1 അതിനുശേഷം അഹശ്വേരോശ് രാജാവ് ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാന് സ്ഥാനക്കയറ്റവും ഉന്നതപദവിയും കൊടുത്ത്, അവന് തന്നോടുകൂടെ ഇരിക്കുന്ന സകലപ്രഭുക്കന്മാരെക്കാളും ഉയർന്ന സ്ഥാനം ലഭിച്ചു. 2 രാജാവിന്റെ വാതില്‍ക്കലെ രാജഭൃത്യന്മാർ ഒക്കെയും ഹാമാനെ കുമ്പിട്ട് നമസ്കരിച്ചു; രാജാവ് അവനെ സംബന്ധിച്ച് അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊർദെഖായി അവനെ കുമ്പിട്ടില്ല, നമസ്കരിച്ചതുമില്ല. 3 അപ്പോൾ രാജാവിന്റെ വാതില്‍ക്കലെ രാജഭൃത്യന്മാർ മൊർദെഖായിയോട് “നീ രാജകല്പന ലംഘിക്കുന്നത് എന്ത് എന്ന് ചോദിച്ചു. 4 അവർ ഇങ്ങനെ ദിവസംപ്രതി മൊർദെഖായിയോട് പറഞ്ഞിട്ടും അവൻ അവരുടെ വാക്ക് കേൾക്കാതിരുന്നതിനാൽ മൊർദെഖായിയുടെ പെരുമാറ്റം ഇതുപോലെ തുടരുമോ എന്ന് അറിയേണ്ടതിന് അവർ അത് ഹാമാനോട് അറിയിച്ചു; താൻ യെഹൂദൻ എന്ന് മൊർദെഖായി അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു. 5 മൊർദെഖായി തന്നെ കുമ്പിട്ട് നമസ്കരിക്കുന്നില്ലെന്ന് കണ്ടിട്ട് ഹാമാൻ കോപംകൊണ്ട് നിറഞ്ഞു. 6 എന്നാൽ മൊർദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നത് അവന് പുച്ഛമായി തോന്നി; മൊർദെഖായിയുടെ ജാതി ഏതെന്ന് അവന് അറിവ് കിട്ടീട്ടുണ്ടായിരുന്നു; അതുകൊണ്ട് അഹശ്വേരോശിന്റെ രാജ്യത്തെല്ലാടവും ഉള്ള, മൊർദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന് ഹാമാൻ അവസരം അന്വേഷിച്ചു. 7 അഹശ്വേരോശ്‌രാജാവിന്റെ വാഴ്ചയുടെ പന്ത്രണ്ടാം വർഷത്തിൽ നീസാൻ*നീസാൻ മാര്‍ച്ച് മദ്ധ്യം മുതല്‍ ഏപ്രില്‍ മദ്ധ്യം വരെ മാസമായ ഒന്നാം മാസംമുതൽ ആദാർ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഓരോ ദിവസത്തെയും ഓരോ മാസത്തെയും കുറിച്ച് ഹാമാന്റെ മുമ്പിൽവച്ച് പൂര്†പൂര് തന്റെ ഗൂഢാലോചന നിവര്‍ത്തിക്കുവാന്‍വേണ്ടിയുള്ള തക്ക ദിവസവും മാസവും കണ്ടുപിടിക്കുന്നതിനാണ് പൂര് എന്ന ചീട്ട് ഇട്ടത് എന്ന ചീട്ടിട്ടുനോക്കി. 8 പിന്നെ ഹാമാൻ അഹശ്വേരോശ്‌രാജാവിനോട്: “നിന്റെ രാജ്യത്തിലെ സംസ്ഥാനങ്ങളിലുള്ള ജാതികളുടെ ഇടയിൽ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങൾ മറ്റുള്ള ജാതികളുടേതിൽനിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു; അവർ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല; അതുകൊണ്ട് അവരെ അങ്ങനെ വിടുന്നത് രാജാവിന് യോഗ്യമല്ല. 9 രാജാവിന് സമ്മതമുണ്ടെങ്കിൽ അവരെ നശിപ്പിക്കേണ്ടതിന് സന്ദേശം എഴുതി അയക്കേണം; എന്നാൽ ഞാൻ കാര്യവിചാരകന്മാരുടെ കയ്യിൽ പതിനായിരം (10,000) താലന്ത് വെള്ളി രാജാവിന്റെ ഭണ്ഡാരത്തിലേക്ക് കൊടുത്തയയ്ക്കാം” എന്ന് പറഞ്ഞു. 10 അപ്പോൾ രാജാവ് തന്റെ മോതിരം കയ്യിൽനിന്ന് ഊരി ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന് കൊടുത്തു. 11 രാജാവ് ഹാമാനോട്: “ഞാൻ ആ വെള്ളിയും ആ ജാതിയെയും നിനക്ക് ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊൾക” എന്ന് പറഞ്ഞു. 12 അങ്ങനെ ഒന്നാം മാസം പതിമൂന്നാം തീയതി രാജാവിന്റെ എഴുത്തുകാരെ വിളിച്ചു; ഹാമാൻ കല്പിച്ചതുപോലെ അവർ രാജപ്രതിനിധികൾക്കും ഓരോ സംസ്ഥാനത്തിലെ ദേശാധിപധികൾക്കും, ജനത്തിന്റെ പ്രഭുക്കന്മാർക്കും ഓരോ സംസ്ഥാനത്തിലേക്ക് അവരുടെ അക്ഷരത്തിലും ഓരോ ജനത്തിനും അവരുടെ ഭാഷയിലും എഴുതി; അഹശ്വേരോശ്‌രാജാവിന്റെ നാമത്തിൽ അതെഴുതി രാജമോതിരംകൊണ്ട് മുദ്ര ഇട്ടു. 13 ആദാർ മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി, സകലയെഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂടെ നശിപ്പിച്ച് കൊന്നുമുടിക്കുകയും അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്ന് രാജാവിന്റെ സകലസംസ്ഥാനങ്ങളിലേക്കും സന്ദേശവാഹകർ വഴി എഴുത്ത് അയച്ചു. 14 അന്നത്തേക്ക് ഒരുങ്ങിയിരിക്കണമെന്ന് സകലജാതികൾക്കും പരസ്യം ചെയ്യേണ്ടതിന് കൊടുത്ത എഴുത്തിന്റെ പകർപ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി. 15 സന്ദേശവാഹകർ രാജകല്പന അനുസരിച്ച് ഉടനെ പുറപ്പെട്ടുപോയി; ശൂശൻ രാജധാനിയിലും ആ കല്പന പരസ്യം ചെയ്തു; രാജാവും ഹാമാനും മദ്യപിക്കുവാൻ ഇരുന്നു; ശൂശൻപട്ടണം അസ്വസ്ഥമായി.
<- എസ്ഥേർ 2എസ്ഥേർ 4 ->