4 അങ്ങനെ മോശെ ആദ്യത്തേതുപോലെ രണ്ടു കല്പലകകൾ ചെത്തി, അതികാലത്ത് എഴുന്നേറ്റ് യഹോവ തന്നോട് കല്പിച്ചതുപോലെ സീനായി പർവ്വതത്തിൽ കയറി; കല്പലകകൾ രണ്ടും കയ്യിൽ എടുത്തുകൊണ്ടു പോയി. 5 അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്‍റെ അടുക്കൽനിന്ന് യഹോവയുടെ നാമത്തെ ഘോഷിച്ചു. 6 യഹോവ അവന്‍റെ മുമ്പാകെ വന്ന് ഘോഷിച്ചത്: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. 7 ആയിരങ്ങളോടു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.”
8 അപ്പോൾ മോശെ ബദ്ധപ്പെട്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു: 9 “കർത്താവേ, അങ്ങേക്ക് എന്നോട് കൃപയുണ്ടെങ്കിൽ കർത്താവ് ഞങ്ങളുടെ മദ്ധ്യത്തിൽ നടക്കേണമേ. ഇത് ദുശ്ശാഠ്യമുള്ള[a] ജനം ആണെങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ച് ഞങ്ങളെ അങ്ങേയുടെ അവകാശമാക്കേണമേ” എന്നു പറഞ്ഞു.
10 അതിന് യഹോവ അരുളിച്ചെയ്തത്: “ഞാൻ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജനതയിലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങൾ നിന്‍റെ സർവ്വജനത്തിനും മുമ്പിൽ ഞാൻ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനം ഒക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാൻ നിന്നോട് ചെയ്യുവാൻ പോകുന്നത് ഭയങ്കരമായ ഒരു കാര്യമാണ്. 11 ഇന്ന് ഞാൻ നിന്നോട് കല്പിക്കുന്നത് സൂക്ഷിച്ചുകൊള്ളുക; അമോര്യൻ, കനാന്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. 12 നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോട് നീ ഒരു ഉടമ്പടി ചെയ്യാതിരിക്കുവാൻ കരുതിക്കൊള്ളുക; അല്ലെങ്കിൽ അത് നിന്‍റെ മദ്ധ്യത്തിൽ ഒരു കെണിയായിരിക്കും. 13 നിങ്ങൾ അവരുടെ ബലിപീഠങ്ങൾ ഇടിച്ച് വിഗ്രഹങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയണം. 14 അന്യദൈവത്തെ നമസ്കരിക്കരുത്; യഹോവയുടെ നാമം [b]തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നെ. 15 ആ ദേശത്തിലെ നിവാസികളോട് ഉടമ്പടി ചെയ്യരുത്. അവരുടെ ദേവന്മാരോട് അവർ പരസംഗം ചെയ്തു, അവരുടെ ദേവന്മാർക്ക് ബലി കഴിക്കുമ്പോൾ നിന്നെ വിളിക്കുകയും നീ ചെന്നു അവരുടെ ബലികൾ തിന്നുകയും അരുത്. 16 അവരുടെ പുത്രിമാരിൽനിന്ന് നിന്‍റെ പുത്രന്മാർക്ക് ഭാര്യമാരെ എടുക്കരുത്. അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോട് പരസംഗം ചെയ്യുമ്പോൾ നിന്‍റെ പുത്രന്മാരെക്കൊണ്ട് അവരുടെ ദേവന്മാരോട് പരസംഗം[c] ചെയ്യുവാൻ ഇടവരരുത്. 17 ദേവന്മാരെ വാർത്തുണ്ടാക്കരുത്. 18 പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം നീ ആചരിക്കേണം. ഞാൻ നിന്നോട് കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ആബീബ് മാസത്തിലാണല്ലോ നീ മിസ്രയീമിൽ നിന്ന് പുറപ്പെട്ടുപോന്നത്.
19 “ആദ്യം ജനിക്കുന്നതെല്ലാം നിന്‍റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തിൽ കടിഞ്ഞൂലായ ആൺ എല്ലാം എനിക്കുള്ളത് ആകുന്നു. 20 എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ട് വീണ്ടുകൊള്ളേണം. വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്‍റെ കഴുത്ത് ഒടിച്ചുകളയേണം. നിന്‍റെ പുത്രന്മാരിൽ ആദ്യജാതരെ എല്ലാം വീണ്ടുകൊള്ളേണം. വെറുംകൈയോടെ നിങ്ങൾ എന്‍റെ മുമ്പാകെ വരരുത്.
21 “ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കേണം; ഉഴവുകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കേണം.
22 “ഗോതമ്പുകൊയ്ത്തിലെ ആദ്യഫലം കൊണ്ടു വാരോത്സവവും ആണ്ടവസാനം കായ്കനിപ്പെരുനാളും നീ ആചരിക്കേണം. 23 വർഷത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാരെല്ലാവരും യിസ്രായേലിന്‍റെ ദൈവമായി യഹോവയായ കർത്താവിന്‍റെ മുമ്പാകെ വരേണം. 24 ഞാൻ ജനതകളെ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞ് നിന്‍റെ അതിർത്തികൾ വിശാലമാക്കും; നീ വർഷത്തിൽ മൂന്നു പ്രാവശ്യം നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്ക് കയറിപ്പോകുമ്പോൾ ഒരു മനുഷ്യനും നിന്‍റെ ദേശം മോഹിക്കുകയില്ല.
25 “എനിക്കുള്ള യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വച്ചേക്കരുത്. 26 നിന്‍റെ നിലത്തിലെ ആദ്യവിളവിൻ്റെ ആദ്യഫലം നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിൻകുട്ടിയെ അതിന്‍റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.“
27 യഹോവ പിന്നെയും മോശെയോട്: “ഈ വചനങ്ങൾ എഴുതിക്കൊള്ളുക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു” എന്നു അരുളിച്ചെയ്തു. 28 അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പത് പകലും നാല്പത് രാവും യഹോവയോടുകൂടി ആയിരുന്നു; യഹോവ പത്തു കല്പനയായ നിയമത്തിന്‍റെ വചനങ്ങൾ പലകയിൽ എഴുതിക്കൊടുത്തു.
Languages