആവെനിലേക്ക് കയറിപ്പോകരുത്; ‘യഹോവയാണ’ എന്ന് സത്യം ചെയ്യുകയുമരുത്. 16 യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ യഹോവ അവരെ ഒരു വിശാലസ്ഥലത്ത് കുഞ്ഞാടിനെപ്പോലെ മേയിക്കുമോ? 17 എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളയുക. 18 മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാർ ലജ്ജാകരമായ കാര്യങ്ങൾ അത്യന്തം ഇഷ്ടപ്പെടുന്നു. 19 കാറ്റ് അവളെ ചിറകുകൾകൊണ്ട് ചുറ്റിപ്പിടിക്കുന്നു. അവർ തങ്ങളുടെ ബലികൾ നിമിത്തം ലജ്ജിച്ചുപോകും.
<- ഹോശേയ 3ഹോശേയ 5 ->