16 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ: 17 “മനുഷ്യപുത്രാ, യിസ്രായേൽഗൃഹം അവരുടെ ദേശത്തു വസിച്ചിരുന്നപ്പോൾ, അവർ അതിനെ അവരുടെ നടപ്പുകൊണ്ടും പ്രവൃത്തികൾകൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പ് ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു. 18 അവർ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ അവരുടെ വിഗ്രഹങ്ങൾകൊണ്ടു മലിനമാക്കിയതുനിമിത്തവും ഞാൻ എന്റെ ക്രോധം അവരുടെ മേൽ പകർന്നു. 19 ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിന്നിച്ചു; അവർ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിനും പ്രവൃത്തികൾക്കും തക്കവിധം ഞാൻ അവരെ ന്യായംവിധിച്ചു. 20 ജനതകളുടെ ഇടയിൽ അവർ എത്തുന്നയിടത്തെല്ലാം അവരെക്കുറിച്ച്: ‘ഇവർ യഹോവയുടെ ജനം, അവിടുത്തെ ദേശം വിട്ടുപോകേണ്ടിവന്നവർ’ എന്ന് പറയുവാൻ ഇടയാക്കിയതിനാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി. 21 എങ്കിലും യിസ്രായേൽഗൃഹം ചെന്നുചേർന്ന ജനതകളുടെ ഇടയിൽ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ച് എനിക്ക് ഹൃദയഭാരം ഉണ്ടായി 22 അതുകൊണ്ട് നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങൾ ചെന്നുചേർന്ന ജനതകളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധനാമംനിമിത്തം അത്രേ ഞാൻ അങ്ങനെ ചെയ്യുന്നത്. 23 ജനതകളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായിത്തീർന്നിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജനതകളുടെ മുൻപിൽ ഞാൻ എന്നെത്തന്നെ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 24 ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന് കൂട്ടിവരുത്തി, സകലദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ച്, സ്വന്തദേശത്തേക്കു കൊണ്ടുവരും. 25 ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായി തീരും; ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും. 26 ഞാൻ നിങ്ങൾക്ക് പുതിയ ഒരു ഹൃദയം തരും; പുതിയ ഒരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്ക് തരും. 27 ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും. 28 ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുത്ത ദേശത്ത് നിങ്ങൾ വസിക്കും; നിങ്ങൾ എനിക്ക് ജനമായും ഞാൻ നിങ്ങൾക്ക് ദൈവമായും ഇരിക്കും. 29 ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി അതിനെ വർദ്ധിപ്പിക്കും. 30 നിങ്ങൾ ഇനി ഒരിക്കലും ജനതകളുടെ ഇടയിൽ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതെയിരിക്കേണ്ടതിന് ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വർദ്ധിപ്പിക്കും. 31 അപ്പോൾ നിങ്ങൾ നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്ടപ്രവൃത്തികളെയും ഓർത്ത്, നിങ്ങളുടെ അകൃത്യങ്ങളും മ്ലേച്ഛതകളും നിമിത്തം നിങ്ങൾക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും. 32 ‘നിങ്ങളുടെ നിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നത്’ എന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു; യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിക്കുവിൻ. 33 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ അകൃത്യങ്ങളെല്ലാം നീക്കി നിങ്ങളെ നിർമ്മലീകരിക്കുന്ന നാളിൽ ഞാൻ നിങ്ങളുടെ പട്ടണങ്ങൾ ജനവാസമുള്ളതാക്കും; ശൂന്യസ്ഥലങ്ങളെയും പണിയും. 34 അതിലെ വഴിപോകുന്ന എല്ലാവരുടെയും കാഴ്ചക്ക് ശൂന്യമായിക്കിടന്നിരുന്ന പ്രദേശത്ത് കൃഷി നടക്കും. 35 ‘ശൂന്യമായിക്കിടന്നിരുന്ന ദേശം ഏദെൻതോട്ടം പോലെയായിത്തീർന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീർന്നുവല്ലോ’ എന്ന് അവർ പറയും. 36 ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാൻ പണിത്, ശൂന്യപ്രദേശത്ത് കൃഷി ചെയ്യുമെന്ന് നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജനതകൾ അന്ന് അറിയും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവർത്തിക്കുകയും ചെയ്യും”. 37 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ഗൃഹത്തിന്റെ അപേക്ഷ കേട്ട്, ഞാൻ ഒന്നുകൂടി ചെയ്യും: ഞാൻ അവർക്ക് ആളുകളെ ആട്ടിൻകൂട്ടത്തെപ്പോലെ വർദ്ധിപ്പിച്ചുകൊടുക്കും. 38 ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങൾ വിശുദ്ധമായ ആട്ടിൻകൂട്ടംപോലെ, ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിൻകൂട്ടംപോലെ തന്നെ, മനുഷ്യരാകുന്ന ആട്ടിൻകൂട്ടം കൊണ്ട് നിറയും; ഞാൻ യഹോവ എന്ന് അവർ അറിയും”.
<- യെഹെസ്കേൽ 35യെഹെസ്കേൽ 37 ->