എഴുത്തുകാരൻ അജ്ഞാതനാണ്. പല പണ്ഡിതരും പൗലോസാണ് എഴുത്തുകാരൻ എന്നു അവകാശപ്പെടുന്നു. ക്രിസ്തുവിന്‍റെ മഹാപുരോഹിത ശുശ്രൂഷ അഹരോന്യ പൗരോഹിത്യത്തെക്കാൾ ശ്രേഷ്ടതയുള്ളതെന്നും, പഴയനിയമത്തിൻ്റെയും പ്രവചനങ്ങളുടെയും നിവൃത്തിയാണ് ക്രിസ്തുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. ക്രിസ്തുവിനെ വിശ്വാസത്തിന്‍റെ ഉറവിടവും പൂര്‍ണ്ണത വരുത്തുന്നവനും ആയി അവതരിപ്പിക്കുന്നു (എബ്രാ 12:2).
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം. ക്രിസ്താബ്ദം 64-70.
എബ്രായ ലേഖനം യെരൂശലേമില്‍ വച്ചാണ് എഴുതപ്പെട്ടത്. ഒരുപക്ഷേ യേശുവിന്‍റെ സ്വർഗ്ഗാരോഹണത്തിനുശേഷം അല്ലെങ്കിൽ യെരൂശലേമിന്‍റെ നാശത്തിന് മുമ്പ് എഴുതപ്പെട്ടു.
സ്വീകര്‍ത്താക്കൾ
യെഹൂദമതത്തിലേക്ക് മടങ്ങിപ്പോകുവാൻ ആഗ്രഹിക്കുന്ന യെഹൂദ ക്രിസ്ത്യാനികളോടും അതുപോലെ വിശ്വാസത്തോടെ അനുസരണം കാണിച്ച ഒരു കൂട്ടം പുരോഹിതന്മാരോടും കൂടിയാണ് ഈ പുസ്തകം സംവാദിക്കുന്നത് (അപ്പൊ. പ്രവൃ. 6:7).
ഉദ്ദേശ്യം
യെഹൂദരുടെ ദുരുപദേശങ്ങൾ തിരസ്കരിച്ചു ക്രിസ്തുവിന്‍റെ ഉപദേശത്തിൽ നിലനിർത്തുക, ദൂതന്മാർക്കും, പുരോഹിതന്മാർക്കും പഴയനിയമ വിശുദ്ധന്മാർക്കും, മതത്തിനും മേലുള്ള ക്രിസ്തുവിന്‍റെ പരമാധികാരത്തെ വെളിപ്പെടുത്തുക എന്നിവയാണ് പ്രധാന ഉദ്ദേശ്യം. കുരിശുമരണം പ്രാപിച്ച് മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിലൂടെ തന്നിൽ വിശ്വസിക്കുന്നവർക്ക് ക്രിസ്തു രക്ഷയും നിത്യജീവനും ഉറപ്പുനൽകുന്നു. പാപത്തിനുവേണ്ടിയുള്ള ക്രിസ്തുവിന്‍റെ യാഗം പൂർണ്ണതയുള്ളതാണ്. വിശ്വാസം ദൈവത്തെ പ്രസാദിപ്പിക്കുന്നതായതിനാല്‍ അനുസരണത്തിലൂടെ വിശ്വാസം പ്രകടിപ്പിക്കപ്പെടുന്നു.
3. വിശ്വസ്തരാകുന്നതിനും പരിശോധനയിൽ നിലനിൽക്കുവാനും ഉള്ള ആഹ്വാനം — 10:19-12:29
4. സമാപന പ്രബോധനങ്ങളും വന്ദനവും — 13:1-25
1
ക്രിസ്തുവിലുള്ള ദൈവിക വെളിപ്പാട്
1 ആദികാലങ്ങളിൽ ദൈവം മുന്‍ തലമുറകളിലുള്ള പിതാക്കന്മാരോട് പ്രവാചകന്മാർ മുഖാന്തരം വിവിധ വിധങ്ങളിലൂടെ സംസാരിച്ചിട്ടുണ്ട്. 2 ഈ കാലത്താകട്ടെ, ദൈവം തന്‍റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചിരിക്കുന്നു. ആ പുത്രനെ ദൈവം സകലത്തിനും അവകാശിയാക്കി വെയ്ക്കുകയും, അവൻ മുഖാന്തരം ലോകത്തെ സൃഷ്ടിക്കുകയും ചെയ്തു. 3 തന്‍റെ പുത്രൻ, പിതാവായ ദൈവത്തിന്‍റെ തേജസ്സിൻ്റെ പ്രതിഫലനവും, ദൈവത്തിന്‍റെ സത്തയുടെ പ്രതിബിംബവും, സകലത്തേയും തന്‍റെ ശക്തിയുള്ള വചനത്താൽ സംരക്ഷിക്കുന്നവനും ആകുന്നു. അവൻ മനുഷ്യരെ അവരുടെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിച്ച ശേഷം ഉയരത്തിൽ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നു. 4 പുത്രന്‍ ദൈവദൂതന്മാരേക്കാൾ അത്യുന്നതനായിരിക്കുന്നു, താൻ അവകാശമാക്കിയ നാമം ദൂതന്മാരുടെ നാമത്തേക്കാൾ എത്രയോ ശ്രേഷ്ഠമായിരിക്കുന്നു.
പുത്രൻ ദൂതന്മാരേക്കാൾ അതിശ്രേഷ്ഠൻ
5 “നീ എന്‍റെ പുത്രൻ;
ഞാൻ ഇന്ന് നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും
“ഞാൻ അവനു പിതാവും
അവൻ എനിക്ക് പുത്രനും ആയിരിക്കും” എന്നും
ദൂതന്മാരിൽ ആരെപ്പറ്റിയെങ്കിലും എപ്പോഴെങ്കിലും ദൈവം പറഞ്ഞിട്ടുണ്ടോ? 6 കൂടാതെ, ആദ്യജാതനെ ഭൂമിയിലേക്ക് അയയ്ക്കുമ്പോൾ: “ദൈവത്തിന്‍റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നും താൻ പറഞ്ഞിരിക്കുന്നു. 7 എന്നാൽ ദൂതന്മാരെക്കുറിച്ച് ദൈവം പറയുന്നത്:
“അവൻ കാറ്റുകളെ തന്‍റെ ദൂതന്മാരും
അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആയി സൃഷ്ടിച്ചു” എന്നത്രേ.