Link to home pageLanguagesLink to all Bible versions on this site
42
1 അനന്തരം ആ മനുഷ്യന്‍ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്ക് കൊണ്ടുപോയി; മുറ്റത്തിനു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിനെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്ക് എന്നെ കൊണ്ടുചെന്നു. 2 അതിന്റെ മുൻഭാഗത്തിന് നൂറുമുഴം നീളവും, വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പത് മുഴം. 3 അകത്തെ പ്രാകാരത്തിനുള്ള ഇരുപതു മുഴത്തിനെതിരെയും പുറത്തെ പ്രാകാരത്തിനുള്ള കല്ത്തളത്തിനെതിരെയും മൂന്നു നിലയായി നടപ്പുരയ്ക്കു നേരെ നടപ്പുര ഉണ്ടായിരുന്നു. 4 മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തുമുഴം വീതിയും നൂറുമുഴം നീളവുമുള്ള ഒരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു. 5 കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും മദ്ധ്യത്തേതിൽനിന്നും എടുത്തതിനെക്കാൾ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽനിന്ന് നടപ്പുരകൾക്ക് എടുത്തിരുന്നതിനാൽ അവ നീളം കുറഞ്ഞവ ആയിരുന്നു. 6 അവ മൂന്നു നിലയായിരുന്നു; എന്നാൽ അവയ്ക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലാതിരുന്നതിനാൽ, താഴത്തേതിനെക്കാളും മദ്ധ്യത്തേതിനെക്കാളും മുകളിലത്തേതിന്റെ തറയുടെ വിസ്താരം കുറവായിരുന്നു. 7 പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുൻവശത്തെ മതിലിന്റെ നീളം അമ്പത് മുഴം ആയിരുന്നു. 8 പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പത് മുഴമായിരുന്നു; എന്നാൽ മന്ദിരത്തിനെതിരെയുള്ള നീളം നൂറുമുഴമായിരുന്നു; 9 പുറത്തെ പ്രാകാരത്തിൽനിന്ന് ഇവയിലേക്കു കടന്നാൽ കിഴക്കോട്ട് ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു. 10 കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ ഘനത്തിനൊത്ത് മുറ്റത്തിനും കെട്ടിടത്തിനുമെതിരായി മണ്ഡപങ്ങൾ ഉണ്ടായിരുന്നു. 11 അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയ്ക്ക് തുല്യമായ നീളവും വീതിയും ഉണ്ടായിരുന്നു; അവയുടെ അകത്തേക്കും പുറത്തേക്കുമുള്ള വഴികളും മറ്റു സംവിധാനങ്ങളും ഒരുപോലെ തന്നെ. 12 തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ മുൻഭാഗത്ത് ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ, കിഴക്കോട്ടുള്ള മതിലിനു നേരെ മുമ്പിലുള്ള വഴിയുടെ മുമ്പിൽ പ്രവേശിക്കാം. 13 പിന്നെ അവൻ എന്നോട് കല്പിച്ചത്: “മുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോട് അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കൾ ഭക്ഷിക്കുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു*വിശുദ്ധമണ്ഡപങ്ങളാകുന്നു പുരോഹിതന്റെ സ്വകാര്യ മുറി; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കണം. ആ സ്ഥലം വിശുദ്ധമാണല്ലോ. 14 പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്ന് പുറത്തെ പ്രാകാരത്തിലേക്കു കടക്കാതെ വേണം അതിൽ പ്രവേശിക്കുവാൻ; ശുശ്രൂഷയ്ക്കുള്ള അവരുടെ വസ്ത്രം അവർ അവിടെ വച്ചേക്കണം; അവ വിശുദ്ധമാണല്ലോ; വേറെ വസ്ത്രം ധരിച്ച ശേഷം മാത്രമേ അവർ ജനത്തിനുള്ള സ്ഥലത്ത് പോകാവു. 15 അവൻ അകത്തെ ആലയം അളന്നു തീർന്നശേഷം, കിഴക്കോട്ടു ദർശനമുള്ള വാതില്ക്കൽകൂടി എന്നെ കൊണ്ട് ചെന്ന് അവിടം ചുറ്റും അളന്നു. 16 അവൻ കിഴക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറ് മുഴം. 17 അവൻ വടക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറ് മുഴം. 18 അവൻ തെക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറ് മുഴം. 19 അവൻ പടിഞ്ഞാറോട്ടു തിരിഞ്ഞ് ദണ്ഡുകൊണ്ട് അളന്നു; അഞ്ഞൂറ് മുഴം. 20 ഇങ്ങനെ അവൻ നാലുവശവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേർതിരിക്കുവാൻ തക്കവണ്ണം അഞ്ഞൂറ് മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതിൽ അതിന് ചുറ്റും ഉണ്ടായിരുന്നു.

<- യെഹെസ്കേൽ 41യെഹെസ്കേൽ 43 ->