Link to home pageLanguagesLink to all Bible versions on this site

1 പ്രവാസികളുടെ തലമുറ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് മന്ദിരം പണിയുന്നു എന്ന് യെഹൂദയുടെയും, ബെന്യാമീന്റെയും വൈരികൾ കേട്ടപ്പോൾ 2 അവർ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽവന്ന് അവരോട് “ഞങ്ങളും നിങ്ങളോട് ചേർന്ന് പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെപ്പോലെ ഞങ്ങളും അന്വേഷിക്കുകയും, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർ രാജാവായ ഏസെർ-ഹദ്ദോന്റെ നാൾമുതൽ ആ ദൈവത്തിന് ഞങ്ങൾ യാഗം കഴിക്കുകയും ചെയ്തുപോരുന്നു” എന്ന് പറഞ്ഞു. 3 അതിന് സെരുബ്ബാബേലും, യേശുവയും ശേഷം യിസ്രായേൽപിതൃഭവനത്തലവന്മാരും അവരോട് “ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതിൽ നിങ്ങൾക്ക് ഞങ്ങളുമായി കാര്യമൊന്നുമില്ല; പാർസിരാജാവായ കോരെശ്‌രാജാവ് ഞങ്ങളോട് കല്പിച്ചത് പോലെ ഞങ്ങൾ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പണിതുകൊള്ളാം” എന്ന് പറഞ്ഞു. 4 അപ്പോൾ ദേശനിവാസികൾ യെഹൂദാ ജനത്തിന് ധൈര്യക്ഷയം വരുത്തി; പണിയാതിരിക്കേണ്ടതിന് അവരെ ഭയപ്പെടുത്തി. 5 അവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്, അവർ പാർസിരാജാവായ കോരെശിന്റെ കാലം മുതൽ പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചവരെയും, അവർക്ക് വിരോധമായി കാര്യസ്ഥന്മാരെ കൂലി കൊടുത്ത് നിയോഗിച്ചു. 6 അഹശ്വേരോശിന്റെ കാലത്ത്, അവന്റെ വാഴ്ചയുടെ ആരംഭത്തിൽ, അവർ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികൾക്ക് വിരോധമായി ഒരു പരാതി എഴുതി നൽകി.

7 അർത്ഥഹ്ശഷ്ടാവിന്റെ കാലത്തും, ബിശ്ലാമും, മിത്രെദാത്തും, താബെയേലും, ശേഷം അവരുടെ കൂട്ടുകാരും പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന് ഒരു പത്രിക അരാമ്യാക്ഷരത്തിൽ, അരാമ്യഭാഷയിൽ തന്നേ എഴുതി അയച്ചു*അരാമ്യാക്ഷരത്തിൽ, അരാമ്യഭാഷയിൽ തന്നേ എഴുതി അയച്ചു എസ്രാ 4:8 - 6:18 വരെ അരാമ്യഭാഷയിലാണ് എഴുതിയിരിക്കുന്നത്. 8 സൈന്യാധിപനായ രെഹൂമും എഴുത്തുകാരനായ ശിംശായിയും യെരൂശലേമിന് വിരോധമായി അർത്ഥഹ്ശഷ്ടാരാജാവിന് ഇപ്രകാരം എഴുതി അയച്ചു. 9 സൈന്യാധിപൻ രെഹൂമും എഴുത്തുകാരൻ ശിംശായിയും അവരോട് ചേർന്ന്, കൂട്ടുകാരായ ദീന്യർ, അഫർസത്യർ, തർപ്പേല്യർ, അഫർസ്യർ, അർക്കവ്യർ, ബാബേല്യർ, ശൂശന്യർ, ദേഹാവ്യർ, ഏലാമ്യർ എന്നിവരുടെ പ്രതിനിധികളും 10 മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാർ പിടിച്ച് കൊണ്ടുവന്ന് ശമര്യാപട്ടണങ്ങളിലും നദിക്ക് ഇക്കരെ മറ്റു ദിക്കുകളിലും പാർപ്പിച്ചിരിക്കുന്ന ശേഷം ജാതികളും ഇത് എഴുതി. 11 അവർ അർത്ഥഹ്ശഷ്ടാരാജാവിന് അയച്ച പത്രികയുടെ പകർപ്പ് ഇപ്രകാരമാണ്:നദിക്ക് ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാർ ഇപ്രകാരം രാജാവിനെ അറിയിക്കുന്നു: 12 “തിരുമുമ്പിൽനിന്ന് പുറപ്പെട്ട് യെരൂശലേമിൽ ഞങ്ങളുടെ അടുക്കൽ വന്നിരിക്കുന്ന യെഹൂദന്മാർ, മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു. 13 പട്ടണം പണിത് മതിലുകൾ കെട്ടിത്തീർന്നാൽ അവർ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവിൽ അവർ രാജാവിന്റെ ഖജനാവിന് നഷ്ടം വരുത്തും എന്ന് രാജാവ് അറിഞ്ഞിരിക്കേണം. 14 എന്നാൽ ഞങ്ങൾ കൊട്ടാരത്തിൽ നിന്ന് സഹായം ലഭിച്ചവരായതുകൊണ്ട്, രാജാവിനുണ്ടാകുന്ന അപമാനം കാണുന്നത് ഉചിതമല്ലായ്കയാൽ, ഞങ്ങൾ ആളയച്ച് രാജാവിനെ ഇത് ബോധിപ്പിച്ചുകൊള്ളുന്നു. 15 അങ്ങയുടെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകം പരിശോധിച്ചാൽ ഈ പട്ടണം മത്സരവും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും, അതിൽ പണ്ടുമുതലേ രാജ്യദ്രോഹത്തിന് പ്രേരണ നൽകുന്ന കലാപകാരികൾ ഉള്ളതുകൊണ്ട് ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും മനസ്സിലാക്കാൻ ഇടയാകും. 16 ഈ പട്ടണം പണിത് അതിന്റെ മതില്‍പണി പൂർത്തിയായാൽ, അങ്ങേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണർത്തിച്ചുകൊള്ളുന്നു. 17 അതിന് രാജാവ് സൈന്യാധിപനായ രെഹൂമിന്നും, എഴുത്തുകാരനായ ശിംശായിക്കും, ശമര്യാനിവാസികളായ അവരുടെ കൂട്ടുകാർക്കും, നദിക്ക് അക്കരെയുള്ള ശേഷമുള്ളവർക്കും മറുപടി അയച്ചത് എന്തെന്നാൽ “നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ; 18 നിങ്ങൾ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു. 19 നാം കല്പന കൊടുത്തിട്ട് അവർ ശോധന ചെയ്തു നോക്കിയപ്പോൾ ആ പട്ടണം പണ്ടുമുതലേ രാജാക്കന്മാരോട് എതിർത്ത് നില്ക്കുന്നത് എന്നും അതിൽ മത്സരവും രാജ്യദ്രോഹവും നിലനിന്നിരുന്നു എന്നും 20 യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നതായും, അവർ നദിക്ക് അക്കരെയുള്ള നാടൊക്കെയും വാണ് കരവും നികുതിയും ചുങ്കവും ഈടാക്കിയിരുന്നതായും കണ്ടിരിക്കുന്നു. 21 ആകയാൽ നാം മറ്റൊരു കല്പന അയക്കുന്നതുവരെ, അവർ പട്ടണം പണി നിർത്തിവെക്കേണ്ടതിന് ആജ്ഞാപിപ്പിൻ. 22 ഇക്കാര്യത്തിൽ ഉപേക്ഷ വരാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം; രാജാക്കന്മാർക്ക് നഷ്ടവും നാശവും വർദ്ധിപ്പിക്കുന്നതെന്തിന്? 23 അർത്ഥഹ്ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പ് രെഹൂമും എഴുത്തുകാരനായ ശിംശായിയും അവരുടെ കൂട്ടുകാരും വായിച്ച് കേട്ടപ്പോൾ, അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ വേഗത്തിൽ ചെന്ന് ബലപ്രയോഗത്താൽ അവരുടെ പണി മുടക്കി. 24 അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി, പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ മുടങ്ങിക്കിടന്നു.

<- എസ്രാ 3എസ്രാ 5 ->