3 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്‍റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജനതകളെ നിന്‍റെനേരെ പുറപ്പെട്ടുവരുമാറാക്കും. 4 അവർ സോരിന്‍റെ മതിലുകൾ നശിപ്പിച്ച്, അതിന്‍റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്‍റെ പൊടി അടിച്ചുവാരിക്കളഞ്ഞ് അതിനെ വെറും പാറയാക്കും. 5 അത് സമുദ്രത്തിന്‍റെ നടുവിൽ വലവിരിക്കുന്നതിനുള്ള സ്ഥലമായിത്തീരും; ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്; “അത് ജനതകൾക്കു കവർച്ചയായിത്തീരും. 6 നാട്ടിൻപുറത്തുള്ള അതിന്‍റെ പുത്രിമാർ വാളാൽ കൊല്ലപ്പെടും; ഞാൻ യഹോവ എന്നു അവർ അറിയും.”
7 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വടക്കുനിന്ന് രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടി സോരിനുനേരെ വരുത്തും. 8 അവൻ നാട്ടിൻപുറത്തുള്ള നിന്‍റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; അവൻ നിന്‍റെനേരെ ഉപരോധമതിലുകൾ പണിത്, മൺകൂനകൾ ഉയർത്തും, പരിചകള്‍കൊണ്ട് മറ ഉയര്‍ത്തും. 9 അവൻ നിന്‍റെ മതിലുകളുടെ നേരെ യന്ത്രമുട്ടികൾ വച്ചു കോടാലികൊണ്ടു നിന്‍റെ ഗോപുരങ്ങൾ തകർത്തുകളയും. 10 അവന്‍റെ കുതിരകളുടെ പെരുപ്പംകൊണ്ട് ഉയരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്ക് കടക്കുന്നതുപോലെ അവൻ നിന്‍റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ട് നിന്‍റെ മതിലുകൾ കുലുങ്ങിപ്പോകും. 11 തന്‍റെ കുതിരകളുടെ കുളമ്പുകൊണ്ട് അവൻ നിന്‍റെ സകലവീഥികളെയും മെതിച്ചുകളയും; നിന്‍റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്‍റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും.
12 അവർ നിന്‍റെ സമ്പത്ത് കവർന്ന് നിന്‍റെ ചരക്കു കൊള്ളയിട്ട് നിന്‍റെ മതിലുകൾ ഇടിച്ച് നിന്‍റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്‍റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും. 13 നിന്‍റെ സംഗീതഘോഷം ഞാൻ ഇല്ലാതെയാക്കും; നിന്‍റെ വീണകളുടെ നാദം ഇനി കേൾക്കുകയുമില്ല. 14 ഞാൻ നിന്നെ വെറും പാറയാക്കും; നീ വലവിരിക്കുവാനുള്ള സ്ഥലമായിത്തീരും; നിന്നെ ഇനി പണിയുകയില്ല; യഹോവയായ ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
15 യഹോവയായ കർത്താവ് സോരിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിഹതന്മാർ ഞരങ്ങുമ്പോഴും നിന്‍റെ മദ്ധ്യത്തിൽ സംഹാരം നടക്കുമ്പോഴും നിന്‍റെ വീഴ്ചയുടെ ശബ്ദത്താൽ ദ്വീപുകൾ നടുങ്ങിപ്പോകുകയില്ലയോ? 16 അപ്പോൾ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികൾ നീക്കി വിചിത്രവസ്ത്രങ്ങൾ അഴിച്ചുവയ്ക്കും; അവർ വിറയൽപൂണ്ട് നിലത്തിരുന്ന് നിമിഷംതോറും വിറച്ചുകൊണ്ട് നിന്നെക്കുറിച്ച് സ്തംഭിച്ചുപോകും. 17 അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ച് പറയും:
Languages