Link to home pageLanguagesLink to all Bible versions on this site

1 അനന്തരം ദൈവം യാക്കോബിനോട്: “എഴുന്നേറ്റ് ബേഥേലിൽ ചെന്നു അവിടെ പാർക്കുക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്ന് നീ ഓടിപ്പോകുമ്പോൾ നിനക്ക് പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക” എന്നു കല്പിച്ചു. 2 അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: “നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ. 3 നാം പുറപ്പെട്ടു ബേഥേലിലേക്കു പോകുക; എന്റെ കഷ്ടകാലത്ത് എന്റെ പ്രാർത്ഥന കേൾക്കുകയും ഞാൻ പോയ വഴിയിൽ എന്നോട് കൂടെയിരിക്കുകയും ചെയ്ത ദൈവത്തിന് ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും” എന്നു പറഞ്ഞു. 4 അങ്ങനെ അവർ അവരുടെ കൈവശമുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ ആഭരണങ്ങളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു. 5 പിന്നെ അവർ യാത്ര പുറപ്പെട്ടു; അവരുടെ ചുറ്റും ഉണ്ടായിരുന്ന പട്ടണങ്ങളിലെ ജനങ്ങളുടെമേൽ ദൈവത്തിന്റെ വലിയ ഭീതി വീണതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല. 6 യാക്കോബും കൂടെയുള്ള ജനങ്ങളും കനാൻദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി. 7 അവിടെ അവൻ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പിൽനിന്ന് ഓടിപ്പോകുമ്പോൾ അവന് അവിടെവച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ട് അവൻ ആ സ്ഥലത്തിന് ഏൽ-ബേഥേൽ[a] എന്നു പേർവിളിച്ചു. 8 റിബെക്കയുടെ പോറ്റമ്മയായ ദെബോരാ മരിച്ചു, അവളെ ബേഥേലിനു താഴെ ഒരു കരുവേലകത്തിൻ കീഴിൽ സംസ്കരിച്ചു; അതിന് അല്ലോൻ-ബാഖൂത്ത്[b]എന്നു പേരിട്ടു.

9 യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം ദൈവം അവനു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു. 10 ദൈവം അവനോട്: “നിന്റെ പേര് യാക്കോബ് എന്നല്ലോ; ഇനി നിനക്ക് യാക്കോബ് എന്നല്ല യിസ്രായേൽ എന്നുതന്നെ പേരാകണം” എന്നു കല്പിച്ച് അവന് യിസ്രായേൽ എന്നു പേരിട്ടു. 11 ദൈവം പിന്നെയും അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജനതയും ജനതകളുടെ കൂട്ടവും നിന്നിൽനിന്ന് ഉത്ഭവിക്കും; രാജാക്കന്മാരും നിന്നിൽനിന്നു പുറപ്പെടും. 12 ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്തദേശം നിനക്ക് തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും” എന്ന് അരുളിച്ചെയ്തു. 13 അവനോട് സംസാരിച്ച സ്ഥലത്തുനിന്ന് ദൈവം അവനെ വിട്ടു കയറിപ്പോയി. 14 അവിടുന്ന് തന്നോട് സംസാരിച്ച സ്ഥലത്ത് യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ച് എണ്ണയും പകർന്നു. 15 ദൈവം തന്നോട് സംസാരിച്ച സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു. 16 അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു; എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിന വേദനയുണ്ടായി. 17 അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമ്മിണി[c] അവളോട്: “ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും” എന്നു പറഞ്ഞു. 18 എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവനു ബെനോനീ[d] എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവന് ബെന്യാമീൻ[e] എന്നു പേരിട്ടു. 19 റാഹേൽ മരിച്ചിട്ട് അവളെ ബേത്ത്-ലേഹേം എന്ന എഫ്രാത്തിനു പോകുന്ന വഴിയിൽ അടക്കം ചെയ്തു. 20 അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അത് റാഹേലിന്റെ കല്ലറത്തൂൺ എന്ന പേരിൽ ഇന്നുവരെയും നില്ക്കുന്നു. 21 പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു. 22 യിസ്രായേൽ ആ ദേശത്തു താമസിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ[f] ബിൽഹായോടുകൂടെ ശയിച്ചു; യിസ്രായേൽ അതുകേട്ടു.

23 യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ട് പേരായിരുന്നു. ലേയായുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ. 24 റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും. 25 റാഹേലിന്റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ: ദാനും നഫ്താലിയും. 26 ലേയായുടെ ദാസിയായ സില്പായുടെ പുത്രന്മാർ ഗാദും ആശേരും. ഇവർ യാക്കോബിനു പദ്ദൻ-അരാമിൽവച്ചു ജനിച്ച പുത്രന്മാർ. 27 പിന്നെ യാക്കോബ് കിര്യത്ത്-അർബ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും വസിച്ചിരുന്ന ഹെബ്രോൻ ഇതുതന്നെ. 28 യിസ്ഹാക്കിന്റെ ആയുസ്സ് നൂറ്റെൺപതു വർഷമായിരുന്നു. 29 യിസ്ഹാക്ക് വളരെ പ്രായംചെന്നവനും കാലസമ്പൂർണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ സംസ്കരിച്ചു.

<- ഉല്‍പത്തി 34ഉല്‍പത്തി 36 ->