12 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 13 “മനുഷ്യപുത്രാ ഒരു ദേശം എന്നോട് ദ്രോഹിച്ച് പാപം ചെയ്യുമ്പോൾ ഞാൻ അതിന്റെ നേരെ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ച്, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽ നിന്നു ഛേദിച്ചുകളയും. 14 നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ അവരുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കുകയുള്ളു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 15 ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ ഭയന്ന് ആരും വഴിപോകാത്തവിധം അവ അതിനെ നിർജ്ജനമാക്കിയിട്ട് അത് ശൂന്യമാകുകയും ചെയ്താൽ, 16 ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും എന്നാണ, അവർക്ക് പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കുവാൻ സാധിക്കാതെ അവർ മാത്രമേ രക്ഷപ്പെടുകയുള്ളു; ദേശമോ ശൂന്യമായിപ്പോകുമെന്ന്” യഹോവയായ കർത്താവിന്റെ അരുളപ്പാട്. 17 അല്ലെങ്കിൽ ഞാൻ ആ ദേശത്ത് വാൾ വരുത്തി ‘വാളേ, നീ ദേശത്തുകൂടി കടക്കുക’ എന്നു കല്പിച്ച് മനുഷ്യരെയും മൃഗങ്ങളെയും 18 അതിൽനിന്ന് ഛേദിച്ചുകളഞ്ഞാൽ ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർക്ക് പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കുവാൻ സാധിക്കാതെ, അവർ മാത്രമേ രക്ഷപ്പെടുകയുള്ളു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 19 അല്ലെങ്കിൽ ഞാൻ ആ ദേശത്ത് മഹാമാരി അയച്ച്, അതിൽനിന്ന് മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയുവാൻ തക്കവിധം എന്റെ ക്രോധം രക്തരൂപേണ അതിന്മേൽ പകർന്നാൽ 20 നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ അവരുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കുകയുള്ളു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 21 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യെരൂശലേമിൽ നിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന് വാൾ, ക്ഷാമം, ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനർത്ഥകരമായ ന്യായവിധികൾ നാലും കൂടി അയച്ചാലോ? 22 എന്നാൽ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതിൽ ശേഷിച്ചിരിക്കും; അവർ പുറപ്പെട്ട് നിങ്ങളുടെ അടുക്കൽ വരും; നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കണ്ട്, ഞാൻ യെരൂശലേമിനു വരുത്തിയ അനർത്ഥവും അതിന് വരുത്തിയ സകലവും ചൊല്ലി ആശ്വാസം പ്രാപിക്കും. 23 നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോൾ നിങ്ങൾക്ക് ആശ്വാസമായിരിക്കും; ഞാൻ അതിൽ ചെയ്തിരിക്കുന്നതെല്ലാം വെറുതെയല്ല ചെയ്തത് എന്ന് നിങ്ങൾ അറിയും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
<- യെഹെസ്കേൽ 13യെഹെസ്കേൽ 15 ->