17 പന്ത്രണ്ടാം ആണ്ട്, അതേ മാസം, പതിനഞ്ചാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 18 “മനുഷ്യപുത്രാ, നീ ഈജിപ്റ്റിലെ ജനസമൂഹത്തെക്കുറിച്ചു വിലപിച്ച്, അതിനെയും പ്രസിദ്ധമായ ജനതകളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക. 19 സൗന്ദര്യത്തിൽ നീ ആരെക്കാൾ മെച്ചപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്ന് അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക. 20 വാളാൽ കൊല്ലപ്പെട്ടവരുടെ നടുവിൽ അവർ വീഴും; വാൾ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിൻ. 21 വീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായികളോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്ന് അവനോട് സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവർ ഇറങ്ങിച്ചെന്ന് അവിടെ കിടക്കുന്നു. 22 അവിടെ അശ്ശൂരും അതിന്റെ സർവ്വസമൂഹവും ഉണ്ട്; അവന്റെ ശവക്കുഴികൾ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണവർ തന്നെ. 23 അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ ഏറ്റവും അടിയിൽ സ്ഥിതിചെയ്യുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ, അവരെല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണിരിക്കുന്നു. 24 അവിടെ ഏലാമും അതിന്റെ സകലപുരുഷാരവും അതിന്റെ ശവക്കുഴിയുടെ ചുറ്റും ഉണ്ട്; അവർ എല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണ്, അഗ്രചർമ്മികളായി, ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തി; ഇപ്പോൾ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു. 25 കൊല്ലപ്പെട്ടവരുടെ മദ്ധ്യേ അവർ അതിനും അതിന്റെ സകലപുരുഷാരത്തിനും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരെല്ലാവരും അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരാകുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തിയിരിക്കുകയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; കൊല്ലപ്പെട്ടവരുടെ മദ്ധ്യത്തിൽ അത് കിടക്കുന്നു. 26 അവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ട്; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും സ്ഥിതിചെയ്യുന്നു; അവർ ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തിയിരിക്കുകയാൽ അവരെല്ലാം അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടിരിക്കുന്നു. 27 അവർ ജീവനുള്ളവരുടെ ദേശത്ത് വീരന്മാർക്കു ഭീതി ആയിരുന്നതുകൊണ്ട്, അവരുടെ അകൃത്യങ്ങൾ അസ്ഥികളിന്മേൽ ചുമന്നും, അവരുടെ വാളുകൾ തലയ്ക്കു കീഴിൽ വച്ചുംകൊണ്ട്, അഗ്രചർമ്മികളിൽ പട്ടുപോയ വീരന്മാരായി യുദ്ധായുധങ്ങളോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ? 28 നീയോ, അഗ്രചർമ്മികളുടെ കൂട്ടത്തിൽ തകർന്നുപോകുകയും വാളാൽ കൊല്ലപ്പെട്ടവരോടുകൂടെ കിടക്കുകയും ചെയ്യും. 29 അവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ട്; അവർ അവരുടെ വല്ലഭത്വത്തിൽ വാളാൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചർമ്മികളോടും, കുഴിയിൽ ഇറങ്ങുന്നവരോടും കൂടി കിടക്കുന്നു. 30 അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും കൊല്ലപ്പെട്ടവരോടുകൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ട്; അവർ അവരുടെ ആധിപത്യം മൂലം പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവർ അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരോടുകൂടെ കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുകയും ചെയ്യുന്നു. 31 അവരെ ഫറവോൻ കണ്ട് തന്റെ സകലപുരുഷാരത്തെയും കുറിച്ച് ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാൽ കൊല്ലപ്പെട്ടവരായിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 32 “ഞാനല്ലയോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയത്; ഫറവോനും അവന്റെ പുരുഷാരമെല്ലാം വാളാൽ കൊല്ലപ്പെട്ടവരോടുകൂടി അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
<- യെഹെസ്കേൽ 31യെഹെസ്കേൽ 33 ->