Link to home pageLanguagesLink to all Bible versions on this site

എബ്രായർ
ഗ്രന്ഥകര്‍ത്താവ്
എഴുത്തുകാരൻ അജ്ഞാതനാണ് പല പണ്ഡിതരും പൗലോസാണ് എഴുത്തുകാരൻ എന്ന് അവകാശപ്പെടുന്നു. മറ്റൊരു പുസ്തകത്തിലും ഇല്ലാത്ത ക്രിസ്തുവിന്റെ മഹാപുരോഹിത ശുശ്രൂഷ അഹരോന്യ പൗരോഹിത്യത്തെക്കാൾ ശ്രേഷ്ട്തയുള്ളതെന്നും, പഴയനിയമത്തിന്റെയും പ്രവചനങ്ങളുടെയും നിവൃത്തിയാണ് ക്രിസ്തുവെന്നും വെളിപ്പെടുത്തുന്നു. ക്രിസ്തുവിനെ വിശ്വാസത്തിന്റെ ഉറവിടവും പൂര്‍ണ്ണത വരുത്തുന്നവനും ആയി അവതരിപ്പിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം. ക്രിസ്താബ്ദം 64-70.
എബ്രായ ലേഖനം യെരുശലേമില്‍ വച്ചാണ് എഴുതപ്പെട്ടത്. ഒരുപക്ഷേ യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം അല്ലെങ്കിൽ യെരുശലേമിന്റെ നാശത്തിന് മുമ്പ് എഴുതപ്പെട്ടു.
സ്വീകര്‍ത്താവ്
യഹൂദമതത്തിലേക്ക് മടങ്ങിപ്പോകുവാൻ ആഗ്രഹിക്കുന്ന യഹൂദ ക്രിസ്ത്യാനികളോട്. അതുപോലെ വിശ്വാസത്തോടെ അനുസരണം കാണിച്ച ഒരു കൂട്ടം പുരോഹിതന്മാരോടു കൂടിയാണ് ഈ പുസ്തക സംവാദിക്കുന്നത്.
ഉദ്ദേശം
യഹൂദരുടെ ദുരൂപദേശങ്ങൾ തിരസ്കരിച്ചു ക്രിസ്തുവിനെ ഉപദേശത്തിൽ നിലനിൽക്കുക, ക്രിസ്തുവിന്റെ ദൂതന്മാർക്കും, പുരോഹിതന്മാർക്കും പഴയനിയമ വിശുദ്ധന്മാർക്കും, മതത്തിനും മേലുള്ള പരമാധികാരത്തെ വെളിപ്പെടുത്തുക. കുരിശുമരണം പ്രാപിച്ച് മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിലൂടെ തന്നിൽ വിശ്വസിക്കുന്നവർക്ക് ക്രിസ്തു നിത്യജീവൻ ഉറപ്പുനൽകുന്നു. പാപത്തിന് വേണ്ടിയുള്ള ക്രിസ്തുവിന്റെ യാഗം പൂർണ്ണതയുള്ളതാണ്. വിശ്വാസം ദൈവത്തെ പ്രസാദിപ്പിക്കുന്നതായതിനാല്‍ അനുസരണത്തിലൂടെ വിശ്വാസം പ്രകടിപ്പിക്കപ്പെടുന്നു.
പ്രമേയം
പരമാധികാരം
സംക്ഷേപം
1. യേശുക്രിസ്തു ദൂതന്മാരെക്കാള്‍ ഉന്നതൻ. — 1:1-2:18
2. ന്യായപ്രമാണത്തെക്കാളും ഉടമ്പടികളെക്കാളും ഉന്നതൻ. — 3:1-10:18
3. വിശ്വസ്തരാകുന്നതിനും പരിശോധനയിൽ നിലനിൽക്കുവാനും ഉള്ള ആഹ്വാനം. — 10:19-12:29
4. മഹാപുരോഹിതന്റെ ശുശ്രൂഷ. — 8:1-10:18
5. സമാപന പ്രബോധനങ്ങൾ വന്ദനവും. — 13:1-25

1
ക്രിസ്തുവിലുള്ള ദൈവിക വെളിപാട്
1 ആദികാലങ്ങളിൽ ദൈവം മുന്‍ തലമുറകളിലുള്ള പിതാക്കന്മാരോട് പ്രവാചകന്മാർ മുഖാന്തരം വിവിധ വിധങ്ങളിലൂടെ സംസാരിച്ചിട്ടുണ്ട്. 2 ഈ കാലത്താകട്ടെ, ദൈവം തന്റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചിരിക്കുന്നു. ആ പുത്രനെ ദൈവം സകലത്തിനും അവകാശിയാക്കി വെയ്ക്കുകയും, അവൻ മുഖാന്തരം ലോകത്തെ സൃഷ്ടിക്കുകയും ചെയ്തു. 3 തന്റെ പുത്രൻ, പിതാവായ ദൈവത്തിന്റെ തേജസ്സിന്റെ പ്രതിഫലനവും, ദൈവത്തിന്‍റെ സത്തയുടെ പ്രതിബിംബവും, സകലത്തേയും തന്‍റെ ശക്തിയുള്ള വചനത്താൽ സംരക്ഷിക്കുന്നവനും ആകുന്നു. അവൻ മനുഷ്യരെ അവരുടെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിച്ച ശേഷം ഉയരത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. 4 പുത്രന്‍ ദൈവദൂതന്മാരേക്കാൾ അത്യുന്നതനായിരിക്കുന്നു, താൻ അവകാശമാക്കിയ നാമം ദൂതന്മാരുടെ നാമത്തേക്കാൾ എത്രയോ ശ്രേഷ്ഠമായിരിക്കുന്നു. 5 “നീ എന്റെ പുത്രൻ; ഞാൻ ഇന്ന് നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരെപ്പറ്റിയെങ്കിലും എപ്പോഴെങ്കിലും ദൈവം പറഞ്ഞിട്ടുണ്ടോ? 6 കൂടാതെ, ആദ്യജാതനെ ഭൂമിയിലേക്ക് അയയ്ക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നും താൻ പറഞ്ഞിരിക്കുന്നു. 7 എന്നാൽ ദൂതന്മാരെക്കുറിച്ച് ദൈവം പറയുന്നത്: “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആയി സൃഷ്ടിച്ചു” എന്നത്രേ. 8 പിതാവായ ദൈവം പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്; നിന്റെ ആധിപത്യത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോൽ, 9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ അധികമായി നിന്നെ ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു” എന്നും 10 “കർത്താവേ, നീ ആദികാലത്ത് ഭൂമിക്കു അടിസ്ഥാനം ഇട്ട്, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. 11 അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; 12 ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ മാറ്റമില്ലാതെ നിലനിൽക്കുന്നവൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. 13 “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്ക് പീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും എപ്പോഴെങ്കിലും കല്പിച്ചിട്ടുണ്ടോ? 14 എന്നെ നമസ്കരിക്കുവാനും, രക്ഷ അവകാശമാക്കുവാനുള്ളവരുടെ സംരക്ഷണത്തിനായി അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ, ദൂതന്മാർ?

എബ്രായർ 2 ->