Link to home pageLanguagesLink to all Bible versions on this site

1 അതിനുശേഷം പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചയുടെ കാലത്ത് എസ്രാ ബാബേലിൽനിന്ന് വന്നു. അവൻ സെരായാവിന്റെ മകൻ; സെരായാവ് അസര്യാവിന്റെ മകൻ; അസര്യാവ് ഹില്ക്കീയാവിന്റെ മകൻ; 2 ഹിൽക്കീയാവ് ശല്ലൂമിന്റെ മകൻ; ശല്ലൂം സാദോക്കിന്റെ മകൻ; സാദോക്ക് അഹീത്തൂബിന്റെ മകൻ; 3 അഹീത്തൂബ് അമര്യാവിന്റെ മകൻ; അമര്യാവ് അസര്യാവിന്റെ മകൻ; അസര്യാവ് മെരായോത്തിന്റെ മകൻ; 4 മെരായൊത്ത് സെരഹ്യാവിന്റെ മകൻ; സെരഹ്യാവ് ഉസ്സിയുടെ മകൻ; 5 ഉസ്സി ബുക്കിയുടെ മകൻ; ബുക്കി അബീശൂവയുടെ മകൻ; അബീശൂവ ഫീനെഹാസിന്റെ മകൻ; ഫീനെഹാസ് എലെയാസാരിന്റെ മകൻ; എലെയാസർ മഹാപുരോഹിതനായ അഹരോന്റെ മകൻ. 6 എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ഒരു ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന് അനുകൂലമായിരിക്കുകയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും നല്കി. 7 യിസ്രായേൽമക്കളിലും, പുരോഹിതന്മാരിലും, ലേവ്യരിലും സംഗീതക്കാരിലും, വാതിൽകാവല്ക്കാരിലും, ദൈവാലയദാസന്മാരിലും ചിലർ അർത്ഥഹ്ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു. 8 അവൻ യെരൂശലേമിൽ വന്നത് അഞ്ചാം മാസമായിരുന്നു; അത് രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ടായിരുന്നു. 9 ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽനിന്ന് യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്ക് അനുകൂലമായിരുന്നതുകൊണ്ട് അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി. 10 യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും, അത് അനുസരിച്ച് നടപ്പാനും, യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിക്കുവാനും എസ്രാ മനസ്സുവെച്ചിരുന്നു.

11 യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളിൽ വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്, അർത്ഥഹ്ശഷ്ടാരാജാവ് കൊടുത്ത എഴുത്തിന്റെ പകർപ്പ്: 12 “രാജാധിരാജാവായ അർത്ഥഹ്ശഷ്ടാവ് സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രീയായ എസ്രാപുരോഹിതന് എഴുതുന്നത്: “സമാധാനം ഉണ്ടാകട്ടെ” 13 നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും, പുരോഹിതന്മാരിലും, ലേവ്യരിലും, യെരൂശലേമിലേക്ക് പോകുവാൻ മനസ്സുള്ളവരെല്ലാവരും നിന്നോടുകൂടെ പോകുന്നതിന് ഞാൻ കല്പന കൊടുത്തിരിക്കുന്നു. 14 നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും തന്റെ ഏഴ് മന്ത്രിമാരും നിന്നെ അയക്കുന്നു 15 നീ പോകുമ്പോൾ, യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന് ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും, 16 ബാബേൽ സംസ്ഥാനത്തു നിന്ന് നിനക്ക് ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം, യെരൂശലേമിൽ തങ്ങളുടെ ദൈവത്തിന്റെ ആലയം വകെക്ക് ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുകയും ചെയ്യണം. 17 ആകയാൽ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ട് കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവയ്ക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും വാങ്ങി, യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അർപ്പിക്കണം. 18 ശേഷിച്ച വെള്ളിയും പൊന്നുംകൊണ്ട് നിനക്കും നിന്റെ സഹോദരന്മാർക്കും ഉചിതമെന്നു തോന്നുന്ന രീതിയിൽ, നിങ്ങളുടെ ദൈവത്തിനു പ്രസാദമായത് ചെയ്തുകൊള്ളുവിൻ. 19 നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കായിട്ട് നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളെല്ലാം നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഏല്പിക്കണം. 20 നിന്റെ ദൈവത്തിന്റെ ആലയത്തിന് കൂടുതലായി വേണ്ടി വരുന്നത് എല്ലാം നീ രാജാവിന്റെ ഭണ്ഡാരത്തിൽനിന്ന് കൊടുത്തുകൊള്ളേണം. 21 അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകല ഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ ആവശ്യപ്പെടുന്നതനുസരിച്ച് ഏകദേശം 3,400 കിലോഗ്രാം*ഏകദേശം 3,400 കിലോഗ്രാം നൂറ് താലന്ത് വെള്ളി, ഏകദേശം 1,000 കിലോഗ്രാം ഗോതമ്പ്ഏകദേശം 1,000 കിലോഗ്രാം ഗോതമ്പ് നൂറു കോര്‍ ഗോതമ്പ്, 2,000 ലിറ്റര്‍ വീഞ്ഞ്2,000 ലിറ്റര്‍ വീഞ്ഞ് നൂറ് ബത്ത് വീഞ്ഞ്, 2,000 ലിറ്റര്‍ എണ്ണ §2,000 ലിറ്റര്‍ എണ്ണ നൂറ് ബത്ത് എണ്ണ 22 ആവശ്യത്തിന് ഉപ്പ് എന്നിവ കൃത്യമായി കൊടുക്കാൻ ശ്രദ്ധിക്കേണം. 23 രാജാവിന്റെയും തന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേൽ ക്രോധം വരാതിരിക്കേണ്ടതിന് സ്വർഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം ദൈവാലയത്തിന് വേണ്ടതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു. 24 പുരോഹിതന്മാർ, ലേവ്യർ, സംഗീതക്കാർ, വാതിൽകാവല്ക്കാർ, ദൈവാലയദാസന്മാർ എന്നിവർക്കും ദൈവത്തിന്റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന ആർക്കും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നത് വിഹിതമല്ല എന്നും നാം നിങ്ങൾക്ക് അറിവ് തരുന്നു. 25 നീയോ എസ്രയേ, നിനക്ക് നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാർക്കുന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവർക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന് അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; ന്യായപ്രമാണം അറിയാത്തവർക്കോ, നിങ്ങൾ അവയെ ഉപദേശിച്ചുകൊടുക്കേണം. 26 എന്നാൽ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ നിയമവും അനുസരിക്കാത്ത ഏവനെയും കർശനമായി വിസ്തരിച്ച് മരണമോ, നാടുകടത്തലോ, സ്വത്ത് കണ്ടുകെട്ടലോ, തടവോ അവന് കല്പിക്കേണ്ടതാകുന്നു.

27 യെരൂശലേമിലെ യഹോവയുടെ ആലയം അലങ്കരിക്കേണ്ടതിന്*അലങ്കരിക്കേണ്ടതിന് മഹത്ത്വീകരിക്കേണ്ടതിന് ഇങ്ങനെ രാജാവിന് തോന്നിക്കുകയും രാജാവിന്റെയും തന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകലപ്രഭുക്കന്മാരുടെയും ദയ എനിക്ക് ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. 28 ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്ക് അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ട് എന്നോടുകൂടെ പോരേണ്ടതിന് യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.

<- എസ്രാ 6എസ്രാ 8 ->