Link to home pageLanguagesLink to all Bible versions on this site

1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2 “മനുഷ്യപുത്രാ, നീ ന്യായംവിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ? എന്നാൽ നീ അതിന്റെ സകലമ്ലേച്ഛതകളും അതിനോട് അറിയിച്ചു പറയേണ്ടത്: 3 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ കാലം വരുവാൻ തക്കവണ്ണം നിന്റെ നടുവിൽ രക്തം ചൊരിഞ്ഞ് നിന്നെത്തന്നെ മലിനമാക്കേണ്ടതിന് വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ! 4 നീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരിയായിത്തീർന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നെ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകൾ നിനക്ക് വന്നെത്തിയിരിക്കുന്നു; അതുകൊണ്ട് ഞാൻ നിന്നെ ജനതകൾക്കു നിന്ദയും സകലദേശങ്ങൾക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു. 5 നിനക്ക് സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവർ ദുഷ്കീർത്തിയും ക്ഷോഭവും ഉള്ള നിന്നെ പരിഹസിക്കും. 6 യിസ്രായേൽ പ്രഭുക്കന്മാർ ഓരോരുത്തനും അവനാൽ കഴിയുന്നിടത്തോളം രക്തം ചൊരിയുവാനത്രേ നിന്നിൽ വസിക്കുന്നത്. 7 നിന്റെ നടുവിൽ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവച്ച് അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു. 8 എന്റെ വിശുദ്ധവസ്തുക്കളെ നീ ധിക്കരിച്ച് എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു. 9 രക്തം ചൊരിയേണ്ടതിന് ഏഷണി പറയുന്നവർ നിന്നിൽ ഉണ്ട്; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവർ നിന്നിൽ ഉണ്ട്; നിന്റെ മദ്ധ്യേ അവർ ദുഷ്കർമ്മം പ്രവർത്തിക്കുന്നു. 10 നിന്നിൽ അവർ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവച്ച് അവർ ഋതുമാലിന്യത്തിൽ ഇരിക്കുന്നവളെ വഷളാക്കുന്നു. 11 ഒരുത്തൻ തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ലേച്ഛത പ്രവർത്തിക്കുന്നു; മറ്റൊരുത്തൻ തന്റെ മരുമകളെ ദുഷ്ടത പ്രവർത്തിച്ച് മലിനയാക്കുന്നു; വേറൊരുത്തൻ നിന്നിൽവച്ച് തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു. 12 രക്തം ചൊരിയേണ്ടതിന് അവർ നിന്നിൽ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 13 “നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ച് ഞാൻ കൈകൊട്ടും: 14 ഞാൻ നിന്നോട് കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നില്‍ക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ?” യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു; “ഞാൻ നിവർത്തിക്കുകയും ചെയ്യും. 15 ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചിന്നിച്ച് രാജ്യങ്ങളിൽ ചിതറിച്ച് നിന്റെ മലിനത നിന്നിൽനിന്നു നീക്കും. 16 ജനതകൾ കാൺകെ നീ നിന്നിൽത്തന്നെ മലിനയായിത്തീരും; ഞാൻ യഹോവ എന്ന് നീ അറിയും”.

17 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ: 18 മനുഷ്യപുത്രാ, യിസ്രായേൽഗൃഹം എനിക്ക് ലോഹമാലിന്യമായിത്തീർന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവിൽ താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവർ വെള്ളിയുടെ മാലിന്യമായിത്തീർന്നിരിക്കുന്നു;” 19 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എല്ലാവരും ലോഹമാലിന്യമായിത്തീർന്നിരിക്കുകകൊണ്ട് ഞാൻ നിങ്ങളെ യെരൂശലേമിന്റെ നടുവിൽ കൂട്ടും. 20 വെള്ളിയും താമ്രവും ഇരിമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവിൽ ഇട്ട് ഊതി ഉരുക്കുന്നതുപോലെ, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും. 21 ഞാൻ നിങ്ങളെ കൂട്ടി എന്റെ ക്രോധാഗ്നിയെ നിങ്ങളുടെമേൽ ഊതും; അങ്ങനെ നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും. 22 ഉലയുടെ നടുവിൽ വെള്ളി ഉരുകിപ്പോകുന്നതു പോലെ, നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും; യഹോവയായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ പകർന്നിരിക്കുന്നു എന്ന് നിങ്ങൾ അറിയും”.

23 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 24 “മനുഷ്യപുത്രാ, നീ അതിനോട് പറയേണ്ടത്: ക്രോധദിവസത്തിൽ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും. 25 അതിന്റെ നടുവിൽ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ട്; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവർ മനുഷ്യരെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളും വിലയേറിയ വസ്തുക്കളും അപഹരിച്ചുകൊണ്ട് അവർ അതിന്റെ നടുവിൽ വിധവമാരെ വർദ്ധിപ്പിക്കുന്നു. 26 അതിലെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു; എന്റെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുന്നു; അവർ ശുദ്ധവും അശുദ്ധവും തമ്മിൽ വേർതിരിക്കുന്നില്ല; മലിനവും നിർമ്മലവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാൻ അവരുടെ മദ്ധ്യത്തിൽ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണ് മറച്ചുകളയുന്നു. 27 അതിന്റെ നടുവിലെ പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന് ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിയുവാനും മനുഷ്യരെ നശിപ്പിക്കുവാനും നോക്കുന്നു. 28 അതിലെ പ്രവാചകന്മാർ വ്യാജം ദർശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു’ എന്ന് പറഞ്ഞുംകൊണ്ട് അവർക്കുവേണ്ടി വെള്ള പൂശുന്നു. 29 ദേശത്തിലെ ജനം പീഢനം ചെയ്യുകയും പിടിച്ചുപറിക്കുകയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കുകയും പരദേശിയെ അന്യായമായി പീഡിപ്പിക്കുകയും ചെയ്യുന്നു. 30 ഞാൻ ദേശത്തെ നശിപ്പിക്കാത്തവിധം അതിന് മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നില്ക്കേണ്ടതിന് ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും. 31 ആകയാൽ ഞാൻ എന്റെ ക്രോധം അവരുടെ മേൽ പകർന്ന് എന്റെ കോപാഗ്നികൊണ്ട് അവരെ നശിപ്പിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിനു തക്കവിധം ഞാൻ അവർക്ക് പകരം കൊടുത്തിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

<- യെഹെസ്കേൽ 21യെഹെസ്കേൽ 23 ->