7 നീ ചെന്നു സന്തോഷത്തോടുകൂടി അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്കുക; ദൈവം നിന്‍റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ. 8 നിന്‍റെ വസ്ത്രം എല്ലായ്‌പ്പോഴും വെള്ളയായിരിക്കട്ടെ; നിന്‍റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ. 9 സൂര്യനുകീഴിൽ അവൻ നിനക്കു നല്കിയിരിക്കുന്ന മായയായ ആയുഷ്കാലത്ത് നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടി നിന്‍റെ ആയുഷ്കാലമെല്ലാം സന്തോഷിച്ചുകൊൾക; അതല്ലയോ ഈ ആയുസ്സിൽ സൂര്യന്‍റെ കീഴിൽ നീ ചെയ്യുന്ന സകലപ്രയത്നത്തിലും നിനക്കുള്ള ഓഹരി. 10 നീ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ശക്തിയോടെ ചെയ്യുക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.
11 പിന്നെയും ഞാൻ സൂര്യനുകീഴിൽ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും ജയിക്കുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കെല്ലാം ആയുസ്സും അവസരങ്ങളും ആകുന്നു ലഭിക്കുന്നത്. 12 മനുഷ്യൻ തന്‍റെ കാലം അറിയുന്നില്ലല്ലോ; വലയിൽ പെട്ടുപോയ മത്സ്യങ്ങളെപ്പോലെയും കെണിയിൽ അകപ്പെട്ട പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്ന് വരുന്ന ദുഷ്കാലത്ത് കെണിയിൽ കുടുങ്ങിപ്പോകുന്നു.
13 ഞാൻ സൂര്യന് കീഴിൽ ഇങ്ങനെയും ജ്ഞാനം കണ്ടു; അതെനിക്ക് മഹത്തായി തോന്നി: 14 ചെറിയ ഒരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; ശക്തനായ ഒരു രാജാവ് അതിന്‍റെ നേരെ വന്ന്, അതിനെ ഉപരോധിച്ചു; അതിനെതിരെ വലിയ കൊത്തളങ്ങൾ പണിതു. 15 എന്നാൽ അവിടെ ദരിദ്രനായ ഒരു ജ്ഞാനി വസിച്ചിരുന്നു; അവൻ തന്‍റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർമ്മിച്ചില്ല. 16 “ജ്ഞാനം ശക്തിയേക്കാൾ നല്ലതു തന്നെ, എങ്കിലും സാധുവിന്‍റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്‍റെ വാക്ക് ആരും കൂട്ടാക്കുന്നതുമില്ല” എന്നു ഞാൻ പറഞ്ഞു.
17 മൂഢന്മാരെ ഭരിക്കുന്നവന്‍റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ ഉത്തമം. 18 യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലത്; എന്നാൽ കേവലം ഒരു പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.
<- സഭാപ്രസംഗി 8സഭാപ്രസംഗി 10 ->
Languages