Link to home pageLanguagesLink to all Bible versions on this site

1 അതിനുശേഷം യഹോവ മോശെയോട് അരുളിച്ചെയ്തതു: 2 “ഒന്നാം മാസം ഒന്നാം തീയതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിർക്കണം. 3 സാക്ഷ്യപെട്ടകം അതിൽ വച്ച് തിരശ്ശീലകൊണ്ട് പെട്ടകം മറയ്ക്കണം. 4 മേശ കൊണ്ടുവന്ന് അതിന്റെ സാധനങ്ങൾ ക്രമത്തിൽ വെക്കണം. നിലവിളക്ക് കൊണ്ടുവന്ന് അതിന്റെ ദീപം കൊളുത്തണം. 5 ധൂപത്തിനുള്ള പൊൻപീഠം സാക്ഷ്യപെട്ടകത്തിന് മുമ്പിൽവച്ച് തിരുനിവാസ വാതിലിന്റെ മറശ്ശീല തൂക്കിയിടണം. 6 സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന് മുമ്പിൽ ഹോമയാഗപീഠം വെക്കണം. 7 സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ തൊട്ടി വച്ച് അതിൽ വെള്ളം ഒഴിക്കണം. 8 ചുറ്റും പ്രാകാരം നിവിർത്ത് പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കിയിടണം. 9 അഭിഷേകതൈലം എടുത്ത് തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്ത് അതും അതിന്റെ ഉപകരണങ്ങളൊക്കെയും ശുദ്ധീകരിക്കണം; അത് വിശുദ്ധമായിരിക്കണം. 10 ഹോമയാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും അഭിഷേകം ചെയ്ത് യാഗപീഠം ശുദ്ധീകരിക്കണം; യാഗപീഠം അതിവിശുദ്ധമായിരിക്കണം. 11 തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം. 12 അഹരോനെയും പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ട് കഴുകണം. 13 അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ച്, എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവനെ അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം. 14 അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ച്, 15 എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യണം; അവരുടെ അഭിഷേകം ഹേതുവായി അവർക്ക് തലമുറതലമുറയോളം നിത്യപൌരോഹിത്യം ഉണ്ടായിരിക്കണം”. 16 മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോട് കല്പിച്ചതുപോലെ എല്ലാം അവൻ ചെയ്തു.

17 ഇങ്ങനെ രണ്ടാം വർഷം ഒന്നാം മാസം ഒന്നാം തീയതി തിരുനിവാസം നിവർത്തി. 18 മോശെ തിരുനിവാസം നിവർക്കുകയും അതിന്റെ ചുവട് ഉറപ്പിക്കുകയും പലക നിർത്തുകയും അന്താഴം ചെലുത്തുകയും തൂൺ നാട്ടുകയും ചെയ്തു. 19 അവൻ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ചു. അതിന് മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ. 20 അവൻ സാക്ഷ്യം എടുത്ത് പെട്ടകത്തിൽ വച്ചു; പെട്ടകത്തിന് തണ്ടുകൾ ഇട്ടു. പെട്ടകത്തിന് മീതെ കൃപാസനം വച്ചു. 21 പെട്ടകം തിരുനിവാസത്തിൽ കൊണ്ടുവന്നു. മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു. 22 സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്ത് തിരശ്ശീലയ്ക്ക് പുറത്തായി മേശവച്ചു. 23 അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു. 24 സമാഗമനകൂടാരത്തിൽ മേശയ്ക്ക് നേരെ തിരുനിവാസത്തിന്റെ തെക്കുവശത്ത് നിലവിളക്ക് വയ്ക്കുകയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു; 25 യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു. 26 സമാഗമനകൂടാരത്തിൽ തിരശ്ശീലയുടെ മുൻവശത്ത് പൊന്നുകൊണ്ടുള്ള ധൂപപീഠം വയ്ക്കുകയും അതിന്മേൽ സുഗന്ധധൂപവർഗ്ഗം പുകയ്ക്കുകയും ചെയ്തു; 27 യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു. 28 അവൻ തിരുനിവാസത്തിന്റെ വാതിലിനുള്ള മറശ്ശീല തൂക്കിയിട്ടു. 29 ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന് മുൻവശത്ത് വയ്ക്കുകയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുകയും ചെയ്തു. യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു. 30 സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ അവൻ തൊട്ടിവക്കുകയും കഴുകേണ്ടതിന് അതിൽ വെള്ളം ഒഴിക്കുകയും ചെയ്തു. 31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി. 32 അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു. 33 അവൻ തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റം പ്രാകാരം നിർമ്മിച്ചു; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കിയിട്ടു. ഇങ്ങനെ മോശെയുടെ പ്രവൃത്തി സമാപിച്ചു.

34 അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു. 35 മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കുകയും യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറയ്ക്കുകയും ചെയ്തതുകൊണ്ട് മോശെയ്ക്ക് അകത്ത് കടക്കുവാൻ കഴിഞ്ഞില്ല. 36 മേഘം തിരുനിവാസത്തിന്മേൽനിന്ന് ഉയരുമ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടും. 37 മേഘം ഉയരാതിരുന്നാൽ അത് ഉയരുന്നതുവരെ അവർ യാത്ര പുറപ്പെടാതിരിക്കും. 38 യിസ്രായേല്യരുടെ സകലയാത്രകളിലും അവരെല്ലാവരും കാൺകെ പകൽ സമയത്ത് തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അതിൽ അഗ്നിയും ഉണ്ടായിരുന്നു.

<- പുറപ്പാട് 39