14 എല്ലാവരോടും സമാധാനത്തോടും, വിശുദ്ധിയോടും കൂടെ പെരുമാറുവിൻ; ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. 15 ജാഗ്രതയായിരിപ്പീൻ; ആരും ദൈവകൃപ വിട്ടു പിൻമാറുവാനും, വല്ല കയ്പുമുള്ള വേരും മുളച്ചുപൊങ്ങി കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുവാനും ഇടയാകുമല്ലോ, 16 ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനേപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ 17 അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു എങ്കിലും, തന്റെ പിതാവിന്റെ മുൻപാകെ മാനസാന്തരത്തിനായി ഒരവസരം അന്വേഷിക്കാഞ്ഞതുകൊണ്ട്, കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
18 സ്പർശിക്കാവുന്നതും തീ കത്തുന്നതുമായ പർവ്വതത്തിനും മേഘതമസ്സ്, കൂരിരുട്ട്, കൊടുങ്കാറ്റ്, 19 കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവയ്ക്കും അടുക്കൽ അല്ലല്ലോ നിങ്ങൾ വന്നിരിക്കുന്നത്. ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോട് പറയരുതേ എന്നു അപേക്ഷിച്ചു. 20 എന്തെന്നാൽ ഒരു മൃഗം പോലും ആ പർവ്വതത്തെ തൊട്ടാൽ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള ദൈവകല്പന അവർക്ക് സഹിക്കുവാൻ കഴിയുമായിരുന്നില്ല. 21 ഞാൻ അത്യന്തം പേടിച്ചു വിറയ്ക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭീകരമായിരുന്നു. 22 എന്നാൽ നിങ്ങൾ സീയോൻ പർവ്വതത്തിനും, ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിനും, അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിനും, 23 സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയ്ക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിയ്ക്കും പൂർണ്ണരായ നീതിമാന്മാരുടെ ആത്മാക്കൾക്കും, 24 പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും, ഹാബെലിന്റെ രക്തത്തേക്കാൾ ശ്രേഷ്ഠമായത് വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണ രക്തത്തിനും അടുക്കലത്രേ വന്നിരിക്കുന്നത്. 25 അതുകൊണ്ട് അരുളിച്ചെയ്യുന്നവനെ ഒരിക്കലും നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ രക്ഷപെടാതെ പോയി എങ്കിൽ, സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എങ്ങനെ രക്ഷപ്രാപിക്കും. 26 അവന്റെ ശബ്ദം അന്ന് ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ പ്രതിജ്ഞ ചെയ്തു. 27 “ഇനി ഒരിക്കൽ” എന്നത്, ഇളക്കമില്ലാത്തത് നിലനിൽക്കേണ്ടതിന് നിർമ്മിതമായ ഇളക്കമുള്ളതിന് മാറ്റം വരും എന്നു സൂചിപ്പിക്കുന്നു. 28 ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായി ദൈവത്തിന് അംഗീകരിക്കപ്പെടും വിധം ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക. 29 നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.
<- എബ്രായർ 11എബ്രായർ 13 ->