Link to home pageLanguagesLink to all Bible versions on this site
11
കഠിനാധ്വാനത്തിൻ്റെ മൂല്യം
 
1 നിന്‍റെ ധാന്യം വെള്ളത്തിന്മേൽ അയക്കുക[a];
ഏറിയനാൾ കഴിഞ്ഞ് നിനക്കു അത് തിരികെ കിട്ടും;
2 ഒരു ഓഹരി ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊള്ളുക;
ഭൂമിയിൽ എന്ത് അനർത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.
3 മേഘം വെള്ളംകൊണ്ട് നിറയുമ്പോൾ
ഭൂമിയിൽ മഴപെയ്യും;
വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ
വീണിടത്തു തന്നെ കിടക്കും.
4 കാറ്റിനെക്കുറിച്ച് വിചാരപ്പെടുന്നവൻ വിതയ്ക്കുകയില്ല;
മേഘങ്ങളെ നോക്കുന്നവൻ കൊയ്യുകയുമില്ല.

5 കാറ്റിന്‍റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവായി വരുന്നത് എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്‍റെ പ്രവൃത്തികളെ നീ അറിയുന്നില്ല.

6 രാവിലെ നിന്‍റെ വിത്ത് വിതയ്ക്കുക; വൈകുന്നേരത്തും നിന്‍റെ കൈ അലസമായിരിക്കരുത്; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.

7 വെളിച്ചം മനോഹരവും സൂര്യനെ കാണുന്നത് കണ്ണിന് ആനന്ദപ്രദവും ആകുന്നു.

8 മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിൽ ഒക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ; വരുന്നതെല്ലാം മായ തന്നെ.

9 യൗവനക്കാരാ, നിന്‍റെ യൗവനത്തിൽ സന്തോഷിക്കുക; യൗവനകാലത്തിൽ നിന്‍റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും ബോധിച്ചവണ്ണവും നടന്നുകൊള്ളുക; എന്നാൽ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിയുക.

10 അതിനാൽ നിന്‍റെ ഹൃദയത്തിൽനിന്ന് വ്യസനം അകറ്റി, നിന്‍റെ ജഡത്തിൽനിന്ന് തിന്മ നീക്കിക്കളയുക; ബാല്യവും യൗവനവും മായ അത്രേ.

<- സഭാപ്രസംഗി 10സഭാപ്രസംഗി 12 ->